ജോർദാൻ-സിറിയ അതിർത്തിയിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു
യു.എസ് സൈനികർക്കെതിരായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
Update: 2024-01-28 17:20 GMT
ഗസ്സ: ജോർദാൻ-സിറിയ അതിർത്തിയിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു. 34 സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഗസ്സ യുദ്ധത്തിനിടെ മേഖലയിൽ ആദ്യമായാണ് യു.എസ് സൈനികർ കൊല്ലപ്പെടുന്നത്.
യു.എസ് സൈനികർക്കെതിരായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. ഇറാൻ പിന്തുണയുള്ള ഇറാഖിലേയും സിറിയയിലേയും സായുധ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബൈഡൻ ആരോപിച്ചു. സൈനികരുടെ കൊലയിൽ അമേരിക്കയുടെ ഹൃദയം മുറിപ്പെട്ടെന്നും ഉചിതസമയത്ത് കനത്ത തിരിച്ചടി ഉറപ്പാണെന്നും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചു.