ഇസ്രായേലിലേക്ക് പോകരുത്; പൗരന്മാർക്ക് നിർദേശവുമായി അമേരിക്ക
20 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഇസ്രായേലിൽ അരങ്ങേറുന്നത്.
ഗസ്സയ്ക്കു മേലുള്ള ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് സ്വന്തം പൗരന്മാരെ വിലക്കി അമേരിക്ക. ഗസ്സയിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ബോംബിങ്ങിനോടുള്ള പ്രതികരണമായി ഹമാസ് റോക്കറ്റ് ആക്രമണം തുടരുകയും ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവലതുപക്ഷവും അറബ് വംശജരും തമ്മിൽ സംഘർഷം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
"ഗസ്സ അതിർത്തിയിലും ജെറുസലേം അടക്കം ദക്ഷിണ-മധ്യ ഇസ്രായേലിലും റോക്കറ്റുകൾ പ്രതിഫലനമുണ്ടാക്കുന്നുണ്ട്. ഇസ്രായേലിലുടനീളം പ്രതിഷേധങ്ങളിലും അക്രമങ്ങളിലും പ്രകടമായ വർധനയുണ്ടായിട്ടുണ്ട്. സമീപകാലത്തെ അക്രമ സംഭവങ്ങളിൽ നശീകരണം, കല്ലേറ്, വാഹനങ്ങൾ കത്തിക്കൽ, വഴിയാത്രക്കാർക്ക് നേരെയുള്ള ആക്രമണം എന്നിവ ഉൾപ്പെടുന്നു. കൂടുതൽ പ്രതിഷേധങ്ങളും അക്രമങ്ങളും മുന്നറിയിപ്പില്ലാതെ തുടങ്ങാൻ സാധ്യതയുണ്ട്." - അമേരിക്ക പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിൽ പറയുന്നു.
ഖുദ്‌സ് പള്ളിക്കും ഫലസ്തീൻ ജനതക്കും നേരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ ഇസ്രായേലിലെ അറബ് വംശജർ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. ഇവരെ ആയുധങ്ങളുമായി നേരിടാൻ പൊലീസിന്റെ സഹായത്തോടെ വലതുപക്ഷം രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. 20 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ ഇസ്രായേലിൽ അരങ്ങേറുന്നത്.
ഗസ്സയിൽ ഇസ്രായേൽ നാലു ദിവസത്തിലേറെയായി തുടരുന്ന ബോംബിങ്ങിലും വ്യോമാക്രമങ്ങളിലും ഇതുവരെ 103 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 26 കുട്ടികളും ഗർഭിണിയായ മാധ്യമ പ്രവർത്തകയടക്കം 14 സ്ത്രീകളും ഉൾപ്പെടുന്നു. റോക്കറ്റുകൾ ഉപയോഗിച്ചു ഹമാസ് നടത്തുന്ന തിരിച്ചടിയിൽ ഏഴ് ഇസ്രായേലികളും കൊല്ലപ്പെട്ടു.
Adjust Story Font
16