ചലച്ചിത്രമേളക്ക് കരുത്തേകാൻ ഓപ്പൺ ഫോറങ്ങളും; നന്ദിതാ ദാസ് ഉദ്ഘാടനം ചെയ്തു
സാമൂഹ്യ മാധ്യമങ്ങൾ ഇന്നത്തെ കാലത്ത് ജനാതിപത്യവത്കരിക്കപ്പെട്ടപ്പോൾ നമുക്ക് ലഭിച്ച ആയുധമാണ് ട്രോളുകളെന്നും അത് മുഖം നോക്കാതെ വിമർശിക്കാൻ അവസരമൊരുക്കിയെന്നും നന്ദിതാ ദാസ്
പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മിതിക്കായി ചെലവ് ചുരുക്കി ഐ.എഫ്.എഫ്.കെ നടത്താനായി ഓപ്പൺ ഫോറങ്ങൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ചലച്ചിത്ര അക്കാദമി. എന്നാൽ ആ തീരുമാനം മാറ്റിക്കൊണ്ട് മേളയിലെ ചർച്ചകൾക്കും സംവാദങ്ങൾക്കും കൂടുതൽ കരുത്തേകാൻ ഓപ്പൺ ഫോറങ്ങൾ വേണമെന്ന തീരുമാനത്തിലേക്ക് സംഘാടകർ എത്തുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങ് നടിയും സംവിധായികയുമായ നന്ദിത ദാസ് ഉദ്ഘാടനം ചെയ്തു.
ചെറിയ സെൻസറിങ്ങുകളിലെ രാഷ്ട്രീയം എന്ന വിഷയത്തിലായിരുന്നു സംവാദം. നന്ദിത ദാസ്, സംവിധായകനും നിരൂപകനുമായ കെ.ആർ കമൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകൻ ജയൻ ചെറിയാൻ എന്നിവർ പ്രേക്ഷകരുമായി വിഷയത്തിൽ സംവദിച്ചു.
ഏറ്റവും വലിയ സെൻസറിങ് സ്വയം സ്വന്തം സിനിമ സെൻസർ ചെയ്യുന്നതാണെന്ന് സംവാദത്തിൽ നന്ദിത ദാസ് പറഞ്ഞു. തന്റെ സിനിമയായ മാന്റോയെക്കുറിച്ചും സംവിധായിക പ്രതിപാദിച്ചു. ഇന്ന് വാഴ്ത്തപ്പെടുന്ന മാന്റോയുടെ പല സൃഷ്ടികളും 70 വർഷങ്ങൾക്ക് മുൻപ് തിരസ്കരിക്കപ്പെട്ടവയാണെന്നും നന്ദിത ദാസ് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങൾ ഇന്നത്തെ കാലത്ത് ജനാതിപത്യവത്കരിക്കപ്പെട്ടപ്പോൾ നമുക്ക് ലഭിച്ച ആയുധമാണ് സത്യത്തിൽ ട്രോളുകളെന്നും അത് മുഖം നോക്കാതെ വിമർശിക്കാൻ അവസരമൊരുക്കിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ നന്ദിത കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന സംവാദത്തിൽ ഒരുപാട് ശക്തമായ വാദപ്രതിവാദങ്ങളുയർന്നു.
Adjust Story Font
16