ഗസ്സയിലെ ഫലസ്തീനികളെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നിർബന്ധിതമായി കുടിയിറക്കാൻ പദ്ധതിയിട്ട് യുഎസും ഇസ്രായേലും: റിപ്പോർട്ട്
സുഡാൻ അധികൃതർ അമേരിക്കയുടെ പദ്ധതി നിരസിച്ചതായാണ് റിപ്പോർട്ടുകൾ


വാഷിംഗ്‌ടൺ: ഗസ്സയിലെ ഫലസ്തീനികളെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നിർബന്ധിതമായി കുടിയിറക്കാൻ അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗസ്സയിൽ നിന്ന് സുഡാനിലേക്കും സൊമാലിയയിലേക്കും സൊമാലിയലാൻഡിലേക്കും ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനാണ് പദ്ധതി. മൂന്ന് രാജ്യങ്ങളിലെയും സർക്കാരുകളുമായി യുഎസും ഇസ്രായേലും ഇക്കാര്യം ചർച്ച ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സുഡാൻ അധികൃതർ അമേരിക്കയുടെ പദ്ധതി നിരസിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ സൊമാലിയയുടെയും സൊമാലിയലാൻഡിന്റെയും പ്രതികരണത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ചർച്ചകൾ എത്രത്തോളം പുരോഗതി കൈവരിച്ചെന്നോ നീക്കങ്ങൾ ഏത് തലത്തിലാണെന്നോ വ്യക്തതയില്ല.
ഫലസ്തീനികളെ ബലമായി കുടിയിറക്കി ഗസ്സ മുനമ്പ് ഏറ്റെടുക്കുക എന്ന ആശയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു മാസം മുൻപ് തന്നെ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളും ഫലസ്തീനും അടക്കം ലോകരാജ്യങ്ങൾ രൂക്ഷമായ ഭാഷയിലാണ് ഈ നീക്കത്തോട് പ്രതികരിച്ചത്. ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യാൻ ട്രംപ് നെതന്യാഹുവിന് കൂട്ടുനിൽക്കുകയാണെന്നും വിമർശനം ഉയർന്നിരുന്നു.
പിന്നാലെ തന്നെ ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന ഉച്ചകോടിയിൽ ഫലസ്തീനികളെ സ്വന്തം മണ്ണിൽ തന്നെ നിലനിർത്തിക്കൊണ്ടുള്ള പുനർനിർമാണ പദ്ധതി അറബ് രാജ്യങ്ങൾ തയ്യാറാക്കിയിരുന്നു. ഈ ഗസ്സ പുനർനിർമാണ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് മുമ്പാകെ അവതരിപ്പിച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് യുഎസ് ആഫ്രിക്കൻ രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചർച്ചകളിൽ ഇസ്രായേലും നേതൃത്വം വഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.