Quantcast

അന്റോണിയോ ഗട്ടേഴ്സ് അടുത്ത യുഎന്‍ സെക്രട്ടറി ജനറല്‍

MediaOne Logo

Sithara

  • Published:

    25 May 2018 3:46 PM GMT

അന്റോണിയോ ഗട്ടേഴ്സ് അടുത്ത യുഎന്‍ സെക്രട്ടറി ജനറല്‍
X

അന്റോണിയോ ഗട്ടേഴ്സ് അടുത്ത യുഎന്‍ സെക്രട്ടറി ജനറല്‍

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗട്ടേഴ്സ് തെരെഞ്ഞെടുക്കപ്പെടും.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗട്ടേഴ്സ് തെരെഞ്ഞെടുക്കപ്പെടും. ഗട്ടറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സുരക്ഷാ കൌണ്‍സിലിലെ അംഗരാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ബാന്‍കിമൂണ്‍ അധികാരമൊഴിയുനന പശ്ചാത്തലത്തിലാണ് ഗട്ടേഴ്സിന്റെ പേര് പരിഗണിക്കപ്പെട്ടത്.

അന്റോണിയോ ഗട്ടേഴ്സിനെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെക്കുറിച്ച് അഞ്ച് രഹസ്യബാലറ്റ് വോട്ടെടുപ്പുകള്‍ ഇതിനകം സുരക്ഷാ കൌണ്‍സിലില്‍ നടന്നു കഴിഞ്ഞു. ഇതിലൊന്നും തന്നെ അംഗരാജ്യങ്ങള്‍ വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍പ്പറിയിച്ചിട്ടില്ല. ഗട്ടേഴ്സ് ഉള്‍പ്പെടെ 10 പേരുകളാണ് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ അംഗരാജ്യങ്ങളുടെ എതിര്‍പ്പില്ലാതിരുന്നത് ഗട്ടേഴ്സിന് മാത്രമായിരുന്നു. 13 രാജ്യങ്ങള്‍ ഗട്ടേഴ്സിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 2 പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. ബള്‍ഗേറിയയില്‍ നിന്നുള്ള ഇയു ബജറ്റ് കമ്മീഷണര്‍ ക്രിസ്റ്റലിന ജോര്‍ജ്ജിയേവയായിരുന്നു ഗട്ടേഴ്സിന്റെ പ്രധാന എതിരാളി. എന്നാല്‍ എതിര്‍പ്പില്ലാതെ ഗട്ടേഴ്സിന്റെ പേര് അംഗീകരിക്കപ്പെട്ടതിലൂടെ സെക്രട്ടറി ജനറല്‍സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത എത്താനുള്ള സാധ്യത ഇല്ലാതായി.

ഇന്ന് ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായാല്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗട്ടേഴ്സിനെ പ്രഖ്യാപിക്കും. രണ്ട് ടേമിലായി ഒരു പതിറ്റാണ്ട് കാലം ഐക്യരാഷ്ട്രസഭയെ നയിച്ച ബാന്‍കിമൂണ്‍ 2017 ജനുവരിയില്‍ പദവി ഒഴിയുന്നതോടെ ഗട്ടേഴ്സ് അധികാരത്തിലെത്തും. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്നു ഗട്ടേഴ്സ്. 2005 മുതല്‍ 2015 വരെ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാനുള്ള യുഎന്‍ സമിതിയുടെ ഹൈക്കമ്മീഷണറുമായി. സോഷ്യലിസ്റ്റ് പക്ഷക്കാരനായ ഗട്ടേഴ്സ് അന്താരാഷ്ട്ര വിഷയങ്ങളിലെ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനാണ്.

പ്രതിസന്ധികള്‍ വരാതെ നോക്കുന്ന സംഘാടകനായിരിക്കണം സെക്രട്ടറി ജനറല്‍ എന്നായിരുന്നു വോട്ടെടുപ്പ് സമയത്തെ ഗട്ടേഴ്സിന്റെ പ്രതികരണം. ഗട്ടേഴ്സ് യുഎന്‍എച്ച്സിആര്‍ ഹൈക്കമ്മീഷണര്‍ ആയിരുന്ന സമയത്താണ് ലോകം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയെ നേരിട്ടത്. 2005ല്‍ ലോകത്താകെയുണ്ടായിരുന്ന അഭയാര്‍ഥികളുടെ എണ്ണം 3.80 കോടിയായിരുന്നെങ്കില്‍ ഇന്നത് 6 കോടിയിലധികമാണ്. സെക്രട്ടറി ജനറല്‍ എന്ന നിലക്ക് ഗട്ടേഴ്സിനെ ഏറ്റവുമധികം വലക്കുക അഭയാര്‍ഥി പ്രതിസന്ധി തന്നെയാവും.

TAGS :

Next Story