ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി
ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി
കരാര്‍ ലോകസമാധാനത്തിന് ഭീഷണിയെന്ന് ട്രംപ് ; കരാര്‍ ലംഘിച്ചിട്ടില്ലെന്നും പ്രത്യാഘാതം ഭയക്കുന്നില്ലെന്നും ഇറാന്‍
ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറി. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചിട്ടില്ലെന്നും മറ്റ് രാജ്യങ്ങളുമായി കരാര്‍ തുടരുമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു.
ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്ന ഏകപക്ഷീയമായ കരാറെന്ന് പറഞ്ഞാണ് ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പിന്മാറ്റം അറിയിച്ചത്. കരാര്‍ ഒരിക്കലും സമാധാനം കൊണ്ട് വന്നിട്ടില്ല. ഇനി സമാധാനം ഉണ്ടാക്കുകയുമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമാണത്തിലും സിറിയയിലെയും യെമനിലെയും ഇടപെടലുകളിലും നിയന്ത്രണം കൊണ്ടുവരുന്ന ഒന്നും കരാറില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ കരാറുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ സമ്പൂര്‍ണ്ണ യുറേനിയം സമ്പുഷ്ടീകരണം തുടരാന്‍ സന്നദ്ധമാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അമേരിക്കയുടെ തീരുമാനത്തെ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ അപലപിച്ചു. 2015ലാണ് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നിവരുമായി ഇറാന്‍ ആണവകരാറില്‍ ഒപ്പിട്ടത്.
ഇറാന്‍ ആണവകരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തോടെ ഭൂരിഭാഗം രാജ്യങ്ങളും എതിര്‍പ്പോടെയാണ് പ്രതികരിച്ചത്. കരാറിലെ സഖ്യകക്ഷികള്‍ അപലപിച്ചപ്പോള്‍ ഇസ്രയേലും സൌദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും പിന്തുണച്ചു.
ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍ ഒരുമിച്ച് അപലപിക്കുന്നു എന്നായിരുന്നു ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍വാങ്ങിയ ഡോണാള്‍ഡ‍് ട്രംപിന്റെ തീരുമാനത്തിനെതിരായ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം. അതീവ നിരാശജനകമാണ് തീരുമാനമെന്ന് റഷ്യ പ്രതികരിച്ചു. കരാര്‍ പരിപാലിക്കുമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം. കരാറിലെ ബാക്കിയുള്ള രാഷ്ട്രങ്ങള്‍ അതില്‍ തുടരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ നടപടിയെ പിന്തുണച്ച് ഇസ്രയേലും ചില ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തി. ധീരവും ശരിയായതുമായ തീരുമാനമാണ് ട്രംപിന്റേതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
പശ്ചിമേഷ്യയിൽ അന്യായ ഇടപെടൽ നടത്തുന്ന ഇറാനെതിരെ ലോകരാജ്യങ്ങൾ ഒരുമിക്കണമെന്നു സൗദി, യുഎഇ, ബഹ്റൈൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങള്‍ പ്രതികരിച്ചു.
Adjust Story Font
16