വാക്സിൻ വിരുദ്ധവാദിയെ യുഎസ് ആരോഗ്യ സെക്രട്ടറിയായി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെയാണ് ആരോഗ്യ സെക്രട്ടറിയായി പ്രഖ്യാപിച്ചത്
വാഷിങ്ടൺ: റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ (എച്ച്എച്ച്എസ്) ചുമതല നൽകി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം.
റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി പ്രഖ്യാപിക്കുന്നതിൽ തനിക്ക് ആവേശമുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 'അമേരിക്കക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നത് ഏതൊരു ഭരണകൂടത്തിൻ്റെയും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്, ഹാനികരമായ രാസവസ്തുക്കൾ, മലിനീകരണം, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ അഡിറ്റീവുകൾ എന്നിവയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുന്നതിൽ എച്ച്എച്ച്എസ് ഒരു വലിയ പങ്ക് വഹിക്കുമെന്ന്' ഡൊണാൾഡ് ട്രംപ് എക്‌സിൽ കുറിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ വിരുദ്ധവാദിയാണ് റോബർട്ട് എഫ്. കെന്നഡി. വാക്സിനുകൾ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുമെന്നാണ് കെന്നഡിയുടെ പ്രധാന വാദം. വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമാണ് അദ്ദേഹം.
എച്ച്എച്ച്എസിലെ 80,000ത്തിലധികം ജീവനക്കാരുമായി പ്രവർത്തിച്ച്, അമേരിക്കക്കാരെ ഭൂമിയിലെ ഏറ്റവും ആരോഗ്യമുള്ള ആളുകളാക്കി മാറ്റാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് റോബർട്ട് എഫ്. കെന്നഡി പറഞ്ഞു.
ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായ റോബർട്ട് കെന്നഡി ജൂനിയർ പിന്നീട് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അനന്തരവനും മുൻ സെനറ്റർ റോബർട്ട് എഫ്. കെന്നഡിയുടെ മകനുമാണ് റോബർട്ട് കെന്നഡി ജൂനിയർ.