ബൈഡൻ വൈകിപ്പിച്ച കരാർ വേഗത്തിലാക്കാൻ ട്രംപ്; ഇസ്രായേലിന് 20,000 അസാൾട്ട് റൈഫിളുകൾ വിൽക്കും
ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് ബൈഡന്‍ പ്രസിഡന്റായിരിക്കെ വൈകിപ്പിച്ച കരാറാണ് ട്രംപ് വേഗത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്.
വാഷിങ്ടണ്‍: ഇസ്രായേലിന് യുഎസ് നിർമ്മിത 20,000 അസോൾട്ട് റൈഫിളുകൾ നല്‍കാന്‍ തീരുമാനിച്ച് ട്രംപ് ഭരണകൂടം.
ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് ബൈഡന്‍ പ്രസിഡന്റായിരിക്കെ വൈകിപ്പിച്ച കരാറാണ് ട്രംപ് വേഗത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്. ആയുധങ്ങൾ ഫലസ്തീനില്‍ താമസിക്കുന്ന ഇസ്രായേലി പൗരന്മാരുടെ കയ്യിലെത്തിയേക്കുമെന്നും അവര്‍ അത് ദുരുപയോഗം ചെയ്‌തേക്കുമെന്നുമുള്ള ആശങ്ക മുന്‍നിര്‍ത്തിയായിരുന്നു ഈ തോക്കുകച്ചവടം ബൈഡന്‍ സര്‍ക്കാര്‍ വൈകിപ്പിച്ചിരുന്നത്. 24 മില്യൺ ഡോളറിന്റെ ഇടപാടാണ് നടപ്പിലാക്കുന്നത്.
ഇസ്രായേലി നാഷണൽ പൊലീസിനാണ് തോക്കുകള്‍ കൈമാറുന്നത്. ഇസ്രായേലിന് അമേരിക്ക നൽകുന്ന കോടിക്കണക്കിന് ഡോളറിന്റെ ആയുധ ഇടപാടിനോടിന്റെ ചെറിയ ഭാഗമാണിത്. എന്നാൽ ആയുധങ്ങൾ ഇസ്രായേലി കുടിയേറ്റക്കാരുടെ കൈകളിൽ എത്തുമെന്ന ആശങ്കയെത്തുടർന്ന് ബൈഡൻ ഭരണകൂടം വിൽപ്പന വൈകിപ്പിച്ചപ്പോൾ, അത് ശ്രദ്ധ നേടിയിരുന്നു.
ഇസ്രായേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ അക്രമം നടത്തിയെന്ന ആരോപണം നേരിട്ടിരുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ ബൈഡന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. അതേസമയം ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഇസ്രായേലിൽ നിന്ന് എന്തെങ്കിലും ഉറപ്പ് തേടിയോ എന്ന് ചോദിച്ചപ്പോൾ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അഭിപ്രായം നൽകിയില്ല.