തുര്‍ക്കിയില്‍ സംഭവിച്ചത്?
പട്ടാള അട്ടിമറിയുടെ സമയത്ത് ഇസ്താംബൂളിലുണ്ടായിരുന്ന മലയാളി വിദ്യാര്‍ഥി ഫവാസ് അബ്ദുല്‍ സലാമിന്റെ അനുഭവം
പതിനഞ്ച് വര്‍ഷം മുമ്പ് വരെയുള്ള തുര്‍ക്കിയിലെ രാഷ്ട്രീയ അസ്ഥിരതയെ സൂചിപ്പിച്ച് പലപ്പോഴും തുര്‍ക്കിയിലെ ജനങ്ങള്‍ ഒരു തമാശ പറയാറുണ്ട്. ഈ നാട്ടില്‍ ഇന്ന് ജനാധിപത്യമാണെങ്കില്‍ നാളെയത് പട്ടാളഭരണമായി മാറിയേക്കാം. ഗൌരവമില്ലാതെ ഇപ്പോഴും ഈ തമാശ പറഞ്ഞുകൊണ്ടിരുന്ന തുര്‍ക്കികള്‍ പക്ഷെ വെള്ളിയാഴ്ച രാത്രി കുറച്ച് മണിക്കൂറെങ്കിലും അത് യാഥാര്‍ഥ്യമാകുന്നത് അനുഭവിച്ചറിഞ്ഞു. പട്ടാള അട്ടിമറികള്‍ കൊണ്ടും രാഷ്ട്രീയ അരക്ഷിതാവസ്ഥ കാരണവും വിഷമിച്ചിരുന്ന കഴിഞ്ഞ പതിനഞ്ച് വര്‍ഷം രാഷ്ട്രീയ സ്ഥിരതയില്‍ സാമ്പത്തിക സാമൂഹിക വളര്‍ച്ചയിലൂടെയും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് മുന്നേറുന്നതാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുര്‍ക്കി പല വിധ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കുര്‍ദ്ദ് വിമതരുടെയും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെയും നിരന്തര ആക്രമണങ്ങള്‍ കൊണ്ട് രാഷ്ട്രീയ സാമ്പത്തിക മേഖല വീണ്ടും പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന സമയത്താണ് രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് വെള്ളിയാഴ്ച രാത്രി പട്ടാള അട്ടിമറി ശ്രമം ഉണ്ടായത്.
ഇസ്താംബൂളിലെ മൂന്ന് വര്‍ഷത്തെ വിദ്യാഭ്യാസ ജീവിതത്തില്‍ ആദ്യമായിട്ടാണ് നഗരവും ജനങ്ങളും പൂര്‍ണമായി ആശങ്കിയിലും ഭീതിയിലും കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍മ്പത് മണിയോട് കൂടിയാണ് രാജ്യത്തിന്റെ ജനാധിപത്യ ഭരണത്തെ വെല്ലുവിളിച്ച് സൈന്യത്തിലെ ഒരു വിഭാഗം അട്ടിമറിക്ക് ശ്രമിച്ചത്.
ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇസ്താബൂളിലെ പ്രധാനപ്പെട്ട പാലങ്ങളായ ബോസ്ഫറസും ഫാത്തിമ സുല്‍ത്താന്‍ മെഹമത്ത് പാലവും പിടിച്ചെടുത്ത് ഗതാഗതം സ്തംഭിച്ചാണ് അട്ടിമറി ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകള്‍ വൈകുന്നേരം തന്നെ പലരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ആരും ഗൌരവത്തില്‍ എടുത്തിരുന്നില്ല. രാത്രി പത്ത് മണിയോട് കൂടി ചാനലുകളില്‍ അട്ടിമറിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. തലസ്ഥാനമായ അങ്കാറയിലുണ്ടായിരുന്ന സുഹൃത്ത് എഫ്16 വിമാനങ്ങള്‍ നിരന്തരം പറന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കണ്ടു. കാര്യം എന്താണെന്നറിയാന്‍ ഫാത്തിഹ് പള്ളിയുടെ അടുത്തുള്ള കോഫി ഹൌസില്‍ ചെന്നപ്പോഴാണ് അട്ടിമറിയുടെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യമായത്. ഇസ്താബൂളിലെയും അങ്കാറയിലെയും പ്രധാനപ്പെട്ട സര്‍ക്കാര്‍ വസതികള്‍ പട്ടാളത്തിലെ ഒരു വിഭാഗം പിടിച്ചെടുത്തെന്നും പട്ടാള മേധാവിയെ തടവിലാക്കിയെന്നും ഇസ്താബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളം, ഔദ്യോഗിക ചാനലായ ടി.ആര്‍.ടി പട്ടാളത്തിന്റെ കയ്യിലാണെന്നും അറിയുന്നത്. വാര്‍ത്തകളറിഞ്ഞ ജനങ്ങള്‍ കോഫി ഹൌസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുകയും ഭീതിതമായ അവസ്ഥയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കാണാമായിരുന്നു.
പലതവണ അട്ടിമറികള്‍ നേരില്‍ കണ്ട പഴയ തലമുറയിലെ ആളുകള്‍ക്കായിരുന്നു കൂടുതല്‍ ആശങ്ക. അവശ്യ വസ്തുക്കള്‍ക്ക് വേണ്ടി കടകളില്‍ തിരക്ക് കൂടുന്നതും എ.ടി.എം നിലച്ചതായി അറിഞ്ഞ് പരിഭ്രാന്തരായി നില്‍ക്കുന്ന ജനത്തെയുമാണ് എനിക്ക് ചുറ്റും കാണാനായത്. അട്ടിറിയെക്കുറിച്ച സ്ഥിരീകരണം പട്ടാളം തന്നെ ടി.ആര്‍.ടി ചാനലിലൂടെ ഔദ്യോഗികമായി അറിയിച്ചു. പട്ടാളം എഴുതിക്കൊടുത്ത സന്ദേശം ഭയത്തോടെ ടി.ആര്‍.ടി ന്യൂസ് റീഡര്‍ വായിച്ചുകൊണ്ടിരുന്നു.
ഈ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി ബിനാലി യില്‍ദിരും നീതിന്യായ മന്ത്രി ബെകിര്‍ ബോസ്ദാഗും സ്വകാര്യചാനലുകളില്‍ പട്ടാള അട്ടിമറി സ്ഥിരീകരിച്ചു, അതേ സമയം ഈശ്രമത്തെ തടയാനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളോട് ജനാധിപത്യം സംരക്ഷിക്കാനും അഭ്യര്‍ഥിച്ചു.
താഴ്‍ന്ന് പറന്നുകൊണ്ടിരുന്ന പോലീസ് ഹെലികോപ്റ്ററുകള്‍ എഫ്16 ജറ്റുകള്‍ ജനങ്ങളില്‍ ഭയവും ആശങ്കയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. രാത്രി ഒരു മണിയോടുകൂടി വിദേശത്തായിരുന്ന പ്രസിഡന്റ് ഉര്‍ദുഗാന്‍ സി.എന്‍.എന്‍ ടര്‍ക്കിലൂടെ തത്സമയം അട്ടിമറി ശ്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയും ജനങ്ങളോട് ജനാധിപത്യം സംരക്ഷിക്കാന്‍ തെരുവിലിറങ്ങാനും ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ കൂട്ടംകൂട്ടമായി പട്ടാളം താവളമടിച്ച സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനങ്ങളുമായെത്തി. ഫാതിഹ് പള്ളിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട സൈനിക കേന്ദ്രത്തിനടുത്തെത്തിയ ജനങ്ങള്‍ പട്ടാളക്കാരോട് കയര്‍ക്കുന്നതും ടാങ്കുകള്‍ക്ക് മുന്നില്‍ തടസ്സം സൃഷ്ടിക്കുന്നതും കാണാമായിരുന്നു. ഇത് മറ്റുള്ള ജനങ്ങള്‍ക്ക് ആവേശവും ധൈര്യവും പകര്‍ന്നും. തുടര്‍ന്ന് പലസ്ഥലത്തും പട്ടാളം ജനങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയുകയാണെന്നും ടി.ആര്‍.ടി പട്ടാളത്തില്‍ നിന്ന് മോചിപ്പിച്ചെന്നുമുള്ള വാര്‍ത്തകല്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി.
അത്താതുര്‍ക്ക് വിമാനത്താവളം പരിസരത്തേക്ക് പോയ തലശ്ശേരി സ്വദേശി റഷാദ് ജനങ്ങള്‍ക്ക് മുന്നില്‍ ടാങ്കറുകള്‍ കീഴടങ്ങിയെന്നും അറിയിക്കുകയുണ്ടായി. പട്ടാളം ഏറ്റെടുത്ത വിമാനത്താവളം ജനങ്ങളും പോലീസും കീഴടക്കിയെന്നും വിദേശത്തായിരുന്ന ഉര്‍ദുഗാനെ വരവേല്‍ക്കാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണെന്നും അറിയിച്ചു.
അട്ടിമറി ശ്രമം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നറിഞ്ഞ പട്ടാളം ഹെലികോപ്റ്ററിലൂടെ പലസ്ഥലത്തും വെടിയുതിര്‍ത്തു. ബോസ്ഫറസ് പാലത്തിനടുത്തുണ്ടായിരുന്ന അല്‍ബേനിയന്‍ സുഹൃത്ത് പട്ടാളം ടാങ്കറും തോക്കുകളുമുപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. ഈ വെടിവെപ്പില്‍ നിരവധി പോലീസുകാരും ജനങ്ങളും കൊല്ലപ്പെട്ടു. പള്ളികളിലൂടെ ജനങ്ങളോട് ധൈര്യമായിരിക്കാനുള്ള ആഹ്വാനവും ബാങ്കുവിളികളും മുഴങ്ങിക്കൊണ്ടിരുന്നു.
രാത്രി മൂന്ന് മണിയോട് കൂടി ചാനലിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും പട്ടാളം പലസ്ഥലത്തും കീഴടങ്ങുന്ന കാഴ്ച ആശ്വാസം പകര്‍ന്നു. പലസ്ഥലത്തും സിവില്‍ പോലീസും ജനങ്ങളുമിടപെട്ട് സംഘര്‍ഷം ഇല്ലാതാക്കുന്നതും ട്രാഫിക്കുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. പുലര്‍ച്ചെ ആറുമണി വരെ എഫ്16 ജറ്റുകള്‍ വട്ടമിട്ട് പറക്കുന്നതും സ്ഫോടന ശബ്ദങ്ങളും കേള്‍ക്കാമായിരുന്നു. ഏഴ് മണിയോടെ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നു.
ശനിയാഴ്ച ഉച്ചമുതല്‍ അട്ടിമറി ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യയുടെ ഭാഗമായ ഉസ്കുദാറില്‍ പട്ടാളം ഉപേക്ഷിച്ച ടാങ്കുകള്‍ക്ക് മുന്നിലിരുന്ന് ആളുകള്‍ ഫോട്ടോ എടുക്കുന്നതും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് ടാങ്കുകള്‍ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത് കൌതുകമുണര്‍ത്തി. പകല്‍ കടകള്‍ പലതും അടഞ്ഞ് കിടന്നെങ്കിലും വൈകുന്നേരത്തോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു.
അര്‍ദ്ധരാത്രി വരെ ജനങ്ങള്‍ ആഘോഷത്തിലാണ്. വാഹനങ്ങളിലും മറ്റുമായി തുര്‍ക്കിയുടെ പതാക ഉയര്‍ത്തിക്കൊണ്ടും നിര്‍ത്താതെ ഹോണുകള്‍ അടിച്ചും ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. രാജ്യത്തെ അട്ടിമറി ചരിത്രം എന്നും ഭീതിയോടെ ഓര്‍ക്കുന്ന തുര്‍ക്കിഷ് ജനത ഇനിയൊരു അട്ടിമറി നടത്താന്‍ സമ്മതിക്കില്ലെന്ന് ഒരു രാത്രികൊണ്ടുള്ള ഇടപെടലിലൂടെ തെളിയിച്ചു. അതേ സമയം അസ്ഥിരമാകുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പലരും ആശങ്കപ്പെടുന്നുണ്ട്.
അട്ടിമറി ശ്രമങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കൃത്യമായി ആരാണ് ഇതിന് പിന്നിലെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഫതഹുല്ല ഗുലാന്റെ അനുയായികളെയാണ് സംശയിക്കുന്നത്. അതേ സമയം ഉര്‍ദുഗാന്‍ ജനപിന്തുണ കൂട്ടാന്‍ വേണ്ടി അട്ടിമറി നാടകം നടത്തിയെന്നാണ് തുര്‍ക്കിയിലെ സെക്കുലര്‍ എലീറ്റ് വിഭാഗക്കാരും ചില പാശ്ചാത്യ മാധ്യമങ്ങളും ആരോപിക്കുന്നത്. എന്നാല്‍, തുര്‍ക്കിയിലെ താഴെക്കിടയിലുള്ളവരിലും മധ്യവര്‍ഗ്ഗത്തിനിടയിലും ഇപ്പോഴും എ.കെ.പിക്കും ഉര്‍ദുഗാനും വന്‍ ജനപിന്തുണയുണ്ടെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
കഴിഞ്ഞ ആഴ്ചകളിലായി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ വേണ്ടി പലരാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉര്‍ദുഗാന്‍ ജനപിന്തുണക്ക് വേണ്ടി അട്ടിമറി ശ്രമം നടത്തിയെന്ന വാദം അസ്ഥാനത്താണ്. അതേ സമയം സൈന്യത്തിലെ ഒരു വിഭാഗം അട്ടിമറി ശ്രമം നടത്താന്‍ സാധ്യത ഉണ്ടായിരുന്നെന്ന് സര്‍ക്കാറിനറിയാമായിരുന്നെന്നും അവര്‍ ആരൊക്കെയാണെന്ന് തെളിയാന്‍ വേണ്ടി മുന്‍കരുതലോടെയാണ് അട്ടിമറിയെ നേരിട്ടതെന്നും പറയപ്പെടുന്നു. പട്ടാള തലത്തിലും നീതിന്യായവകുപ്പിലും വന്‍ അഴിച്ചുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വ്യക്തിമായിട്ടുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് തുര്‍ക്കി ജനത. കോഫി ഹൌസുകളിലും നാലാള്‍ കൂടുന്നിടത്തുമെല്ലാം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ അട്ടിമറി ശ്രമത്തെക്കുറിച്ച ചര്‍ച്ചയിലാണ് ഇവിടുത്തെ ജനങ്ങള്‍.
Adjust Story Font
16