മാന്നാറിലെ കൂട്ടക്കുഴിമാടങ്ങള്‍; വിശദാന്വേഷണത്തിന് ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടു
തമിഴ് പുലികൾക്കെതിരെ ആക്രമണം ശക്തമായിരുന്ന സമയം, മാന്നാർ പൂർണ്ണമായും സെെന്യത്തിനു കീഴിലാണ് ഉണ്ടായിരുന്നത്.

ശ്രീലങ്കയില്‍ കഴിഞ്ഞ മാസം കണ്ടെത്തിയ കൂട്ടകുഴിമാടങ്ങളെ കുറിച്ച് വിശദമായ അന്വേഷണത്തിന് ലങ്കൻ കോടതി ഉത്തരവിട്ടു. ഇരുന്നൂറ്റി മുപ്പതോളം അസ്ഥികൂടങ്ങളടങ്ങിയ കൂഴിമാടങ്ങളാണ് ശ്രീലങ്കയിലെ മാന്നാറിൽ കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നത്. മരിച്ചവരെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കെട്ടിട നിർമാണത്തിനായി കുഴിയെടുത്ത തൊഴിലാളികളാണ് കുഴിമാടങ്ങൾ കണ്ടെത്തിയത്. ജീർണ്ണിച്ച ശവശരീരങ്ങൾക്കൊപ്പം, വീട്ടുപകരണങ്ങളും, ലോഹ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങളടങ്ങിയ ചില ശവ ശരീരങ്ങളും കണ്ടെടുത്ത കൂട്ടത്തിലുണ്ട്. അസ്ഥികൂടങ്ങളിലെ പല അസ്ഥികളും വെട്ടി മാറ്റപ്പെട്ട നിലയിലാണുള്ളതെന്ന് ഫോറൻസിക് വിദഗ്ധരെ ഉദ്ധരിച്ച് ബി.ബി.സി റപ്പോർട്ട് ചെയ്യുന്നു.

ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ് വിഭാഗക്കാർ കൂടുതലായി താമസിച്ച് വരുന്ന പ്രദേശമാണ് മാന്നാർ. ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന വംശീയ സംഘർഷത്തിനിടെ പ്രദേശത്ത് നിന്നും നൂറൂ കണക്കിന് തമിഴ് വംശജരെ കാണാതായതായി തമിഴ് സംഘടനകൾ പറഞ്ഞിരുന്നു. തമിഴ് പുലികൾക്കെതിരെ ആക്രമണം ശക്തമായിരുന്ന സമയം, മാന്നാർ പൂർണ്ണമായും സെെന്യത്തിനു കീഴിലാണ് ഉണ്ടായിരുന്നത്.
Adjust Story Font
16