അതിതീവ്ര ചുഴലിക്കാറ്റായി 'മോഖ'; ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറെടുത്ത് ബംഗ്ലാദേശും മ്യാൻമറും

ആളുകളെ മാറ്റിപ്പാർപ്പിക്കാൻ രാജ്യം സജ്ജമായതായി ബംഗ്ലാദേശ് സർക്കാർ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷഹീൻ ഇമ്രാൻ പറഞ്ഞു

Update: 2023-05-12 16:08 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനാൽ അതീവജാഗ്രതയിലാണ് ബംഗ്ളാദേശും മ്യാൻമറും. തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യങ്ങൾ. ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതായി അധികൃതർ അറിയിച്ചു. 

ബംഗ്ലാദേശിലെ കോക്‌സ് ബസാറിനും മ്യാൻമറിലെ ക്യാവ്‌പ്യുവിനും ഇടയിൽ മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗ്ളാദേശിൽ 500,000 ആളുകളെ ശനിയാഴ്ച മുതൽ ഒഴിപ്പിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ രാജ്യം സജ്ജമായതായി ബംഗ്ലാദേശ് സർക്കാർ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷഹീൻ ഇമ്രാൻ പറഞ്ഞു.

“ചുഴലിക്കാറ്റ് തീവ്രമാണ്, ഇത് ബംഗ്ലാദേശിലെയും മ്യാൻമറിലെയും ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയും തീരദേശ സമൂഹങ്ങളെയും ബാധിക്കും"; ഷഹീൻ ഇമ്രാൻ വ്യക്തമാക്കി.2008 മെയ് മാസത്തിൽ, നർഗീസ് ചുഴലിക്കാറ്റ് മ്യാൻമറിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജനവാസ സ്ഥലങ്ങളെ പാടെ തകർത്താണ് കടന്നുപോയത്. അതിനാൽ തന്നെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് മുതൽ അതീവ ജാഗ്രതയിലാണ് രാജ്യം. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മ്യാൻമർ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവിധ പ്രദേശങ്ങളിലെ എമർജൻസി മാനേജ്‌മെന്റ്, പ്രതികരണം, പുനരധിവാസം, സഹകരണം, സന്നദ്ധത, പുനരധിവാസ പ്രക്രിയകൾ എന്നിവയ്ക്കുള്ള പരിശീലനം ജനങ്ങൾക്ക് നൽകുന്നതായി അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്ന മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ബന്ധപ്പെട്ട വകുപ്പുകളും സോഷ്യൽ റെസ്ക്യൂ ഗ്രൂപ്പുകളും ഒഴിപ്പിച്ച് വരികയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News