Quantcast

എല്ലാ വീട്ടു ജോലിയും ഒറ്റക്ക് ചെയ്യുന്ന ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന്

MediaOne Logo

Subin

  • Published:

    15 May 2018 9:48 AM GMT

എല്ലാ വീട്ടു ജോലിയും ഒറ്റക്ക് ചെയ്യുന്ന ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന്
X

എല്ലാ വീട്ടു ജോലിയും ഒറ്റക്ക് ചെയ്യുന്ന ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന്

പാചകവും വൃത്തിയാക്കലും അടക്കം വീട്ടു ജോലിക്ക് തനിക്ക് യാതൊരു അവസരവും നല്‍കാത്ത ഭര്‍ത്താവിനെതിരെ വിവാഹമോചന ഹരജി നല്‍കിയിരിക്കുകയാണ് ഈ 28കാരി.

പാചകം ചെയ്യാനറിയുന്ന അത്യാവശ്യം വീട്ടുജോലികളിലൊക്കെ സഹായിക്കുന്ന ഒരു ഭര്‍ത്താവിനെയാകും ഭൂരിപക്ഷം ഭാര്യമാരും സ്വപ്‌നം കാണുക. എന്നാല്‍ എല്ലാ ഭാര്യമാരും അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈജിപ്തുകാരിയായ സമര്‍. പാചകവും വൃത്തിയാക്കലും അടക്കം വീട്ടു ജോലിക്ക് തനിക്ക് യാതൊരു അവസരവും നല്‍കാത്ത ഭര്‍ത്താവിനെതിരെ വിവാഹമോചന ഹരജി നല്‍കിയിരിക്കുകയാണ് ഈ 28കാരി.

31കാരനായ ഭര്‍ത്താവ് വീട്ടുജോലിയില്‍ തനിക്ക് ഒരു അവസരവും നല്‍കുന്നില്ലെന്നാണ് സമറിന്റെ പ്രധാന പരാതി. പാചകം, തൂത്ത് വൃത്തിയാക്കല്‍, നിലം തുടയ്ക്കല്‍, വസ്ത്രം കഴുകല്‍ തുടങ്ങി എല്ലാ ജോലിയും ഭര്‍ത്താവ് തനിയെ ചെയ്യുകയാണെന്നാണ് ഈ യുവതി ആരോപിക്കുന്നത്. വേറെ ജോലിയൊന്നുമില്ലാത്ത തനിക്ക് വീട്ടുകാര്യങ്ങള്‍ നോക്കാനുള്ള അവസരം പോലും ഭര്‍ത്താവ് നല്‍കുന്നില്ലെന്നും ഒരു ഹോട്ടലില്‍ അതിഥിയായി കഴിയുന്നതുപോലെയാണ് വീട്ടിലെ അവസ്ഥയെന്നും കാണിച്ചാണ് ന്യൂ കെയ്‌റോയിലെ കുടുംബകോടതിയില്‍ സമര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

'അയാള്‍ ഞങ്ങളുടെ വീട്ടിലെ 'വീട്ടമ്മയാണ്'. അയാള്‍ക്കൊപ്പമുള്ള ജീവിതം ഞാന്‍ വെറുക്കുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ച മാത്രമേ ആയിട്ടുള്ളൂ. വീട്ടിലുള്ളപ്പോള്‍ അയാള്‍ പാചകത്തിലോ വസ്ത്രം തരം തിരിച്ച് കഴുകുന്നതിന്റെ തിരക്കിലോ ആകും. അതുകഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടും. ഭക്ഷണം പാചകം ചെയ്ത് ഫ്രിഡ്ജില്‍ നിരത്തിവെക്കും. പിറ്റേന്ന് പകല്‍ പാചകത്തിന് സമയമില്ലെങ്കില്‍ അയാള്‍ രാത്രി ഭക്ഷണം തയ്യാറാക്കും' ഇങ്ങനെ പോകുന്നു സമറിന്റെ പരാതികള്‍. കടയില്‍ നിരവധി ജോലിക്കാരുള്ളതിനാല്‍ മിക്കസമയത്തും ഭര്‍ത്താവ് വീട്ടില്‍ തന്നെയാകും. പാചകവും മറ്റ് വീട്ടുജോലികളുമൊക്കെ വളരെ ആസ്വദിച്ചാണ് അയാള്‍ ചെയ്യുന്നത്. ഭര്‍ത്താവ് ജോലിചെയ്യുന്നത് നോക്കിയിരിക്കുക മാത്രമാണ് തന്റെ വീട്ടുജോലിയെന്നും ഇത് മടുത്തെന്നും സമര്‍ പറയുന്നു.

TAGS :

Next Story