ഇബ്രാഹിം റഈസി പുതിയ ഇറാന്‍ പ്രസിഡന്‍റ്; ആഗസ്റ്റില്‍ അധികാരമേല്‍ക്കും
ഔദ്യോഗികപ്രഖ്യാപനം വൈകീട്ട് ഉണ്ടാകും. ആഗസ്റ്റിലാണ് പുതിയ പ്രസിഡന്‍റ് അധികാരമേൽക്കുക
ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇബ്രാഹീം റഈസിയെ വിജയിയായി പ്രഖ്യാപിച്ചു. ഇറാന്‍ ആഭ്യന്തര മന്ത്രാലയമാണ് വിജയിയെ പ്രഖ്യാപിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്‍റെ 62 ശതമാനം ഇബ്രാഹിം റഈസിക്ക് ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം വൈകീട്ട് ഉണ്ടാകും. ആഗസ്റ്റിലാണ് പുതിയ പ്രസിഡന്‍റ് അധികാരമേൽക്കുക.
ആകെയുള്ള ആറു കോടിയോളം വോട്ടർമാരിൽ രണ്ട് കോടി എൺപതു ലക്ഷത്തോളം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. ഒരു കോടി 70 ലക്ഷം വോട്ടർമാർ ഇബ്രാഹിം റഈസിയെ പിന്തുണച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ വെളിപ്പെടുത്തി, മുഹ്‌സിൻ രിസാഇ ആണ് രണ്ടാം സ്ഥാനത്ത്. പതിവിൽ നിന്ന് ഭിന്നമായി അഞ്ചു മണിക്കൂറിലേറെ നേരം പോളിങ്ങ് നീട്ടിയിരുന്നു. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസി ഇറാനികളും വോട്ട് രേഖപ്പെടുത്തി. ഇറാൻ ജുഡീഷ്യറി മേധാവിയായ ഇബ്രാഹിം റഈസിക്കാണ് പാരമ്പര്യവാദികളുടെ പിന്തുണ ഉണ്ടായിരുന്നത്. കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയ ഇബ്രാഹിം റഈസിയെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. അർഹരായ പല സ്ഥാനാർഥികൾക്കും മൽസരിക്കാൻ ഗാർഡിയൻ കൗൺസിൽ അനുമതി നിഷേധിച്ചത് വ്യാപക എതിർപ്പിനിടയാക്കിയിരുന്നു. മുൻ പ്രസിഡന്‍റ് അഹ്മദ് നെജാദും വോട്ടെടുപ്പ് ബഹിഷ്കരിച്ചവരിൽ ഉൾപ്പെടും.
അതേ സമയം ഇസ്ലാമിക് റിപബ്ലികിനെതിരായ പ്രചാരവേലകൾ തള്ളി സമ്മതിദാനാവകാശം വിനിയാഗിച്ച എല്ലാവർക്കും പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ നന്ദി പറഞ്ഞു. ജനങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടയില്‍ പൗരാവകാശ ലംഘനത്തിന് പേരുകേട്ട ഇബ്രാഹിം റഈസിയെ കുറ്റവിചാരണ ചെയ്യണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ആവശ്യപ്പെട്ടു.
Adjust Story Font
16