അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ജോലിക്കുള്ള അപേക്ഷ തപാൽപ്പെട്ടിയിൽ കുടുങ്ങിയത് 48 വർഷം
ഈ കാലയളവിൽ ഞാൻ 50 ഓളം വീടുകൾ മാറി. എന്നിട്ടും ആ കത്ത് എന്നെ തേടിയെത്തിയത് അത്ഭുതപ്പെടുത്തുന്നുവെന്ന് ടിസി
ലണ്ടൻ: ഏറെ ആഗ്രഹിച്ച ജോലിക്ക് അപേക്ഷിച്ച ശേഷം കമ്പനിയിൽ നിന്നുള്ള അപ്പോയ്ൻമെന്റ് ലെറ്ററുമായി പോസ്റ്റ്മാൻ വരുന്നതും പ്രതീക്ഷിച്ചുള്ള ഒരു കാത്തിരിപ്പുണ്ട്. മണിക്കൂറും ദിവസങ്ങളുമെണ്ണിയുള്ള ഒരു 22കാരിയുടെ കാത്തിരിപ്പിന് 48 വർഷങ്ങൾക്ക് ശേഷമിതാ ഉത്തരമുണ്ടായിരിക്കുന്നു. അരനൂറ്റാണ്ട് തപാൽപ്പെട്ടിയിൽ കുരുങ്ങിയ ഒരു കത്ത് പുറം ലോകം കണ്ടിരിക്കുന്നു. ആ കത്തെഴുതിയ 22 കാരി എഴുപതാം വയസ് പിന്നിട്ടപ്പോഴാണ് ആ കത്ത് പുറം ലോകം കണ്ടതെന്ന് മാത്രം.
ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ആ അപ്പോയ്ൻമെന്റ് ലെറ്റർ കാത്തിരുന്നതിൽ ഒരു ട്വിസ്റ്റുണ്ട്. സംഭവം അങ്ങ് ഇംഗ്ലണ്ടിലാണ്. യുകെ ലിങ്കൻഷെയിലെ താമസക്കാരിയായ ടിസി ഹോഡ്‌സൺ ആണ് ആ ഹതഭാഗ്യയായ യുവതി. 48 വർഷം മുമ്പാണ് മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡറുടെ ജോലിക്ക് അവർ അപേക്ഷിച്ചത്. 1976 ജനുവരിയിൽ അയച്ച കത്താണ് 2024 ൽ വീട്ടിൽ തിരിച്ചെത്തിയത്. സ്റ്റെയിൻസ് പോസ്റ്റ് ആഫീസിലെ ഒരു അലമാരയിൽ കുടുങ്ങിപ്പോവുകയായിരുന്നു ആ അപേക്ഷ.
കത്ത് കിട്ടിയതിലുമുണ്ട് ചില സസ്പെൻസുകൾ. ‘ഈ കാലയളവിൽ ഞാൻ 50 ഓളം തവണ വീടുകൾ മാറി. എന്നിട്ടും ഈ കത്ത് എന്നെ തേടിയെത്തിയതിൽ അത്ഭുതപ്പെടുത്തുന്നുവെന്ന് ടിസി പറയുന്നു. 22 -ാം വയസിൽ ലണ്ടനിലെ എന്റെ ഫ്ലാറ്റിലിരുന്ന് കത്ത് ടൈപ്പ് ചെയ്യുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. ഓരോ ദിവസവും എന്നെ തേടി ജോലിയെത്തുന്ന ആ കത്തിനായി കാത്തിരുന്നു. ഫ്ലാറ്റിലെ പോസ്റ്റ് ബോക്സ് പലതവണ ഞാൻ തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഞാൻ സ്ത്രീയാണെന്ന് ആരും തിരിച്ചറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ഹോഡ്സൺ പറയുന്നു. സാഹസികത നിറഞ്ഞ ജോലിക്ക് സ്ത്രീകളെ അക്കാലത്ത് ആരും നിയമിക്കില്ലായിരുന്നു അവർ ഓർക്കുന്നു. ഇപ്പോഴെനിക്കറിയാം എന്തുകൊണ്ടാണ് ആ ജോലി തനിക്ക് കിട്ടാതെ പോയതെന്ന് ടിസി പറയുന്നു.
ആ ജോലികിട്ടിയില്ലെങ്കിലും നിരാശയായി ഇരിക്കാൻ ഹോഡ്സൺ തയ്യാറായിരുന്നില്ല. ആഫ്രിക്കയിലേക്ക് താമസം മാറിയ അവർ പാമ്പുകൾ, കുതിരകൾ, പട്ടികൾ എന്നിവയുടെ പരിശീലനവുമായി ബന്ധപ്പെട്ട ജോലികളിലാണ് പിന്നീട് ശ്രദ്ധിച്ചത്.അതിന് ശേഷം വിമാനം പറത്താന്‍ പഠിച്ച ടിസി എയറോബാറ്റിക് പൈലറ്റ് ഇന്‍സ്ട്രക്ടറായും ജോലി ചെയ്തു.