Quantcast

കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്സ് അറസ്റ്റില്‍

ഫ്‌ളോറിഡയിലെ 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ് ആണ് പിടിയിലായത്

MediaOne Logo

Jaisy

  • Published:

    18 April 2021 4:21 AM GMT

കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്സ് അറസ്റ്റില്‍
X

ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളോറിഡയിലെ 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ് ആണ് പിടിയിലായത്. യുഎസ് സീക്രട്ട് സര്‍വീസാണ് കേസ് അന്വേഷിച്ചത്.

യു.എസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയും കറുത്ത വര്‍ഗക്കാരിയും സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരിയുമാണ് 56കാരിയായ കമല ഹാരിസ്. ഫെബ്രുവരിയിലാണ് ഫെല്‍പ്‌സ് കമലയെ കൊല്ലുമെന്നും ഉപദ്രവിക്കുമെന്നും ഭീഷണി മുഴക്കിയത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് അയച്ച വീഡിയോ സന്ദേശങ്ങളിലാണ് ഫെല്‍പ്‌സ് പ്രസിഡന്‍റ് ജോ ബൈഡനും കമല ഹാരിസിനുമെതിരായ വിദ്വേഷം പ്രകടിപ്പിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. കമലയുടെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്നും 50ാം ദിവസം മരിക്കാന്‍ പോകുകയാണെന്നും പ്രതി ഒരു വിഡിയോയില്‍ പറയുന്നുണ്ട്. കമല യഥാര്‍ത്ഥത്തില്‍ കറുത്ത വര്‍ഗക്കാരി അല്ലെന്നും ഫെല്‍പ്സ് ആരോപിക്കുന്നു.

2001 മുതൽ ജാക്സൺ ഹെൽത്ത് സിസ്റ്റത്തിൽ ജോലി ചെയ്യുകയാണ് ഫെല്‍പ്സ്. മാർച്ച് 3ന്, മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ സീക്രട്ട് സർവീസും ഡിറ്റക്ടീവുകളും ഫെല്‍പ്സിനെ കാണാന്‍ അവരുടെ വീട്ടിലെത്തിയെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല. മാർച്ച് 6ന് ഒരു രഹസ്യ ഏജന്‍റ് ഫെൽപ്‌സിന്‍റെ വീട്ടിലെത്തിയപ്പോള്‍ കമല ഹാരിസ് വൈസ് പ്രസിഡന്‍റായതില്‍ തനിക്ക് ദേഷ്യമുണ്ടെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫെല്‍പ്‌സ് ആയുധ പരിശീലനം നടത്തിയതായും ആയുധങ്ങള്‍ വാങ്ങാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് ഫെല്‍പ്സിനെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story