Quantcast

പോര്‍ച്ചുഗലും സ്പെയിനും പ്രീ ക്വാര്‍ട്ടറില്‍ 

പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വെയെ നേരിടുമ്പോള്‍ സ്പെയിന്‍ റഷ്യയെ നേരിടും.

MediaOne Logo

Web Desk

  • Published:

    25 Jun 2018 8:46 PM GMT

പോര്‍ച്ചുഗലും സ്പെയിനും പ്രീ ക്വാര്‍ട്ടറില്‍ 
X

ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ സമനിലയോടെ പോര്‍ച്ചുഗലും സ്പെയിനും ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. അവേശകരമായ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇറാനോടും (1-1) സ്പെയിന്‍ മൊറോക്കോയോടുമാണ് (2-2) സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകള്‍ക്കും അഞ്ച് പോയന്റ് വീതമാണ്. ഗോള്‍ വ്യത്യാസവും തുല്യമായതോടെ കൂടുതല്‍ ഗോള്‍ നേടിയ ടീം എന്ന നിലയില്‍ സ്‌പെയിന്‍ ഗ്രൂപ് ജേതാക്കളായി. പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വെയെ നേരിടുമ്പോള്‍ സ്പെയിന്‍ റഷ്യയെ നേരിടും.

ആദ്യ പകുതിയുടെ അവസാന നിമിഷമായിരുന്നു പോര്‍ച്ചുഗലിന്റെ ഗോള്‍. അഡ്രിയാന്‍ സില്‍വയുടെ പാസില്‍ നിന്ന് രണ്ട് പ്രതിരോധക്കാരെ കബളിപ്പിച്ച് ക്വാറെസ്മ പോസ്റ്റിന്റെ മുകളിലെ ഇടത് മൂലയിലേക്ക് പന്തെത്തിക്കുകയായിരുന്നു.

അതിനിടെ ഇറാനെതിരെ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നഷ്ടപ്പെടുത്തി. മത്സരത്തിന്റെ 53ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ഇറാനിയന്‍ താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ഗോളിയുടെ കൈകളിലേക്കടിച്ചു തുലച്ചു. വീഡിയോ അസിസ്റ്റ് റഫറിയിലൂടെയാണ് പെനാല്‍റ്റി ലഭിച്ചത്. ഇതോടെ, ലയണല്‍ മെസിക്കൊപ്പം ലോകകപ്പിലെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയവരുടെ പട്ടികയില്‍ റൊണാള്‍ഡോയും ചേര്‍ന്നു.

ഇഞ്ചുറി ടൈമിലാണ് ഇറാന്‍ സമനില പിടിച്ചത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഇറാന്റെ ഗോള്‍. 90 മിനുട്ടും കഴിഞ്ഞ് അധിക സമയത്ത് കരീം അന്‍സാരിഫാര്‍ഡ് ആണ് ഗോള്‍ നേടിയത്.


മൊറോക്കോക്കെതിരായ മത്സരത്തില്‍ അവസാന നിമിഷമാണ് സ്പെയിന്‍ സമനില പിടിച്ചത്. സ്പെയിന്റെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു മൊറോക്കൊയുടെ ആദ്യ ഗോള്‍. സ്‌പെയിന്‍ ഡിഫന്‍ഡര്‍ റാമോസിന് ഇനിയേസ്റ്റ ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് തട്ടികൊടുത്ത പന്ത് ഖാലിദ് ബൗത്തെയ്ബ് റാഞ്ചിയെടുത്ത് കുതിച്ച് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു.

അഞ്ചു മിനിറ്റിനുള്ളില്‍ ഇസ്‌കോയിലൂടെ സ്‌പെയിന്‍ തിരിച്ചടിക്കുന്നു. ആന്ദ്രെ ഇനിയേസ്റ്റയില്‍നിന്ന് പന്തു സ്വീകരിച്ച് ബോക്‌സിനുള്ളില്‍ ഇസ്‌കോയുടെ തകര്‍പ്പന്‍ ഫിനിഷിങ്. സ്‌കോര്‍ 1–1.

സ്‌പെയിനിനെ ഞെട്ടിച്ച് മൊറോക്കോ വീണ്ടും മുന്നില്‍. 81–ാം മിനിറ്റില്‍ ഫാജിറിന്റെ ക്രോസിന് തലവച്ച് ബുള്ളറ്റ് ഹെഡറിലൂടെ വല കുലുക്കുന്ന എന്നെസ്റി. മൊറോക്കോ മുന്നില്‍. (2–1)...

ഇയാഗോ ആസ്പാസ് ഇന്‍ജുറി ടൈമില്‍ നേടിയ ഗോള്‍ സ്‌പെയിനിന്റെ തുണയ്‌ക്കെത്തുന്നു. മൊറോക്കോയെ 2–2ന് സമനിലയില്‍ തളച്ച് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക്. വി.എ.ആറിന്റെ സഹായത്തോടെ ഗോള്‍ ഉറപ്പിച്ചത്.

TAGS :

Next Story