ഭാഗ്യം വരുന്ന വഴിയേ! വീട് വൃത്തിയാക്കുന്നതിനിടെ പഴയ ലോട്ടറി ടിക്കറ്റ് കിട്ടി, അടിച്ചത് 91 ലക്ഷം രൂപ
2021 ഫെബ്രുവരിയിൽ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു
ഭാഗ്യം എപ്പോഴാണ് ഏത് രൂപത്തിലാണ് വരുന്നതെന്ന് പറയാൻ പറ്റില്ലെന്ന് കേട്ടിട്ടില്ലേ. ജർമനിയിൽ ഒരു സ്ത്രീക്ക് ഭാഗ്യം എത്തിയത് വീട് വൃത്തിയാക്കുന്നതിനിടെയാണ്. ക്രിസ്മസിന് വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയത് രണ്ടുവർഷം മുമ്പെടുത്ത ഒരു ലോട്ടറി. 2021 ഫെബ്രുവരിയിൽ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.
എന്നാൽ, നിർഭാഗ്യവശാൽ ലോട്ടറി കാണാതെ പോയി. ലോട്ടറി എടുത്ത കാര്യം തന്നെ മറന്നിരിക്കവെയാണ് രണ്ടുവർഷത്തിന് ശേഷം വീണ്ടും ആ ഭാഗ്യം തേടിയെത്തിയത്. 91,61,449 രൂപയാണ് സമ്മാനത്തുക.
ഒരു പോറൽ പോലുമേൽക്കാത്ത ടിക്കറ്റ് കണ്ട് ലോട്ടറി അധികൃതരും അമ്പരന്നു. ജർമനിയിലെ Lotto-Toto GmbH Sachsen-Anhalt എന്ന കമ്പനിയാണ് ലോട്ടറി നടത്തുന്നത്. ഭാഗ്യശാലിയെ കണ്ടെത്താനാകാത്തതിനാൽ കമ്പനി സമ്മാനത്തുക ക്‌ളെയിം ചെയ്തിരുന്നില്ല. 2024 ഡിസംബർ 31-ന് മുമ്പായി വിജയി മുന്നോട്ട് വരണമെന്നും കമ്പനി അറിയിച്ചിരുന്നു.
നഷ്ടപ്പെട്ടുപോയ നിധി തിരിച്ചുകിട്ടിയെന്ന് സമ്മാനത്തുക ക്‌ളെയിം ചെയ്തതിന് പിന്നാലെ യുവതി പ്രതികരിച്ചു. പണം തന്റെ വെക്കേഷനായി ചെലവഴിക്കാനും യാത്രകൾ പോകാനും ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.