ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 44,363 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Update: 2024-11-30 11:22 GMT
Advertising

ഗസ്സ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യുണൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി. വടക്കൻ ഗസ്സയിലെ സൈനിക നടപടി കഴിഞ്ഞ ഏഴ് ആഴ്ചക്കിടെ 130,000 പേരെ ഭവനരഹിതരാക്കിയെന്ന് യുഎൻ റിലീഫ് ഏജൻസി തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞു.

''പുരുഷൻമാരെ നഷ്ടപ്പെട്ടതിനെ തുടർന്ന് സ്ത്രീകൾ കുട്ടികളെയുമായി ഒറ്റക്ക് നടക്കാൻ നിർബന്ധിതരാവുകയാണ്. ഉപേക്ഷിക്കപ്പെട്ട വീടുകളിലോ തകർക്കപ്പെട്ട ക്ലിനിക്കുകളിലോ കടകളിലോ ആണ് ഇവർ അഭയം തേടുന്നത്. തുറസ്സായ സ്ഥലത്താണ് ചിലർ ഉറങ്ങുന്നത്. ലൈംഗികാതിക്രമവും രോഗബാധയും ഭയന്നാണ് ഇവർ കഴിയുന്നത്''-ലസാരിനി എക്‌സിൽ കുറിച്ചു.

ഗസ്സയിൽ 50,000 ഗർഭിണികളുണ്ട്, അടുത്ത മാസം 4,000 സ്ത്രീകൾ പ്രസവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗപ്രതിരോധ ശേഷി ദുർബലമായതോടെ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും മാലിന്യത്തിന്റെയും മലിനജലത്തിന്റെയും കൂമ്പാരങ്ങൾക്കിടയിൽ കഷ്ടപ്പെടുകയാണെന്നും ലസാരിനി പറഞ്ഞു.

ഗസ്സയിലെ സ്ത്രീകൾ നരകയാതനയാണ് അനുഭവിക്കുന്നത്. ആർത്തവകാല ശുചിത്വം ഗസ്സയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അഗ്നിപരീക്ഷയാവുകയാണ്. ആർത്തവമുള്ള ഏഴ് ലക്ഷത്തോളം സ്ത്രീകൾക്ക് സാനിറ്ററി പാഡുകളോ മറ്റു ശുചിത്വ സാമഗ്രികളോ ഇല്ല. ഇവയുടെ ലഭ്യത വൻ തോതിൽ കുറഞ്ഞതോടെ വിലയിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ബാർ സോപ്പിന്റെ വില 1,100 ശതമാനമാണ് വർധിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷക്കായി ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. ജീവൻരക്ഷാ ഉപകരണങ്ങളുടെയും ശുചിത്വ വസ്തുക്കളുടെയും ലഭ്യതക്ക് വെടിനിർത്തൽ അനിവാര്യമാണെന്നും ലസാരിനി പറഞ്ഞു.

ഗസ്സയിൽ ഇന്ന് മാത്രം 23 പേരാണ് കൊല്ലപ്പെട്ടത്. 17 പേർ ഗസ്സ നഗരത്തിലും ഒരാൾ ജബാലിയയിലും അഞ്ചുപേർ ഖാൻ യൂനിസിലുമാണ്. ഇതിൽ മൂന്നുപേർ സെൻട്രൽ കിച്ചണിലെ സഹായികളാണ്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 44,363 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 105,070 പേർക്ക് പരിക്കേറ്റു. ലബനാനിൽ 3,961 പേരാണ് കൊല്ലപ്പെട്ടത്. 16,520 പേർക്ക് പരിക്കേറ്റു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News