ഇസ്രായേല്‍ കപ്പല്‍ കനേഡിയന്‍ തീരത്ത് നങ്കൂരമിടുന്നത് തടഞ്ഞ് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍
ഇസ്രായേല്‍ ഷിപ്പിംഗ് കമ്പനിയായ സിമ്മിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രക്ഷോഭക്കാര്‍ തടഞ്ഞ വോളൻസ് കണ്ടെയ്നർ കപ്പല്‍
ഇസ്രായേല്‍ കപ്പല്‍ കനേഡിയന്‍ തീരത്ത് നങ്കൂരമിടുന്നത് തടഞ്ഞ് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍. പലസ്തീൻ അനുകൂല പ്രക്ഷോഭകരുടെ ബഹിഷ്കരണത്തെ തുടര്‍ത്ത് കപ്പലിന് തീരത്തേക്ക് അടുക്കാന്‍ സാധിച്ചില്ല. ഇസ്രായേൽ സാധനങ്ങൾ യു.എസിലേക്ക് കയറ്റി അയക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ബ്ലോക്ക് ദ ബോട്ട് പ്രസ്ഥാനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് കപ്പല്‍ തടഞ്ഞതെന്ന് പത്തോളം പേരടങ്ങുന്ന പ്രക്ഷോഭകരുടെ സംഘം പറഞ്ഞതായി സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേല്‍ ഷിപ്പിംഗ് കമ്പനിയായ സിമ്മിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രക്ഷോഭക്കാര്‍ തടഞ്ഞ വോളൻസ് കണ്ടെയ്നർ കപ്പല്‍. ബ്ലോക്ക് ദ ബോട്ട് പ്രസ്ഥാനക്കാര്‍ നിരന്തരം ലക്ഷ്യം വെക്കുന്നതാണ് വോളൻസ് കണ്ടെയ്നർ കപ്പല്‍.
കഴിഞ്ഞയാഴ്ച കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ വോളന്‍സ് കപ്പല്‍ അടുക്കുന്നത് പ്രക്ഷോഭകര്‍ തടഞ്ഞിരുന്നു. ഗസ്സയില്‍ ഇസ്രായേൽ നടത്തിയ മാരകമായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് 2014ല്‍ പലസ്തീൻ അനുകൂല പ്രക്ഷോഭകർ സിം കമ്പനിയുടെ രണ്ട് കപ്പലുകള്‍ കനേഡിയന്‍ തീരത്ത് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. അതിനുശേഷം ആദ്യമാണ് തീരത്തടുപ്പിക്കാന്‍ ഇസ്രായേല്‍ കപ്പല്‍ കമ്പനി ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസവും ഇസ്രായേല്‍ ഫലസ്തീനിലേക്ക് വ്യോമാക്രമണം നടത്തിയിരുന്നു. 11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിർത്തൽ നിലവിൽവന്ന ശേഷം ആദ്യമായാണ് വീണ്ടും ഇസ്രായേൽ ബോംബുവർഷിക്കുന്നത്. ഗസ്സ ആക്രമണത്തിൽ 66 കുട്ടികളുൾപെടെ 256 പേർ മരിച്ചിരുന്നു. 12 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച അധികാരമേറ്റ നാഫ്റ്റലി ബെനറ്റ് സർക്കാർ ജറൂസലമിൽ പ്രകോപനപരമായ തീവ്രജൂത സംഘടനകളുടെ ജറൂസലം മാർച്ചിന് അനുമതി നൽകിയിരുന്നു. അനുമതിക്കെതിരെ ഹമാസ് ശക്തമായി പ്രതികരിച്ചിരുന്നു. മാർച്ചിൽ പ്രതിഷേധിച്ച് ഗാസയിൽ നൂറുകണക്കിന് ഫലസ്തീനികൾ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു. 1967ലെ ഇസ്രായേൽ അധിനിവേശത്തിന്‍റെ വാർഷിക ആഘോഷമായിട്ടായിരുന്നു ജറൂസലം മാർച്ച്. 'അറബികൾക്ക് മരണം' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ജൂത കുടിയേറ്റ സംഘടനകളുടെ പ്രകടനം. ഇതിന് മുന്നോടിയായി നഗരത്തിലെ പഴയ പട്ടണത്തിനുസമീപത്തെ ഡമസ്കസ് ഗേറ്റിനരികെനിന്ന് 13 ഫലസ്തീനികളെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ പൊലീസ് മാർച്ച് തടസ്സങ്ങളില്ലാതെ നടക്കുമെന്ന് ഉറപ്പാക്കി. സ്റ്റൺ ഗ്രനേഡ് ആക്രമണത്തിൽ 33 ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Adjust Story Font
16