പ്രിയപ്പെട്ടവരെയെല്ലാം ഇസ്രായേൽ കൊലപ്പെടുത്തിയിട്ടും യുദ്ധഭൂമിയിൽ നിശ്ചയദാർഢ്യത്തോടെ വാഇൽ ദഹ്ദൂഹ്

അൽ ജസീറ ഗസ്സ ബ്യൂറോ ചീഫായ വാഇലിന്റെ ഭാര്യ, രണ്ട് ആൺമക്കൾ, മകൾ, പേരക്കുട്ടി എന്നിവരെല്ലാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Update: 2024-01-08 01:23 GMT
Advertising

ഗസ്സ: ഉറ്റവരെ മുഴുവൻ യുദ്ധം കവർന്നെടുത്തിട്ടും അക്ഷോഭ്യനായി യുദ്ധഭൂമിയിൽ മാധ്യമപ്രവർത്തനം നടത്തുകയാണ് വാഇൽ ദഹ്ദൂഹ്. ഒന്നും രണ്ടുമല്ല, പ്രിയപ്പെട്ട എല്ലാവരെയും കൊന്നൊടുക്കുകയായിരുന്നു ഇസ്രായേൽ. എന്നിട്ടും തളരാൻ ഒരുക്കമല്ലെന്ന ഗസ്സയുടെ അതേ വിളംബരത്തിനൊപ്പം നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കുകയാണ് വാഇൽ.

ഇസ്രായേലിന്റെ കൊടിയ ക്രൂരതകൾക്കിടയിൽ ചേർത്തുപിടിക്കാൻ കുടുംബവേരുകൾപോലും ഇല്ലാത്ത ശൂന്യതയിലാണ് വാഇൽ. എല്ലാ ഉറ്റവരെയും ഒന്നൊന്നായി അറുത്തുമാറ്റുകയായിരുന്നു ഇസ്രായേൽ നിഷ്ഠൂരത. ഗസ്സക്കാരെ പോലെ എല്ലാം നിസ്സഹായനായി നോക്കിനിൽക്കുകയാണ് ഈ മാധ്യമപ്രവർത്തകനും. അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹ് ആണ് ഇന്നലെ കൊല്ലപ്പെട്ടത്. 27 വയസുള്ള ഫോട്ടോ ജേണലിസ്റ്റാണ് ഹംസ. യുദ്ധഭൂമിയിൽ പിതാവിനെപ്പോലെ ഒന്നും കൂസാതെ മുന്നേറുന്ന മാധ്യമപ്രവർത്തകൻ.

കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ ഹംസയെ വധിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ മുസ്തഫ തുറായയും മരിച്ചു. 52 കാരനായ വാഇലിന് ഗസ്സയുദ്ധത്തിൽ ഭാര്യയെയും മകളെയും മറ്റൊരു മകനെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ടത് ഒക്‌ടോബറിലാണ്. പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച സങ്കടങ്ങൾക്കിടയിലും ഗസ്സയുടെ നോവുകൾ ലോകത്തെ അറിയിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു വാഇൽ. ഇസ്രായേൽ വ്യോമാക്രമണത്തിൽനിന്ന് അടുത്തിടെയാണ് പരിക്കുകളോടെ ദഹ്ദൂഹ് രക്ഷപ്പെട്ടത്. കാമറമാൻ സാമിർ അബൂ ദഖ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തനിക്ക് പിൻബലമായി നിന്ന മകൻ മാത്രമല്ല താൻ തന്നെയാണ് ഹംസയുടെ വിയോഗത്തിലൂടെ ഇല്ലാതായിരിക്കുന്നതെന്ന് വിതുമ്പുകയാണ് വാഇൽ ദഹ്ദൂഹ്. എങ്കിലും ദഹ്ദൂഹ് തളരില്ല. ഒരു ജനത താണ്ടുന്ന ദുരിതപർവവും ചെറുത്തുനിൽപ്പ് വീര്യവും ലോകത്തെ അറിയിക്കാൻ താൻ ഉണ്ടാകുമെന്ന് ഇഛാശക്തിയോടെ ഉറപ്പിക്കുകയാണ് ഈ മാധ്യമപ്രവർത്തകൻ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News