'ഹമാസ് ആക്രമണം അവസാനിപ്പിക്കണം' ഇസ്രായേൽ അക്രമണത്തിന് നേരെ കണ്ണടച്ച് ബൈഡൻ
അതേസമയം ഇസ്രായേൽ തുടർച്ചയായ ഏഴാം ദിവസവും ഗസ്സക്കു മേൽ ബോംബുവർഷം തുടരുകയാണ്. 41 കുട്ടികളും 22 സ്ത്രീകളുമുള്‍പ്പെടെ 150 പേരാണ് ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത്
ഫലസ്തീന് നേരെ ഇസ്രായേൽ നടത്തുന്ന അക്രമണങ്ങൾക്കെതിരെ കണ്ണടച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ആണ് ആക്രമണം നടത്തുന്നതെന്നും ഇസ്രായേലിനുനേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കണമെന്ന് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ടെലിഫോണിലുടെ നടത്തിയ ചർച്ചയിലാണ് ബൈഡൻ ഇക്കാര്യം ഉന്നയിച്ചത്. ഗാസയിലെ സംഘർഷങ്ങൾ സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ബൈഡൻ അധികാരത്തിൽ എത്തിയതിന് ശേഷം തമ്മിൽ നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമായിരുന്നു ഇത്.
ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നുവെന്ന പേരിൽ ഇസ്രായേൽ തുടരുന്ന അക്രമണത്തിന് പിന്തുണ നൽകുക കൂടിയാണ് ഇതിലൂടെ ബൈഡൻ ചെയ്തിരിക്കുന്നത്. ഗസ്സയിലെ ഹമാസും മറ്റു തീവ്രവാദികളും നടത്തുന്ന റോക്കറ്റാക്രമണങ്ങൾക്കെതിരെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് ഉറച്ച പിന്തുണ നൽകുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
'ഇപ്പോൾ നടക്കുന്ന സംഘർഷം ഇസ്രായേലിലും ഫലസ്തീനിലും കുട്ടികളുൾപ്പടെ നിരവധി സാധാരണക്കാരുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. ഗസ്സയിലെ ഹമാസും മറ്റു തീവ്രവാദികളും നടത്തുന്ന റോക്കറ്റാക്രമണങ്ങൾക്കെതിരെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് ഉറച്ച പിന്തുണ നൽകുന്നു. ഇസ്രായേലിലുടനീളം പട്ടണങ്ങളും നഗരങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന വിവേചനമില്ലാത്ത ആക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു'- വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന്.
അതേസമയം ഇസ്രായേൽ തുടർച്ചയായ ഏഴാം ദിവസവും ഗസ്സക്കു മേൽ ബോംബുവർഷം തുടരുകയാണ്. 41 കുട്ടികളും 22 സ്ത്രീകളുമുള്‍പ്പെടെ 150 പേരാണ് ഗസ്സയിൽ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി താമസ സ്ഥലങ്ങള്‍ തകർന്നു. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രായേൽ തള്ളി.
Adjust Story Font
16