'മോദി എങ്ങനെ നമ്മെ പരാജയപ്പെടുത്തി?'; കോവിഡില്‍ കടുത്ത വിമര്‍ശനവുമായി ടൈം മാഗസിന്‍
കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാരും വലിയ പരാജയമായിരുന്നുവെന്ന് ടൈം മാഗസിന്‍ കവര്‍ സ്റ്റോറി. 'ഇന്ത്യ പ്രതിസന്ധിയിലാണ്', 'എങ്ങനെയാണ് മോദി നമ്മെ പരാജയപ്പെടുത്തിയത്' എന്ന രണ്ട് പ്രധാന തലക്കെട്ടോടെയുള്ള ലേഖനങ്ങളിലാണ് മോദി സര്‍ക്കാരിനെതിരെ ടൈം മാഗസിന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ടൈം ഡെപ്യൂട്ടി എഡിറ്റര്‍ നൈന ബജേക്കലും മാധ്യമപ്രവര്‍ത്തകയും 'ഗുജറാത്ത് ഫയല്‍സ്' പുസ്തകത്തിന്‍റെ രചയിതാവുമായ റാണ അയ്യൂബ് എന്നിവരാണ് കവര്‍ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്. ഡല്‍ഹിയില്‍ ശ്മശാനത്തില്‍ നിന്നും ശിവന്‍വര്‍മ്മ എന്നയാള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട തന്‍റെ സഹോദര ഭാര്യയെ അടക്കാന്‍ കൊണ്ടുപോകുന്ന ചിത്രമാണ് മാഗസിന്‍റെ മുഖചിത്രം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രത്തിന് കൂട്ടക്കൊലകളെ ഇപ്പോൾ ഒഴിവാക്കാനാവുന്നില്ലെന്ന് നൈന ബജേക്കല്‍ തന്‍റെ ലേഖനത്തില്‍ നിരീക്ഷിക്കുന്നു. ബോഡി ബാഗുകളുടെ ചിത്രങ്ങളും വൈദ്യസഹായത്തിനുള്ള അടിയന്തര അഭ്യർത്ഥനകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നതായും ഒരിറ്റ് ശ്വാസത്തിന് വേണ്ടി പോലും നിറഞ്ഞുകവിഞ്ഞ ആശുപത്രികളില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫെബ്രുവരി 21 ന് മോദിയുടെ സ്വന്തം ബി.ജെ.പി കോവിഡിനെതിരായ പോരാട്ടത്തിൽ വിജയികളായ ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിൽ പ്രധാനമന്ത്രി മോദിയുടെ ദർശനാത്മക നേതൃത്വത്തെ പ്രശംസിക്കുന്ന പ്രമേയം പാസാക്കിയെങ്കിലും രണ്ട് മാസത്തിന് ശേഷം, ഇന്ത്യയുടെ പ്രതിസന്ധി പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റെവിടെയെങ്കിലും കാണുന്നതിലും വളരെ ഉയർന്നതാണെന്നും നൈന പറയുന്നു.
ഇന്ത്യയുടെ ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണെന്നും രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ഓക്സിജൻ വിതരണം, വെന്‍റിലേറ്ററുകൾ, കിടക്കകൾ എന്നിവക്ക് കടുത്ത ക്ഷാമമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കോവിഡ് ടെസ്റ്റുകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലാബുകൾ പാടുപെടുന്നതിനിടയിൽ, റെംഡെസിവിർ പോലുള്ള മരുന്നുകൾ വാങ്ങാൻ ഇന്ത്യക്കാർ തിരക്കുകൂട്ടുന്നതായും നൈന ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ തൊഴിലാളികളെ പോലും പരിഗണിക്കാതെ കഴിഞ്ഞ വര്‍ഷം ആദ്യം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖിക മോദിയുടെ നയങ്ങള്‍ ഒന്നും തന്നെ കോവിഡിനെ ചെറുക്കാന്‍ സഹായകരമായില്ലെന്നും നിരീക്ഷിക്കുന്നുണ്ട്.
കോവിഡ് രണ്ടാം തരംഗ സമയത്തെ മരുന്ന്, വെന്‍റിലേറ്റര്‍, ഓക്സിജന്‍ ക്ഷാമത്തെ യഥാര്‍ത്ഥ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയാണ് റാണ അയ്യൂബ് തന്‍റെ ലേഖനത്തില്‍. കോവിഡ് സാഹചര്യത്തിലും കുംഭ മേള പോലെയുള്ള വലിയ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയതിനെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വലിയ തോതില്‍ നേതാക്കള്‍ ജനങ്ങളെ ഇറക്കിയതിനെയും റാണ അയ്യൂബ് തന്‍റെ ലേഖനത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.
Narendra Modi's crimes against humanity. Our cover for TIME magazine @naina_bajekal pic.twitter.com/AKXvVql568
— Rana Ayyub (@RanaAyyub) April 29, 2021
ഇക്കഴിഞ്ഞ ദിവസം ലോകമാധ്യമങ്ങള്‍ നിരവധി റിപ്പോര്‍ട്ടുകളിലായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കോവിഡ് നേരിടുന്നതിലെ നിരുത്തരവാദ സമീപനത്തെ വിമര്‍ശിച്ചിരുന്നു. 'ധാര്‍ഷ്ട്യം, അമിതമായ ദേശീയത' എന്നിവയൊക്കെ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ 'ദ ആസ്‌ട്രേലിയന്‍' റിപ്പോര്‍ട്ട് ചെയ്തത്. 'ദ ഗാര്‍ഡിയന്‍', 'ഖലീജ് ടൈംസ്', തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.
Adjust Story Font
16