Quantcast

ഇന്ത്യയില്‍ നിന്നും തിരിച്ചെത്തി ക്വാറന്‍റൈന്‍ ലംഘിച്ച ന്യൂസിലാന്‍റ് പൌരന് കോവിഡ്

ഇയാള്‍ ഒരുപാട് നേരം സൂപ്പര്‍മാര്‍ക്കറ്റില്‍ ചെലവഴിച്ചുവെന്നും സെല്‍ഫികള്‍ എടുത്തിരുന്നുവെന്നും സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    9 July 2020 10:13 AM GMT

ഇന്ത്യയില്‍ നിന്നും തിരിച്ചെത്തി ക്വാറന്‍റൈന്‍ ലംഘിച്ച ന്യൂസിലാന്‍റ് പൌരന് കോവിഡ്
X

ഇന്ത്യയില്‍ നിന്നും തിരിച്ചെത്തി ക്വാറന്‍റൈന്‍ ലംഘിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ ന്യൂസിലാന്‍റ് പൌരന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും ന്യൂസിലാന്‍റിലെത്തിയത്. ശേഷം കഴിഞ്ഞ ചൊവ്വാഴ്ച്ച ക്വാറന്‍റൈന്‍ ലംഘിച്ച് ഇയാള്‍ പുറത്ത് പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ ന്യൂസിലാന്‍റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ് മാസം ശിക്ഷയോ 4000 ഡോളര്‍ പിഴയോ ഇയാള്‍ക്ക് ശിക്ഷയായി ലഭിക്കുമെന്ന് ന്യൂസിലാന്‍റ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ നിന്നും ന്യൂസിലാന്‍റിലെ ഓക്ലാന്‍റിലെത്തിയ 32 വയസുകാരനായ ഇയാള്‍ സ്റ്റാംഫോര്‍ഡ് പ്ലാസാ ഹോട്ടലിലാണ് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നത്. സാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് പോയ ഇയാളുടെ പരിശോധനഫലം അടുത്ത ദിവസം പോസിറ്റീവാണെന്ന് അറിയുകയായിരുന്നു.

ഇയാള്‍ ഒരുപാട് നേരം സൂപ്പര്‍മാര്‍ക്കറ്റില്‍ ചെലവഴിച്ചുവെന്നും സെല്‍ഫികള്‍ എടുത്തിരുന്നുവെന്നും സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ പറയുന്നു. ഏകദേശം ഒരു മണിക്കൂറോളം ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന ശേഷം സ്വമേധയാ ഇയാള്‍ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് തിരികെ വരികയായിരുന്നു. ഹോട്ടലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സ്മോക്കിങ് സോണിലൂടെയായിരിക്കും അയാള്‍ പുറത്ത് പോയിട്ടുണ്ടാകുക എന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്പിങ്സ് പറഞ്ഞു. നിയമപരമായി ഇയാള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതായാലും ഇയാളിലൂടെ രോഗവ്യാപനം കൂടുതല്‍ ഉണ്ടാവില്ലെന്നും അതിനായുള്ള പരിശോധനകള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. പുറത്ത് പോയപ്പോള്‍ ഇയാള്‍ മാസ്ക് ധരിച്ചിരുന്നുവെന്നും വളരെ കുറച്ച് സമയം മാത്രമാണ് ഇയാള്‍ അത് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. ഇയാള്‍ പോയ സൂപ്പര്‍മാര്‍ക്കറ്റ് സാനിറ്റൈസേഷന് വിധേയമാക്കും. ന്യൂസിലാന്‍റില്‍ ഇതേവരെ 1537 പേര്‍ കോവിഡ് ബാധിതരാവുകയും 22 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു.

TAGS :

Next Story