മേളക്ക് ആവേശമേകി മത്സര ചിത്രങ്ങളുടെ പ്രദർശനങ്ങൾ
ലോക സിനിമകളുടെ മത്സര വിഭാഗത്തിൽ നാല് ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിെത്തിയത്. തുർക്കിയിൽ നിന്നുള്ള ഡെബ്റ്റ്, കിർഗീസ് ചിത്രം നൈറ്റ് ആക്സിഡന്റ്, പേർഷ്യൻ ചിത്രം ടെയിൽ ഓഫ് ദ സീ, ജർമൻ ചിത്രം ദി ബെഡ് എന്നിവയാണ് മത്സര വിഭാഗത്തിൽ ഇന്ന് പ്രദർശനത്തിനെത്തിയ നാല് സിനിമകൾ. ആദ്യ ദിവസമായ ഇന്നലെ മത്സര വിഭാഗത്തിലെ ചിത്രങ്ങളൊന്നും തന്നെ പ്രദർശിപ്പിച്ചിരുന്നില്ല. പ്രേക്ഷക പ്രതികരണങ്ങളിൽ ഡെബ്റ്റ് ആണ് മുന്നിൽ.
രോഗബാധിതയായ അയൽക്കാരിക്ക് ഒറ്റക്ക് താമസിക്കാൻ സാധിക്കാത്ത അവസ്ഥ വരുമ്പോൾ അവരെ സഹായിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വരുന്ന തൂഫാൻ എന്നയാളുടെ കഥയാണ് ഡെബ്റ്റ് പറഞ്ഞത്. മാനസിക രോഗിയായ എഴുത്തുകാരൻ താഹൈർ മൊഹൈബിയുടെ മാനസിക സംഘർഷങ്ങളാണ് ടെയിൽ ഓഫ് ദ സീ പറയുന്നത്. ഏകാന്തനും അപമാനിതനുമായ വൃദ്ധന്റെ പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന നൈറ്റ് ആക്സിഡന്റും മികച്ച നിലവാരം പുലർത്തി. അതേ സമയം വലിയ പ്രതീക്ഷകളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ദി ബെഡ് ടാഗോർ തിയേറ്ററിലെ സാങ്കേതിക തകരാർ മൂലം പ്രദർശിപ്പിക്കാനായില്ല. സിനിമ തുടങ്ങി 15 മിനിറ്റ് കഴിയും മുൻപ് പ്രൊജക്ടർ കേടായതിനെ തുടർന്നാണ് പ്രദർശനം ഉപേക്ഷിച്ചത്. ഏതായാലും മത്സര സിനിമകൾ കൂടി മേളയില്‍ സജീവമായതോടെ ഐ.എഫ്.എഫ്.കെ സജീവമായി തന്നെ മുന്നോട്ട് കുതിക്കുകയാണ്.
Adjust Story Font
16