Quantcast

സരിതയുടെ കത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഹൈക്കോടതി

MediaOne Logo

Muhsina

  • Published:

    3 May 2018 4:29 AM GMT

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കേസ് ജനുവരി 15ന് വീണ്ടും പരിഗണിക്കും...

സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയ സരിതയുടെ കത്തിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞത്. സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കേസ് ജനുവരി 15ന് വീണ്ടും പരിഗണിക്കും. കേസിലെ തുടര്‍നടപടികള്‍ ഹൈക്കടോതി സ്‌റ്റേ ചെയ്തില്ല.

ജയിലിലായിരിക്കെ സരിത എഴുതിയ കതിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്നത് വിലക്കണം എന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യമാണ് ഹൈ കോടതി ഇടക്കാല ഉത്തരവിലൂടെ അനുവദിച്ചത്. കത്തിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും രണ്ടു മാസത്തേക്കാണ് കോടതി തടഞ്ഞത്. അച്ചടി ദ്യശ്യ മാധ്യമങ്ങള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഉത്തരവ് ബാധകമാകും. അടുത്ത 15 ന് കേസ് വിശദമായി വാദം കേള്‍ക്കും.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ മുഖ്യമന്ത്രി വാര്‍ത്തക്കുറിപ്പ് ഇറക്കിയത് അനുചിതമെന്നു കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് കൂടിയുണ്ടെന്നും കോടതി ചൂണ്ടികാട്ടി. സരിതയുടെ കത്ത് കമ്മീഷന്റെ പരിഗണന വിഷയത്തിന് പുറത്തായിട്ടും 600 ലേറെ പേജ് കത്തിനെ അധികരിച്ചായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. അത് നിയമ വിരുദ്ധമാണ്.

വ്യക്തിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഉള്ളടക്കം ഉള്ള കത്തു പൊതു ചര്‍ച്ചയില്‍ നിന്നും വിലക്കണമെന്നും ഉമ്മന്‍ ചാണ്ടി ബോധിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തു. സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഒരുദിവസം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ വ്യക്തിയുടെ പ്രതിശ്ചായയെ ബാധിക്കുന്ന കാര്യമായതിനാല്‍ സമയം നീട്ടി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

TAGS :

Next Story