ജീവനോടോ, അല്ലാതെയോ; പുടിന്‍റെ തലയ്ക്ക് 10 ലക്ഷം ഡോളര്‍ വിലയിട്ട് റഷ്യന്‍ വ്യവസായി

അലക്സ് കൊനാനിഖിൻ എന്ന വ്യവസായിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രഖ്യാപനം നടത്തിയത്

Update: 2022-03-05 02:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ തലയ്ക്ക് ഒരു മില്യണ്‍ ഡോളര്‍ ($1,000,000) വിലയിട്ട് അമേരിക്കയിലുള്ള റഷ്യന്‍ വ്യവസായി. പ്രസിഡന്‍റിനെ 'യുദ്ധക്കുറ്റവാളി' ആയി അറസ്റ്റ് ചെയ്യാനും അദ്ദേഹം റഷ്യൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. അലക്സ് കൊനാനിഖിൻ എന്ന വ്യവസായിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രഖ്യാപനം നടത്തിയത്.



 ''റഷ്യൻ, അന്താരാഷ്‌ട്ര നിയമങ്ങൾ പ്രകാരം പുടിനെ യുദ്ധക്കുറ്റവാളിയായി അറസ്‌റ്റ് ചെയ്‌ത്, ഭരണഘടനാപരമായ ചുമതലകൾ പാലിക്കുന്ന ഉദ്യോഗസ്ഥർക്ക് $1,000,000 നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു'' കൊനാനിഖിൻ ഫേസ്ബുക്കില്‍ കുറിച്ചു. പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടതും യുക്രൈനെ സഹായിക്കേണ്ടതും തന്‍റെ ധാര്‍മിക കടമയാണെന്ന് അദ്ദേഹം കുറിച്ചു. പോസ്റ്റില്‍ പുടിന്‍റെ ചിത്രവും കൊടുത്തിട്ടുണ്ട്.



കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ പുട്ടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന് അലക്‌സ് പറയുന്നു. പുടിന്‍റെ ആക്രമണത്തെ ചെറുക്കാനുള്ള യുക്രൈനിന്‍റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ താന്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊനാനിഖിന്‍റെ വിവാദപോസ്റ്റ് പിന്നീട് ഫേസ്ബുക്ക് നീക്കം ചെയ്യുകയും ചെയ്തു. ജീവനോടെയോ, അല്ലാതെയോ എന്ന പോസ്റ്റര്‍ ഉള്‍പ്പെടുത്തിയതുകൊണ്ടായിരിക്കാം പോസ്റ്റ് നീക്കം ചെയ്തതെന്ന് കൊനാനിഖിൻ പറഞ്ഞു.



എന്നാല്‍ പിന്നീട് ലിങ്ക്ഡ്ഇൻ പോസ്റ്റില്‍ അദ്ദേഹം മലക്കംമറിയുകയും ചെയ്തു. ''പുടിനെ കൊലപ്പെടുത്തിയാല്‍ പണം നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്തതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത് ശരിയല്ല. അത്തരമൊരു ശ്രമം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കുമെങ്കിലും, പുടിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'' അലക്സ് കുറിച്ചു. റഷ്യൻ ആക്രമണത്തിനെതിരെയും പുടിനെതിരെയും നിലപാട് എടുക്കാൻ അദ്ദേഹം മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു.

റഷ്യന്‍ എക്‌സ്‌ചേഞ്ച് ബാങ്കില്‍ നിന്ന് 8 മില്യണ്‍ ഡോളര്‍ അപഹരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് 1996ല്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് അലക്സ്.യുഎസില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. റഷ്യന്‍ അധികാരികളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News