ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു
ഫലസ്തീൻ ദേശീയ ജുഡോ ടീം അംഗം അബ്ദുൽ ഹഫീസ് അൽമബ്ഹൂഹ്, ബാസ്‌കറ്റ്‌ബോൾ താരങ്ങളായ ബാസിം അൽനബാഹിൻ, ആരിഫ് അൽനബാഹിൻ, അഹ്ലി ബെയ്ത് ഹാനൂൻ ക്ലബ് താരം റാഷിദ് ദാബൂർ ഉൾപ്പെടെ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്
ഗസ്സ: ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഫലസ്തീൻ യുവ ഫുട്‌ബോൾ താരം കൊല്ലപ്പെട്ടു. നാസിർ അത്താ അൽനഷാഷ് ആണ് മരിച്ചത്. താരത്തിന്റെ പിതാവും അമ്മാവനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.
ഖദമാത് അൽബുറൈജി എന്ന ക്ലബിന്റെ താരമാണ് നാസിർ അത്താ അൽനഷാഷ്. താരത്തിന്റെ മരണത്തിൽ അനുശോചിച്ച് ഫലസ്തീൻ ഒൡപിക് കമ്മിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. ഫലൂജ സ്വദേശികളായ നഷാഷ് കുടുംബം 1948ലെ നക്ബയെ തുടർന്ന് ജബലിയയിൽ അഭയം തേടിയതാണ്.
ജബലിയ അഭയാർത്ഥി ക്യാംപിലാണ് നാസിർ കുടുംബസമേതം കഴിഞ്ഞിരുന്നത്. എന്നാൽ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഇവർ ഇവിടെനിന്നു പലായനം ചെയ്യുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം 20കാരനായ നാസിറും പിതാവ് അത്തായും അമ്മാവൻ നാഇലും ജബലിയയിലെ വീട്ടിലുള്ള സാധനങ്ങൾ എടുക്കാൻ തിരിച്ചെത്തിയതായിരുന്നു.
ഇതിനിടയിലാണ് ഇവരുടെ വീട് ഉൾപ്പെട്ട സ്ഥലം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടന്നത്. നിരവധി തവണ മിസൈൽ ആക്രമണമുണ്ടായി. ഇതിൽ വീട് പൂർണമായും തകരുകയായിരുന്നുവെന്ന് ഇവരുടെ ബന്ധുവും ജോർദാൻ റേഡിയോയിൽ മുതിർന്ന അവതാരകനുമായ ഇമാദ് അൽനഷാഷ് പറഞ്ഞു. കുടുംബത്തിൽ വേറെയും ആളുകൾക്ക് ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.
മാതാവും രണ്ട് സഹോദരിമാരും മാത്രമാണ് ഈ കുടുംബത്തിൽ അവശേഷിക്കുന്നത്. ബാക്കിയെല്ലാവരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതുവരെ 6,546 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2,360 കുട്ടികളും 1,292 സ്ത്രീകളും ഇതിൽ ഉൾപ്പെടും. ഗസ്സ മുനമ്പിലെ നിരവധി കായികതാരങ്ങൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. ഫലസ്തീൻ ദേശീയ ജുഡോ ടീം അംഗം അബ്ദുൽ ഹഫീസ് അൽമബ്ഹൂഹ്, ബാസ്‌കറ്റ്‌ബോൾ താരങ്ങളായ ബാസിം അൽനബാഹിൻ, ആരിഫ് അൽനബാഹിൻ, അഹ്ലി ബെയ്ത് ഹാനൂൻ ക്ലബ് താരം റാഷിദ് ദാബൂർ ഉൾപ്പെടെ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Summary: Young Gaza football star Nazir Atta al-Nashash and father killed in Israeli missile strike