Quantcast

നിറഞ്ഞ സദസ്സിൽ കയ്യടി നേടി ഉടലാഴം 

പതിനാലാം വയസ്സിൽ കല്യാണം കഴിക്കേണ്ടി വന്ന ​ഗുളികൻ എന്ന ആദിവാസി യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ഉടലാഴം.

MediaOne Logo
നിറഞ്ഞ സദസ്സിൽ കയ്യടി നേടി ഉടലാഴം 
X

ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉടലാഴം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ ഉടലാഴത്തിനെ സ്വീകരിച്ചത്. മുംബൈ ചലച്ചിത്രമേളയിൽ മികച്ച പ്രതികരണങ്ങൾ നേടിയ ഉടലാഴം ഈ വർഷത്തെ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമയായി.

പതിനാലാം വയസ്സിൽ കല്യാണം കഴിക്കേണ്ടി വന്ന ഗുളികൻ എന്ന ആദിവാസി യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ഉടലാഴം. കല്യാണ ശേഷം തന്റെ ശരീരത്തിലും സ്വത്വത്തിലും വരുന്ന അസ്വാഭാവികതകളെ തിരിച്ചറിയുകയും താൻ ട്രാൻസ്ജെന്റർ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അതിന് ശേഷം ഗുളികന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രം മുന്നോട്ട് പോകുന്നത്.

ഫോട്ടോഗ്രാഫർ എന്ന മോഹൻലാൽ ചിത്രത്തിൽ ആദിവാസി ബാലനായി അഭിനയിച്ച മണി എന്ന കൊച്ചു പയ്യനെ മലയാളിക്ക് മറക്കാനാവില്ല. 12 വർഷങ്ങൾക്ക് ശേഷം മണി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഉടലാഴം. മികച്ച പ്രകടനമാണ് മണി ഗുളികനായി സിനിമയിൽ കാഴ്ച വച്ചത്. മണിയെ കൂടാതെ അനുമോൾ, രമ്യ, ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സംവിധായകനുമായുള്ള ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. ഇന്ത്യയിൽ തന്നെ ഒരു ആദിവാസി വിഭാഗത്തിൽപ്പെട്ട നടൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ സിനിമയായിരിക്കും ഉടലാഴമെന്ന് സംവിധായകൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ ആവള തന്നെ തിരക്കഥയൊരുക്കിയ ഉടലാഴത്തിന്റെ സംഗീതം സിതാര, മിഥുൻ ജയരാജ് എന്നിവരും പശ്ചാത്തല സംഗീതം ബിജിപാലുമാണ് നിർവഹിച്ചത്.

TAGS :

Next Story