സാഹിത്യ നോബലിനോട് പ്രതികരിക്കാതെ ബോബ് ഡിലന്‍
സാഹിത്യ നോബലിനോട് പ്രതികരിക്കാതെ ബോബ് ഡിലന്‍
ഡിലന്‍ സാഹിത്യ നോബല്‍ സ്വീകരിക്കുമോ എന്നത് സംബന്ധിച്ച് പോലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സാഹിത്യ നോബല്‍ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ ഇടം നേടുകയെന്നതു തന്നെ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ സ്വപ്‌നമാണ്. പുരസ്‌ക്കാരം ലഭിച്ചാല്‍ എങ്ങനെ സ്വീഡിഷ് അക്കാദമിയോട് നന്ദിപറയണമെന്ന് പോലും ഇവരില്‍ പലരും ഇപ്പോള്‍ തന്നെ തീരുമാനിച്ചിരിക്കും. എന്നാല്‍ ഇത്തവണത്തെ സാഹിത്യ നോബല്‍ ജേതാവ് ബോബ് ഡിലന്‍ അത്തരക്കാരനല്ല. നോബല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് ശേഷം അതിനോട് ഔദ്യോഗികമായി ഒന്നു പ്രതികരിക്കാന്‍ പോലും ഡിലന്‍ തയ്യാറായിട്ടില്ല!
സാഹിത്യ നോബല്‍ സമ്മാനം ബോബ് ഡിലനാണെന്ന് സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചത് ഒക്ടോബര്‍ 13നാണ്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറിയാണ് അമേരിക്കന്‍ റോക്ക് ഗായകനും പാട്ടെഴുത്തുകാരനുമായ ഡിലനെ തേടി നോബല്‍ പുരസ്‌ക്കാരം എത്തിയത്. ഇതിന് ശേഷം രണ്ട് പൊതു സംഗീത പരിപാടികള്‍ ദില്ലന്‍ അവതരിപ്പിച്ചെങ്കിലും നോബല്‍ പുരസ്‌ക്കാരം ലഭിച്ചതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
ഡിലന്‍ സാഹിത്യ നോബല്‍ സ്വീകരിക്കുമോ എന്നത് സംബന്ധിച്ച് പോലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പുരസ്‌ക്കാര പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഡിലന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ തന്നെ ഈ വിവരം ഉള്‍ക്കൊള്ളിച്ചത്. ഡിലന്‍ നോബല്‍ പുരസ്‌ക്കാരം നിരസിക്കുമോ എന്ന ആശങ്ക നിലനില്‍ക്കെ വെബ്‌സൈറ്റില്‍ വിവരം പ്രത്യക്ഷപ്പെട്ടത്.
ബോബ് ഡിലനുമായി അടുത്ത ബന്ധമുള്ളവരുമായി ഇമെയില്‍ വഴി ബന്ധപ്പെട്ടെന്നും ഇതിന് അനുകൂല മറുപടിയാണ് ലഭിച്ചതെന്നുമാണ് സ്വീഡിഷ് അക്കാദമി സെക്രട്ടറി സാറാ ഡാനിയസിന് പോലും പറയാനാകുന്ന വിവരം. ഡിലന്‍ ഡിസംബര്‍ 10ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ചടങ്ങില്‍ നോബല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സാറ കൂട്ടിച്ചേര്‍ത്തു.
ബര്‍ണാഡ്ഷാക്ക് ശേഷം ഓസ്‌ക്കറും നോബലും ലഭിക്കുന്നയാളാണ് ഡിലന്‍. ആദ്യമായാണ് ഒരു അമേരിക്കന്‍ പാട്ടെഴുത്തുകാരന്‍ സാഹിത്യ നോബല്‍ സമ്മാനം ലഭിക്കുന്നത്. അമേരിക്കന്‍ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായ ബോബ് ഡിലന്റെ ആരാധകനാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പോലും. നേരത്തെയും അപ്രതീക്ഷിത പ്രതികരണങ്ങളിലൂടെ ശ്രദ്ധേയനായിട്ടുള്ളയാളാണ് ഡിലന്‍.
1970കളില്‍ സജീവമായ അമേരിക്കയിലെ മനുഷ്യാവകാശ മുന്നേറ്റങ്ങളില്‍ പ്രധാനിയായിരുന്ന ഡിലന്‍ തന്നെ പിന്നീട് ഇതിന് നേതൃത്വം നല്‍കിയവരെ വിമര്‍ശിച്ചിട്ടുണ്ട്. അഭിമുഖങ്ങളില്‍ അപ്രതീക്ഷിത ഉത്തരങ്ങളിലൂടെ കാഴ്ച്ചക്കാരെയും അവതാരകരേയും ഒരുപോലെ ഡിലന്‍ പലപ്പോഴും ഞെട്ടിപ്പിച്ചിട്ടുണ്ട്. പുരസ്‌ക്കാരങ്ങള്‍ സ്വീകരിക്കുന്നതിലും ഡിലന്‍ അത്രത്തോളം താത്പര്യം കാണിച്ചിട്ടില്ലെന്നതാണ് മുന്‍കാല ചരിത്രം കാണിക്കുന്നത്.
1963ല്‍ ടോംപെയിന്‍ പുരസ്‌ക്കാരം സ്വീകരിച്ചശേഷം നടത്തിയ പ്രസംഗമാണ് വിവാദമായത്. അന്ന് ജോണ്‍ എഫ് കെന്നഡിയെ വധിച്ച ഒസ്‌വാള്‍ഡിനോട് തനിക്ക് സഹതാപമാണെന്നാണ് ഡിലന്‍ പറഞ്ഞത്. വാക്കുകള്‍ വിവാദമായതോടെ മാപ്പ് പറയേണ്ടി വന്നു. 2007ല്‍ പ്രിന്‍സ് ഓപ് ഓസ്ട്രിയസ് പുരസ്‌കാരവും സ്വീകരിക്കാന്‍ ഡിലന്‍ വന്നില്ല. മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം ലഭിച്ചപ്പോഴും ഡിലന്‍ പുരസ്‌ക്കാരം വാങ്ങാന്‍ നേരിട്ടെത്തിയില്ല. വീഡിയോ സ്ട്രീമിംങ് വഴിയാണ് പുരസ്‌ക്കാരദാന ചടങ്ങില്‍ പങ്കെടുത്തത്.
Adjust Story Font
16