കോവിഡ്: 'ഇന്ത്യൻ വകഭേദം അപകടമേറിയത്'; വിലകുറച്ചു കാണരുതെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി
ഫ്രാൻസിൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം മൂന്നുപേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ

കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം അപകടമേറിയതെന്ന് ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒളിവിയർ വെരാൻ. ഇതിന്റെ അപകട സാധ്യത കുറച്ചുകാണരുതെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള കോവിഡ് വാക്സിനുകളിൽ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഫ്രാൻസിൽ കൊറോണ വൈറസിന്റെ ബി.1.617 ഇന്ത്യൻ വകഭേദം മൂന്നുപേർക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ താമസിക്കുന്ന ഒരു സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ മറ്റ് രണ്ട് പേർക്കും രോഗം ബാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഏറെ വ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമാണ് കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. B.1.617.1, B.1.617.2, B.1.617.3 എന്നിങ്ങനെ B.1.617-ന്റെ മൂന്ന് വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്. രാജ്യത്ത് കോവിഡ് ഏറ്റവും ഭീകരമായി പടർന്നുപിടിച്ച മഹാരാഷ്ട്രയിലെ 50 ശതമാനം രോഗികളും ഇതേ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.
Adjust Story Font
16

