പ്രിയപ്പെട്ടവരെ ഖബറടക്കി വാഇൽ ഇതാ വീണ്ടും യുദ്ധമുഖത്ത്; ഗസ്സയിൽനിന്നുള്ള തത്സമയവിവരങ്ങളുമായി

ഇന്നലെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽജസീറ ഗസ്സ ബ്യൂറോ മേധാവിയായ വാഇലിന്റെ ഭാര്യയും മകളും മകനും പേരമകളുമടക്കം കുടുംബമൊന്നാകെ കൊല്ലപ്പെടുന്നത്

Update: 2023-10-26 21:10 GMT
Editor : Shaheer | By : Web Desk

വാഇല്‍ അല്‍ദഹ്ദൂഹ്

Advertising

ഗസ്സ: ഏറ്റവും പ്രിയപ്പെട്ടവർ അപ്പാടെ കൺമുന്നിൽ മരിച്ചുവീഴുന്നതിനു സാക്ഷിയാകാന്‍ വിധിക്കപ്പെട്ടയാളുടെ മാനസികാവസ്ഥയെന്താകും! അയാൾ നേരിടുന്ന മാനസികസംഘർഷവും ഏകാന്തതയും എത്ര ഭീകരമായിരിക്കും! ഭാര്യ, മകൻ, മകൾ, പേരമകൾ.. അങ്ങനെ സ്വന്തം കുടുംബം ഒന്നാകെ കൂട്ടക്കുരുതിക്കിരയായതിന്റെ ചോരച്ചൂട് മാറുംമുൻപ്, കൃത്യം 24 മണിക്കൂറുപോലും പിന്നിടുംമുൻപ് പക്ഷെ, വാഇൽ അൽദഹ്ദൂഹ് പുറത്താണ്; ഇസ്രായേൽ നരനായാട്ടിന്റെ തത്സമയ വിവരങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ്!

അൽജസീറ അറബിക് വിഭാഗത്തിന്റെ ഗസ്സ ബ്യൂറോ മേധാവി വാഇലിനെക്കുറിച്ചാണു പറയുന്നത്. ഇന്നലെയാണ് വാഇലിന്റെ ഭാര്യയും മക്കളും ഏഴു വയസുകാരി പേരമകളും മറ്റു കുടുംബാംഗങ്ങളുമെല്ലാം ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അവർക്ക് അന്ത്യചുംബനം നൽകി വീണ്ടും വാഇൽ കർമഗോദയിലിറങ്ങിയിരിക്കുകയാണ്. ഒരർത്ഥത്തിൽ ഗസ്സക്കാരുടെ, ഫലസ്തീനികളുടെ അതിജീവനപോരാട്ടത്തിന്റെ ഭാഗമാകാൻ ദൈന്യതയും നിസ്സഹായതയും അതിക്രൂരതയുമെല്ലാമായി രക്തപങ്കിലമായ വാർത്തകളുടെ 'അടർക്കളത്തിലേക്ക്' ചാടിയിറങ്ങിയിരിക്കുകയാണ് അദ്ദേഹം.

തത്സമയ വിവരങ്ങളുമായി ചാനലിൽ പ്രത്യക്ഷപ്പെട്ട വാഇൽ അൽദഹ്ദൂഹിനെ പ്രാർത്ഥനകളും ആശ്വാസവചനങ്ങളും അനുശോചനവും കൈമാറിയാണ് ഖത്തറിലെ ദോഹ സ്റ്റുഡിയോയിൽനിന്ന് അവതാരകൻ അബ്ദുൽ സലാം മുഹമ്മദ് സ്വീകരിച്ചത്. അൽജസീറ ചാനലിന്റെ മുഴുവൻ അനുശോചനവും അദ്ദേഹത്തെ നേരിട്ട് അറിയിച്ചുകൊണ്ട് അബ്ദുൽ സലാം ഇങ്ങനെ പറഞ്ഞു: ''താങ്കളൊരു പക്കാ പ്രൊഫഷനലാണ്, അൽജസീറയുടെ നെടുംതൂണുകളിലൊരാണ്. അതുകൊണ്ടാണ് സ്‌ക്രീനിനുമുന്നിലേക്കു തിരിച്ചുവരാൻ താങ്കളീ തീരുമാനമെടുത്തതെന്ന് ഞങ്ങൾക്കറിയാം. ഫലസ്തീനികൾക്കെതിരെ നടക്കുന്ന ഈ കൂട്ടക്കുരുതിക്കു സാക്ഷിയാകണമെന്നുറച്ചാണ് താങ്കൾ ഇറങ്ങിയതെന്നും അറിയാം.''

വാഇലിന്റെ പ്രതികരണം വ്യക്തവും ഉറച്ച സ്വരത്തിലുമായിരുന്നു: ''ഇതൊരു ചരിത്രസന്ധിയാണ്. അസാധാരണ സമയമാണ്. ഈ സമയത്ത് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാകില്ല നമുക്ക്. എന്തൊക്കെ സംഭവിച്ചാലും പ്രൊഫഷണലിസം കൈവിടാതെ, സുതാര്യമായി വാർത്തകൾ ജനങ്ങളിലെത്തിച്ചുകൊണ്ടിരിക്കണം!''

ഇന്നു പ്രിയപ്പെട്ടവരുടെ ഖബറിടക്കം കഴിഞ്ഞ് നേരെ ഗസ്സയുടെ ചോര മണക്കുന്ന മണ്ണിലേക്ക് മൈക്കുമായി ഇറങ്ങിയതാണ് വാഇൽ അൽദഹ്ദൂഹ്. ഇന്നലെ തെക്കൻ ഗസ്സ മുനമ്പിലെ നുസൈറാത്തിലുള്ള അഭയാർത്ഥി ക്യാംപിൽ വച്ചാണ് അദ്ദേഹത്തിന്റെ കുടുംബം വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. യുദ്ധം രൂക്ഷമായതോടെ കുടുംബത്തെ അഭയാർത്ഥി ക്യാംപിന്റെ 'സുരക്ഷിതത്വത്തിലേക്ക്' മാറ്റിപ്പാർപ്പിച്ച് വാർത്തകളുടെ ലോകത്തേക്കു തിരിച്ചതായിരുന്നു അദ്ദേഹം. എന്നാൽ, ദയാരഹിതമായ ഇസ്രായേൽ ഭീകരതയ്ക്കു മുന്നിൽ അവിടെയും സുരക്ഷിതമായിരുന്നില്ലെന്ന യാഥാർത്ഥ്യമാണ് ഇന്നലെ അദ്ദേഹത്തിനു നേരിട്ടു സ്വീകരിക്കേണ്ടിവന്നത്.

Summary: Less than a day after the martyrdom of members of his family, Wael Al-Dahdouh, Al Jazeera's chief correspondent in the Gaza Strip, returns to cover the war on Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News