Quantcast

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ആഗോള സാമ്പത്തിക വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കില്ലെന്ന് വിലയിരുത്തല്‍

MediaOne Logo

Khasida

  • Published:

    21 July 2017 5:15 PM GMT

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ആഗോള സാമ്പത്തിക വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കില്ലെന്ന് വിലയിരുത്തല്‍
X

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ആഗോള സാമ്പത്തിക വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കില്ലെന്ന് വിലയിരുത്തല്‍

ട്രംപിന്റ നയങ്ങള്‍ അമേരിക്കക്ക് ഗുണം ചെയ്യില്ലെന്നും ഹിലരിയുടെ നയങ്ങളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുക എന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

അമേരിക്കയില്‍ അധികാരത്തില്‍ വരുന്നത് ആരായാലും ആഗോള സാമ്പത്തിക വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതാണ് ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും വോട്ടര്‍മാര്‍ക്ക് നല്‍കുന്ന പ്രധാന വാഗ്ദാനങ്ങള്‍. അമേരിക്കക്ക് ഗുണം ചെയ്യാത്ത സ്വതന്ത്ര വ്യാപാര കരാറുകളെ ഇരുവരും തള്ളിപ്പറയുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക വ്യവസ്ഥയുള്ള രാഷ്ട്രമാണ് അമേരിക്ക. ആഗോള സാമ്പത്തിക വിനിമയത്തിന്റെ അടിസ്ഥാനം ഡോളറാണ്. കാനഡ, ചൈന, മെക്സിക്കോ, ജപ്പാന്‍, ജര്‍മനി, സൌത്ത് കൊറിയ, ബ്രിട്ടന്‍ എന്നിവരാണ് അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികള്‍. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യം കൂടിയായ അമേരിക്ക ആഗോള സാമ്പത്തിക നയങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ തങ്ങളുടെ ആഭ്യന്തര സാമ്പത്തിക സ്ഥിതിയാണ് ഇരുവരുടെയും പ്രചാരണത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ സ്ഥാനാര്‍ഥികള്‍ നിരത്തുന്നു. കോര്‍പറേറ്റ് നികുതി 39 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കും എന്നാണ് ട്രംപിന്റെ വാഗ്ദാനം. എന്നാല്‍ അഞ്ച് മില്യന്‍ ഡോളറിലധികം വരവുള്ളവരുടെ നികുതി വര്‍ധിപ്പിക്കുമെന്നാണ് ഹിലരി പറയുന്നത്. രാജ്യത്തെ നികുതി സംവിധാനം അടിമുടി മാറണമെന്നും ട്രംപ് ആവശ്യപ്പെടുമ്പോള്‍ പുതിയ സംരംഭകര്‍ക്ക് നികുതി ഇളവ് നല്‍കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുമാണ് ഹിലരിയുടെ വാദം.

ഒബാമ കെയര്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥക്ക് ഭീഷണിയാണെന്നും അതിനാല്‍ താന്‍ പ്രസിഡന്റായാല്‍ അത് പിന്‍വലിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സ്വതന്ത്ര വ്യാപാര കരാറുകളോട് കടുത്ത എതിര്‍പ്പാണ് ട്രംപിന്. നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ്, 12 പസിഫിക് രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്പ് എന്നിവയെ ട്രംപ് എതിര്‍ക്കുന്നു.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 45 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹിലരിക്കും സമാന നിലപാടാണ്. ഉല്‍പാദനം അമേരിക്കക്കുള്ളില്‍ നടക്കണമെന്നും ഇറക്കുമതി പ്രോത്സാഹിപ്പിക്കേണ്ട എന്നുമാണ് ട്രംപിന്റെ നയം. അമേരിക്കക്കാരുടെ തൊഴിലും വേതനവും കുറക്കുന്ന ഒരു കരാറിനെയും പിന്തുണക്കില്ലെന്നാണ് ഹിലരിയുടെ നിലപാട്.

ബറാക് ഒബാമയുടെ സാന്പത്തിക നയങ്ങളുടെ തുടര്‍ച്ചയാകും ഹിലരി നടപ്പില്‍ വരുത്തുക. സ്വതന്ത്ര വ്യാപാര കരാറുകളെ പൂര്‍ണമായും എതിര്‍ക്കുന്നില്ലെങ്കിലും ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്പിനെതിരെ പോരാടുമെന്ന് ഹിലരി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രംപിന്റ നയങ്ങള്‍ അമേരിക്കക്ക് ഗുണം ചെയ്യില്ലെന്നും ഹിലരിയുടെ നയങ്ങളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുക എന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്കയുടെ കയറ്റുമതി കുറയാനും രാജ്യത്ത് സാധനങ്ങളുടെ വില കൂടാനും ട്രംപിന്റെ നയങ്ങള്‍ കാരണമാകുമെന്നും ഇത് സാന്പത്തിക വ്യവസ്ഥക്ക് ആഘാതമേല്‍പ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ട്രംപ് സാന്പത്തിക രംഗത്ത് ഉണര്‍വേകുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്.

TAGS :

Next Story