പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ല; തായ് പ്രധാനമന്ത്രിക്ക് വന്‍ തുക പിഴ
മാസ്ക് ധരിക്കാതെ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെത്തിയ തായ്‌ലന്‍റ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്ക് വന്‍ തുക പിഴ. 190 ഡോളറാണ് (14,202 രൂപ) പിഴയടക്കേണ്ടത്. ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണ നിയമം പാലിക്കാത്തതിന്‍റെ പേരിലാണ് പിഴ ചുമത്തിയതെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അസ്വിൻ ക്വാൻമുവാങ് അറിയിച്ചു.
മാസ്ക് ധരിക്കാതെ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നും ഇതേത്തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. പിന്നീട് ഈ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വിവരം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബാങ്കോക്ക് ഗവര്‍ണര്‍ വ്യക്തമാക്കി. നഗരത്തിലേര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താനായിരുന്നു പ്രധാനമന്ത്രി ചാന്‍ ഔച്ച ബാങ്കോക്കിലെത്തിയത്.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ തായ്‌ലന്‍റില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 30 ദിവസങ്ങളിലായി 57,508 കോവിഡ് കേസുകളും 148 മരണങ്ങളുമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2,048 പുതിയ കോവിഡ് കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു. ഇതില്‍ 901 കേസുകളും തലസ്ഥാന നഗരമായ ബാങ്കോക്കിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
Adjust Story Font
16