Quantcast

ഫിദല്‍ പടിയിറങ്ങിയ ജൂലൈ 31 

2006ല്‍ ഇതേ ദിവസമാണ് കാസ്ട്രോ ക്യൂബയുടെ അധികാരം ഒഴിഞ്ഞത്

MediaOne Logo

Web Desk

  • Published:

    31 July 2018 3:20 AM GMT

ഫിദല്‍ പടിയിറങ്ങിയ ജൂലൈ 31 
X

ക്യൂബയുടെയും ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയുടെയും ജീവിതത്തിലെ സുപ്രധാന ദിനമാണ് ജൂലൈ 31. 2006ല്‍ ഇതേ ദിവസമാണ് കാസ്ട്രോ ക്യൂബയുടെ അധികാരം ഒഴിഞ്ഞത്. ഔപചാരിക അധികാരങ്ങള്‍ ഉപേക്ഷിച്ചെങ്കിലും മരണം വരെ ക്യൂബയുടെ സര്‍വസ്വവുമായിരുന്നു കാസ്ട്രോ. 1959ലെ വിപ്ലവവിജയത്തോടെ അധികാരത്തിലെത്തിയ കാസ്ട്രോ നീണ്ട നാല്‍പത്തി ഏഴ് വര്‍ഷം ക്യൂബയെ നയിച്ചു. ഇക്കാലത്തെ ക്യൂബയുടെ ചോദ്യം ചെയ്യാനാകാത്ത നേതാവായി കാസ്ട്രോ.

മുതലാളിത്ത സാമ്രാജ്യത്വലോക താല്‍പര്യങ്ങളെ പ്രതിരോധിച്ച് നിന്ന്ക്യൂബയെ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിര്‍‌ത്തി. അധികാരത്തിലിരുന്ന നാലരപ്പതിറ്റാണ്ടിനിടെ ഒരിക്കല്‍ പോലുംകാസ്ട്രോക്ക് ഒരു പകരക്കാരനെ ക്യൂബക്ക് അന്വേഷിക്കേണ്ടി വന്നില്ല. എന്നാല്‍ ആരോഗ്യനില അത്യന്തം മോശമായതോടെ രാഷ്ട്രനായകപദവി ഒഴിയാന്‍ കാസ്ട്രോ തന്നെ തയ്യാറായി. ആ വിപ്ലവനേതൃത്വത്തിന്റെ പിന്തുടര്‍ച്ചക്കാരനാകാന്‍ ഏറ്റവും യോഗ്യന്‍ കാസ്ട്രോയുടെ സഹോദരന്‍ തന്നയായിരുന്നു. അധികാരത്തില്‍ മാത്രമല്ല,. വിപ്ലവവഴിയിലും കാസ്ത്രോയുടെ നിഴലായിരുന്നു റൌള്‍. 2006 ജൂലൈ 31 ന് ക്യൂബയുടെ സിംഹാസനം കാസ്ത്രോ റൌളിന് ഒഴിഞ്ഞു കൊടുത്തു.

പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റിന് അധികാരം കൈമാറുകയെന്ന ഭരണഘടന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു മാറ്റം. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി , സായുധ സേനയുടെ കമാന്‍ഡന്റ് എന്നീ പദവികളും ഫിദല്‍ ഒഴിഞ്ഞു. ഫിദല്‍ വിരുദ്ധ വികാരം ശക്തമായിരുന്ന ക്യൂബന്‍ ഭൂരിപക്ഷമുള്ള അമേരിക്കയിലെ മിയാമി, ഫ്ലോറിഡ, ന്യൂ ജഴ്സി എന്നിവിടങ്ങളില്‍ പ്രഖ്യാപനം ആഘോഷമായി . പകരം വയ്ക്കാനാകാത്ത നേതാവാണ് ഫിദലെന്നും അദ്ദേഹത്തിന്റെ അറിവോടെയാകുമെന്നും എല്ലാ നിര്‍ണായക തീരുമാനങ്ങളെന്നും അധികാരമേറ്റെടുത്ത് റൌള്‍ കാസ്ട്രോ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഫിദല്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇനി മത്സരിക്കാനില്ലെന്ന് ഫിദല്‍ തന്നെ വ്യക്തമാക്കിയതോടെ റൌള്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്റ് ആയി തുടരുമെന്നതും വ്യക്തമായി . 2008 , ഫെബ്രുവരി 24ന് റൌള്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ക്യൂബയെ പോലൊരു കമ്യൂണിസ്റ്റ് രാഷ്ട്രത്തെ നയിക്കാന്‍ റൌള്‍ കാസ്ട്രോക്ക് കഴിയില്ലെന്ന് പലരും വിലയിരുത്തി. എന്നാല്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഊന്നല്‍ നല്‍കി നിരവധി സാമ്പത്തിക പരിഷ്കാരങ്ങളാണ് റൌള്‍ കാസ്ട്രോ ക്യൂബയില്‍ നടപ്പാക്കിയത്. അമേരിക്ക- ക്യൂബ നയതന്ത്ര ബന്ധം മെച്ചപ്പെടുന്ന ഹവാനയിലും വാഷിങ്ടണിലും എംബസികള്‍ പുനസ്ഥാപിക്കാനുള്ള ചരിത്രപരമായ തീരുമാനം ഉണ്ടാകുന്നതും റൌള്‍ കാസ്ട്രോയുടെ ഭരണത്തിന്റെ കീഴിലാണ്.

TAGS :

Next Story