ഉഗ്രവിഷമുള്ള മീന്‍ പാകം ചെയ്തു കഴിച്ച വയോധിക മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയില്‍

ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷം പഫർ മത്സ്യത്തിന്റെ ശരീരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്

Update: 2023-04-03 10:15 GMT
Editor : Lissy P | By : Web Desk
Advertising

മലേഷ്യ: മലേഷ്യയിൽ പഫർ മത്സ്യം പാകം ചെയ്ത് കഴിച്ച 83 കാരി മരിച്ചു. കോമാവസ്ഥയിലായ ഭർത്താവ് തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലാണ്. മാർച്ച് 25 ന് ജോഹോറിലാണ് സംഭവം നടന്നതെന്ന് ഒരു പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലിം സിയു ഗുവാൻ എന്ന സ്ത്രീയാണ് മരിച്ചത്. പഫർ എന്ന മത്സ്യം ഉഗ്രവിഷമുള്ള മീനാണ്. ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷം ഈ മീനിന്റെ ശരീരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.

പഫർ മത്സ്യത്തിൽ ടെട്രോഡോടോക്‌സിൻ, സാക്‌സിടോക്‌സിൻ എന്നീ മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ട്. പാചകം ചെയ്‌തോ ഫ്രീസറിൽ വെച്ചാലോ വിഷാംശം ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ ജാപ്പാനുകാർ ഈ മത്സ്യം പാകം ചെയ്തു കഴിക്കും. സാധാരണയായി, വിഷവസ്തുക്കളെ എങ്ങനെ നീക്കം ചെയ്യാമെന്ന് പരിശീലിപ്പിച്ച ഉയർന്ന യോഗ്യതയുള്ള പാചകക്കാർക്ക് മാത്രമേ മത്സ്യം വിളമ്പാൻ അനുവാദമുള്ളൂ.

ഇതറിയാതെയാണ് ദമ്പതികൾ മത്സ്യം വാങ്ങി പാകം ചെയ്തത്. ഉച്ചഭക്ഷണം കഴിച്ച ഉടനെ സ്ത്രീക്ക് സ്ത്രീക്ക് വിറയലും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം ഭർത്താവും സമാനമായ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് മകൻ ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴും വയോധിക മരിച്ചിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.

മാതാപിതാക്കൾ വർഷങ്ങളായി ഒരേ ആളിൽ നിന്നാണ് മത്സ്യങ്ങൾ വാങ്ങുന്നത്. അതുകൊണ്ട് സംശയമൊന്നും തോന്നിയില്ലെന്നും ദമ്പതികളുടെ മകൾ എൻജി എയ് ലീ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മത്സ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News