ഭാര്യക്കും മക്കള്‍ക്കുമൊപ്പം പറക്കാന്‍ യുകെയില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് ആലപ്പുഴക്കാരന്‍
ആര്‍.എസ്.പി നേതാവും മുന്‍ എം.എല്‍.എ പ്രൊഫ. എ.വി താമരാക്ഷന്‍റെയും ഡോ. സുഹൃദലതയുടെയും മകനാണ് അശോക്
ലണ്ടന്‍: ലോകം മുഴുവന്‍ മഹാമാരി പടര്‍ന്നുപിടിച്ച സമയമായിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ പല കണ്ടുപിടിത്തങ്ങളുടെയും കാലമായിരുന്നു. സമയമില്ലാത്തവര്‍ക്ക് സമയമുണ്ടായ കാലം. നമ്മള്‍ കേക്കുകളും മറ്റും ഉണ്ടാക്കി പാചകപരീക്ഷണം നടത്തിയപ്പോള്‍ അങ്ങ് യുകെയിലിരുന്നു ഒരു മലയാളി സ്വന്തമായി വിമാനം നിര്‍മിക്കുകയായിരുന്നു. ആലപ്പുഴക്കാരനായ അശോക് താമരാക്ഷനാണ് തനിക്കും കുടുംബത്തിനും പറക്കാന്‍ വിമാനമുണ്ടാക്കിയത്.
ആര്‍.എസ്.പി നേതാവും മുന്‍ എം.എല്‍.എ പ്രൊഫ. എ.വി താമരാക്ഷന്‍റെയും ഡോ. സുഹൃദലതയുടെയും മകനാണ് അശോക്. പാലക്കാട് എന്‍.എസ്.എസ് എന്‍ജിനിയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ അശോക് ഫോര്‍ഡ് കമ്പനിയിലെ ജീവനക്കാരനായി 2006ലാണ് യുകെയിലെത്തിയത്. ''കുട്ടിക്കാലം മുതല്‍ വിമാനങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. യുകെയില്‍ സ്ഥിര താമസമാക്കിയ ശേഷം ഒരു വിമാനം വാങ്ങുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. പൈലറ്റ് ലൈസന്‍സ് നേടിയ ശേഷം വിമാനങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങി. അപ്പോഴാണ് ഏകദേശം 5 മുതൽ 6 കോടി രൂപ വരെ ചെലവ് വരുമെന്ന് മനസിലായത്. തുടര്‍ന്ന് ഒരു വിമാനം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു'' അരുണ്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
യുകെയിലും മറ്റു രാജ്യങ്ങളിലും നിരവധി ആളുകള്‍ ചെറുവിമാനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. വിമാനം നിര്‍മിക്കാനുള്ള അനുബന്ധ സാമഗ്രികളും ഇവിടെ ലഭ്യമാണ്. വിമാനത്തിന്‍റെ ഭാഗങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നും എഞ്ചിൻ ഓസ്ട്രിയയിൽ നിന്നും ഏവിയോണിക്സ് ഉപകരണങ്ങൾ യുഎസിൽ നിന്നും വാങ്ങി. എസെക്സിലെ എന്‍റെ വീടിനടുത്ത് ഒരു വർക്ക്ഷോപ്പ് സ്ഥാപിച്ചു. 2020 ഏപ്രിലിൽ വിമാനത്തിനുള്ള ജോലികള്‍ തുടങ്ങി...അശോക് പറയുന്നു. കോവിഡ് മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് പിന്നീടുള്ള ജോലികള്‍ക്ക് സഹായകരമായി. ആദ്യം രണ്ടു സീറ്റുള്ള വിമാനമാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ നാല് സീറ്റ് വിമാനം തന്നെ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി തന്‍റെ ജോലികൾ നിരീക്ഷിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം മാത്രമാണ് നിർമാണത്തിന്‍റെ എല്ലാ ഘട്ടങ്ങളും നടത്തിയതെന്നും അശോക് പറഞ്ഞു. മൂന്ന് മാസത്തോളം വിമാനത്തിൽ തുടർച്ചയായി ഫ്ലൈയിംഗ് ടെസ്റ്റുകൾ നടത്തുകയും ഒടുവിൽ ഫെബ്രുവരിയിൽ ലൈസന്‍സ് ലഭിക്കുകയും ചെയ്തു. 1.8 കോടിയാണ് നിര്‍മാണ ചെലവ്. 1500 മണിക്കൂറുകളാണ് വിമാന നിര്‍മാണത്തിനായി ചെലവഴിച്ചത്. 950 കിലോഗ്രാം വഹിക്കാനുള്ള ശേഷിയുള്ള വിമാനത്തിന് 520 കിലോഗ്രാം ഭാരമുണ്ട്. ഒരു മണിക്കൂറിൽ 250 കിലോമീറ്റർ സഞ്ചരിക്കാം.
'ജിദിയ' എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. അശോകിന്‍റെ ഇളയ മകളുടെ പേരാണ് ദിയ. കഴിഞ്ഞ ഫെബ്രുവരി എഴിന് ഇരുപത് മിനിറ്റ് നീണ്ട് നിന്ന പറക്കല്‍ ലണ്ടനില്‍ നടത്തി വിജയം കണ്ടു. പിന്നീട് കുടുംബത്തിനൊപ്പം ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്വന്തം വിമാനത്തില്‍ പറന്നു.ഇതിനോടകം 86 മണിക്കൂര്‍ ജിദിയ പറന്നിട്ടുണ്ട്. അടുത്ത മാസം കൂടുതല്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് അശോക് പറഞ്ഞു. ഇന്‍ഡോര്‍ സ്വദേശിയായ ഭാര്യ അഭിലാഷ ദുബെ യുകെയില്‍ ഡാറ്റ അനലിസ്റ്റാണ്. താരയാണ് മറ്റൊരു മകള്‍.