ഇസ്രായേല്‍-ഫലസ്തീന്‍ ദ്വിരാഷ്ട്ര ഫോർമുലയിൽ മാറ്റമില്ല, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കും: അമേരിക്ക
ഗസ്സയുടെ പുനർനിർമാണത്തിന് അമേരിക്ക സഹായിക്കും. ഈ സഹായം ഹമാസിന് ഗുണകരമായി മാറില്ലെന്ന് ഉറപ്പുവരുത്തുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി

ഇസ്രായേലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ. അതേസമയം ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ എല്ലാ നീക്കവും തുടരും. ദ്വിരാഷ്ട്ര പ്രശ്നപരിഹാര ഫോർമുലയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ബ്ലിൻകൻ പശ്ചിമേഷ്യൻ സമാധാന പ്രക്രിയ സംബന്ധിച്ച് ഒന്നുംതന്നെ വ്യക്തമാക്കിയില്ല.
അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതുൾപ്പെടെ ഇസ്രായേൽ സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ പറഞ്ഞു. ഗസ്സയുടെ പുനർനിർമാണത്തിനും അമേരിക്ക ഫലപ്രദമായി സഹായിക്കും. ഈ സഹായം ഹമാസിന് ഗുണകരമായി മാറില്ലെന്ന് ഉറപ്പുവരുത്തും. നടപ്പുവർഷം ഫലസ്തീൻ വികസന പദ്ധതികൾക്കായി 75 മില്യൻ ഡോളർ അനുവദിക്കാൻ യു.എസ് കോൺഗ്രസിൽ ആവശ്യപ്പെടും. ഗസ്സ പുനർനിർമാണത്തിന് അഞ്ചര മില്യൻ ഡോളർ ഉടൻ നൽകും. യു.എൻ ഏജൻസികൾ മുഖേന 32 മില്യൻ ഡോളറും നൽകുമെന്നും ബ്ലിൻകൻ പറഞ്ഞു.
ജറൂസലം, റാമല്ല എന്നിവിടങ്ങളിൽ ഇസ്രായേൽ, ഫലസ്തീൻ നേതാക്കളുമായി ബ്ലിൻകൻ ചർച്ച നടത്തി. ഇസ്രായേൽ, ഫലസ്തീൻ എന്ന ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കുകയാണ് സമാധാനത്തിനുള്ള ഏക മാർഗമെന്ന് ജറൂസലമിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബ്ലിൻകൻ പ്രതികരിച്ചു. ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ അരക്കിട്ടുറപ്പിക്കുകയാണ് സന്ദർശന ലക്ഷ്യം.
ഹമാസ് അക്രമം ആവർത്തിച്ചാൽ ഇസ്രായേലിന്‍റെ പ്രതികരണം കനത്തതായിരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആണവ കരാർ റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം അമേരിക്ക പുനഃപരിശോധിക്കരുതെന്ന് നെതന്യാഹു ചർച്ചയിൽ ആവശ്യപ്പെട്ടു. ജറൂസലമിലെ അതിക്രമം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഈജിപ്തിലും ജോർഡനിലും പര്യടനം നടത്തുന്ന ബ്ലിൻകൻ നാളെ അമേരിക്കയിലേക്ക് മടങ്ങും.
Adjust Story Font
16

