Quantcast

ഭൂമി കുഴിച്ച് ലഭിക്കുന്നത് വജ്രം, ഒഴുകി ജനം: ഫോട്ടോകള്‍ വൈറല്‍

അതെ സമയം പ്രദേശത്ത് ഖനനത്തിനിറങ്ങിയ ആളുകളോട് പ്രാദേശിക ഭരണകൂടം പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

ijas

  • Updated:

    2022-08-30 07:05:52.0

Published:

16 Jun 2021 3:33 PM GMT

ഭൂമി കുഴിച്ച് ലഭിക്കുന്നത് വജ്രം, ഒഴുകി ജനം: ഫോട്ടോകള്‍ വൈറല്‍
X

ദക്ഷിണാഫ്രിക്കയിലെ ക്വാഹ്‍ലാതിയിലേക്ക് ഇപ്പോള്‍ ജനപ്രവാഹമാണ്. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു ആട്ടിടയന് വജ്രത്തിന് സമാനമായ വസ്തു ലഭിച്ചതോടെയാണ് വന്‍ ജനപ്രവാഹം പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. ആയിരത്തിന് മുകളില്‍ പേരാണ് ഭാഗ്യപരീക്ഷണത്തിനായി കൈക്കോട്ടും പിക്ക് ആക്സുമായി ഭൂമി ഉഴുതുമറിക്കുന്നത്.




വജ്രത്തിന് സമാനമായ സ്ഫടിക രൂപത്തിലുള്ള കല്ലുകള്‍ ലഭിച്ച ചിലര്‍ സംഭവം ജീവിതം മാറ്റിമറിക്കുന്നതാണെന്ന് പ്രതികരിച്ചു. കാലങ്ങളായി ജീവിതം വഴിമുട്ടിയവരും തൊഴില്‍രഹിതരായവരുമാണ് വജ്ര ഖനനത്തിനായി ആവേശത്തോടെ ഇറങ്ങിതിരിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വജ്രം ലഭിച്ച പലരും തുച്ഛ വിലക്ക് വില്‍പ്പന നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവ വജ്രങ്ങളല്ലെന്നും മറിച്ച് ക്വാര്‍ട്സ് ക്രിസ്റ്റല്‍ തരികളാണെന്നും പറയപ്പെടുന്നു.



താനിതുവരെ വജ്രം കാണുകയോ സ്പര്‍ശിച്ചിട്ടോയില്ലെന്നും ഇതാദ്യമായാണ് തന്‍റെ കൈയ്യില്‍ വജ്രം ലഭിക്കുന്നതെന്ന് ഖനനത്തില്‍ ഏര്‍പ്പെട്ട സ്കുംബോസോ പറയുന്നു. അതെ സമയം പ്രദേശത്ത് ഖനനത്തിനിറങ്ങിയ ആളുകളോട് പ്രാദേശിക ഭരണകൂടം പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്തേക്ക് ഭൂമിശാസ്ത്ര, ഖനന വിദഗ്ധരെ അയക്കുമെന്ന് ഖനന വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് നിന്നും ലഭിച്ച വജ്ര സാമ്പിളുകള്‍ പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുമെന്നും ഖനന വകുപ്പ് അറിയിച്ചു.




ലോകത്ത് വന്‍കിട വജ്ര നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്നാം നിരയിലാണ് ദക്ഷിണാഫ്രിക്ക. 1866 ല്‍ ഇരാസ്മസ് ജേക്കബ്‌സ് എന്ന യുവകര്‍ഷകനാണ് ആദ്യമായി പ്രദേശത്ത് വജ്രം കണ്ടെത്തിയത്.




TAGS :

Next Story