Quantcast

യു.എസ് എംബസി തെരുവിന് ‘മാൽകം എക്സ് അവന്യു’ എന്ന് നാമകരണം ചെയ്ത് തുർക്കി

MediaOne Logo

Web Desk

  • Published:

    15 Oct 2018 3:38 AM GMT

യു.എസ് എംബസി തെരുവിന് ‘മാൽകം എക്സ് അവന്യു’ എന്ന് നാമകരണം ചെയ്ത് തുർക്കി
X

പുതുതായി പണി കഴിപ്പിക്കുന്ന യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് ‘മാൽകം എക്സ് അവന്യു’ എന്ന് നാമകരണം ചെയ്ത് തുർക്കി. അമേരിക്കയിലെ മുസ്‌ലിം രാഷ്ട്രീയ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ മാൽകം എക്സിന്റെ പേരാണ് തെരുവിന് നൽകിയിട്ടുള്ളത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ പ്രധാന തെരുവിനാണ് ഈ പേര് മാറ്റം. തുർക്കിയും അമേരിക്കയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ തർക്കങ്ങൾക്കിടയിലാണ് ഈ പേര് മാറ്റമെന്നത് അന്താരാഷ്ട്ര നിലയിൽ ഏറെ ചർച്ചാ വിഷയമാണ്.

നേരത്തെ ഈ മാസം ഫെബ്രുവരിയിൽ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന നഗരത്തിന് പുറത്തെ തെരുവിന് ‘ഒലിവ് ബ്രാഞ്ച്’ എന്ന് നാമകരണം ചെയ്തിരുന്നു. ‘ഒലിവ് ബ്രാഞ്ച്’ എന്നത് തുർക്കിയുടെ സിറിയയിലെ മിലിറ്ററി ക്യാമ്പുകളൊന്നിന്റെ പേരാണ്. കുർദിഷ് വൈ.പി.ജി മിലിഷ്യ ഗ്രൂപ്പിനെ അമേരിക്ക സഹായിക്കുന്നതിനെ നേരത്തെ തന്നെ തുർക്കി എതിർത്തിട്ടുള്ളതാണ്. കുർദിഷ് വൈ.പി.ജി മിലിഷ്യ ഗ്രൂപ്പിനെ തീവ്രവാദ ഗ്രൂപ്പായിട്ടാണ് തുർക്കി അടയാളപ്പെടുത്തിയിട്ടുള്ളത്.

അമേരിക്കൻ ചരിത്രത്തിലെ നിർണായക വ്യക്തിത്വമായ മാൽകം എക്സിന്റെ നാമകരണത്തോടെ അമേരിക്കയുടെ വംശീയതയെയും അമേരിക്കൻ വിരുദ്ധ മനോവികാരം വളർത്താനുമാണ് തുർക്കിയുടെ നീക്കമെന്ന് വിമർശകർ വിലയിരുത്തുന്നു.

‘അങ്കാറയിലൂടെ അദ്ദേഹത്തിന്റെ പേര് എന്നും ജീവിച്ചിരിക്കും’ എന്നാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വിഷയത്തിൽ പ്രതികരിച്ചത്. ഉർദുഗാന്റെ ഔദ്യോഗിക വക്താവായ ഇബ്രാഹീം കാലിൻ ആണ് പേര് മാറ്റം സൂചിപ്പിച്ച് ആദ്യം ട്വിറ്ററിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ മാസത്തെ ന്യൂയോർക്ക് സന്ദർശത്തനത്തിനിടയിൽ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മാൽകം എക്സിന്റെ പെൺമക്കളെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.

അമേരിക്കയും തുർക്കിയും തമ്മിലുള്ള പ്രധാന പ്രശ്നമായിരുന്ന അമേരിക്കൻ പാസ്റ്ററെ തുടർന്നുള്ള വിവാദങ്ങൾ അവസാനിച്ചത് ഈ വെള്ളിയാഴ്ചയായിരുന്നു. അമേരിക്കൻ പാസ്റ്ററായ ആൻഡ്രൂ ബ്രൂൺസനെ രണ്ടു വർഷത്തെ തുർക്കി കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചത് ‘വലിയൊരു മുന്നേറ്റം’ എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

2020 ഓടെയാവും അങ്കാറയിലെ യു.എസ് എംബസി നിർമാണം പൂർത്തിയാവുക.

TAGS :

Next Story