Quantcast

ഒരു കുറ്റവും ചെയ്യാത്ത പെണ്‍കുട്ടിയോട് കോടതി ചെയ്യുന്നതെന്ത്?

MediaOne Logo

Muhsina

  • Published:

    30 May 2018 3:17 AM GMT

ഒരു കുറ്റവും ചെയ്യാത്ത പെണ്‍കുട്ടിയോട് കോടതി ചെയ്യുന്നതെന്ത്?
X

ഒരു കുറ്റവും ചെയ്യാത്ത പെണ്‍കുട്ടിയോട് കോടതി ചെയ്യുന്നതെന്ത്?

ലിവിംങ് ടുഗേദര്‍ ബന്ധങ്ങളെപ്പോലും പ്രോത്സാഹിപ്പിക്കുന്ന സുപ്രിംകോടതി വിധി നിലനില്‍ക്കുന്നിടത്താണ് കേരള ഹൈക്കോടതിയുടെ ഈ 'അന്യായ'വിധി. ഇത്തരത്തില്‍ 'മുന്‍വിധി'കള്‍ കലര്‍ന്ന് കോടതികള്‍ വിധി പ്രസ്താവന നടത്തുമ്പോള്‍ അരക്ഷിതാവസ്ഥയിലാവുന്നത് ഷഫിനെയും ഹാദിയയെയും പോലുള്ളവരാണ്.

''ഞാനെന്റെ സ്വന്തം താല്‍പര്യപ്രകാരമാണ് മതം മാറിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഒരാളെ വിവാഹം ചെയ്തത്..'' എന്നൊരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി പറയുമ്പോള്‍ അതൊന്നും കേള്‍ക്കാതെ, പൌരന് സര്‍വ്വ മൌലികാവകാശങ്ങളും നിലനില്‍ക്കുന്ന ഈ ഇന്ത്യാമഹാരാജ്യത്തെ നിയമപ്രകാരം തന്നെ നടന്ന ഒരു വിവാഹം റദ്ദ് ചെയ്യുവാന്‍ കോടതിക്ക് എങ്ങിനെയാണ് അധികാരം ലഭിക്കുന്നത്?

സ്വന്തം താല്‍പര്യപ്രകാരമാണ് മതം മാറിയതെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹരജി പരിഗണിക്കവേ പെണ്‍കട്ടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹേബിയസ് കോര്‍പസുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നതെന്നതിനാലും, വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലായിരുന്നു എന്ന കാരണത്താലുമാണ് കോടതിയുടെ ഈ വിചിത്ര വിധി. ഹാദിയയുടെ രക്ഷകര്‍ത്താവായിരിക്കാന്‍ ഷെഫിന് അധികാരമോ അവകാശമോ ഇല്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇതിനാല്‍‌ യുവതിയെ പൊലീസ് സംരക്ഷണയില്‍ വൈക്കത്തെ വീട്ടിലെത്തിക്കാനാണ് കോടതി നിര്‍ദേശം.

രണ്ടരവര്‍ഷം മുമ്പ് 2015ലാണ് വൈക്കം സ്വദേശിയായ അഖിലയെന്ന ഹാദിയ ഇസ്ലാം മതം സ്വീകരിച്ചത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച ഹാദിയ മതപഠനത്തിനായി വീടുവിട്ടിറങ്ങി മലപ്പുറം മഞ്ചേരിയിലെ സത്യസരണിയില്‍ എത്തി. എന്നാല്‍ 2016ല്‍ പിതാവ് ഹാദിയയെ കാണാതായതായി കാണിച്ച് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ഇതോടെ കോടതിയില്‍ ഹാജരായ ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയതെന്ന് മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹാദിയയെ കോട്ടക്കല്‍ സൈനബ എന്ന സ്ത്രീയുടെ കൂടെ താമസിക്കുവാന്‍ കോടതി അനുവദിച്ചു.

എന്നാല്‍ ഐഎസിലേക്ക് തന്റെ മകളെ റിക്രൂട്ട് ചെയ്തെന്നാരോപിച്ച് ഹാദിയയുടെ പിതാവ് വീണ്ടും ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് 37ദിവസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞ ഹാദിയ, തന്നെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് കത്ത് നല്‍കി. ഇതേതുടര്‍ന്ന് ആഗസ്റ്റില്‍ വന്ന ഇടക്കാല ഉത്തരവില്‍ സ്വതന്ത്രയാക്കപ്പെട്ട ഹാദിയയെ വീണ്ടും സൈനബയോടൊപ്പം പോകുവാന്‍ കോടതി അനുവദിച്ചു.

ഇതിനുശേഷമാണ് ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മില്‍ പരിചയപ്പെടുന്നത് പോലും. ''ആഗസ്റ്റ് 8നാണ് 'വേ ടു നിക്കാഹ്' മാട്രിമോണിയല്‍ സൈറ്റ് വഴി ഹാദിയയുടെ പ്രൊഫൈല്‍ കാണുന്നത്. ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ നവംബറില്‍ നാട്ടിലെത്തിയപ്പോള്‍ ആ മാസം ‍30ന് ഞങ്ങള്‍ നേരില്‍ കണ്ടു. പരസ്പരം സംസാരിച്ചു. രണ്ടുപേര്‍ക്കും ഇഷ്ടമായതോടെ വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.'' ഷഫിന്‍ മീഡിയവണിനോട് പറഞ്ഞു.

"ഡിസംബര്‍ 19നായിരുന്നു വിവാഹം. കോട്ടക്കല്‍ പുത്തൂർ ജുമാ മസ്​ജിദ്​ ഖാദിയാണ്​ നിക്കാഹ് നടത്തിയത്. വിവാഹത്തിന് രണ്ട് പേരുടെയും മഹല്ല് ഭാരവാഹികളും പങ്കെടുത്തിരുന്നു. കോടതി അനുമതിപ്രകാരം താമസിക്കുന്ന, സൈനബയെന്ന സ്ത്രീയുടെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു നിക്കാഹ്. ഡിസംബര്‍ 20ന് മാര്യേജ് ആക്ട് പ്രകാരം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പിറ്റേന്ന് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നു. എന്നാല്‍ പിന്നീട് നടന്നത് തീര്‍ത്തും വിചിത്രമായ നടപടികളായിരുന്നു. വിവാഹത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയെ ഏകപക്ഷീയമായി തടങ്കലിലാക്കി. എറണാകുളം എസ് എല്‍ വി സദനത്തിലായിരുന്നു അവള്‍. ഇന്നേക്ക് 156ദിവസങ്ങള്‍.. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍. സീനിയര്‍ വക്കീലിനുപോലും അവളെ കാണുവാനോ സംസാരിക്കുവാനോ ഉള്ള അനുവാദം ഡിവിഷന്‍ ബെഞ്ച് നല്‍കിയില്ല. ആദ്യത്തെ 60ഓളം ദിവസങ്ങള്‍ അവള്‍ക്ക് പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ പോലും സൌകര്യമുണ്ടായിരുന്നില്ല. അവള്‍ പറയുന്നത് ആരും മുഖവിലക്കെടുത്തില്ല. ഇപ്പോള്‍ ഈ വിധി പറയുന്ന അവസരത്തിലും അവള്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല.'' ഷഫിന്‍ പറയുന്നു.

പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുവാനുള്ള അവകാശമുള്ള ഒരു രാജ്യത്താണ് ഇത്തരമൊരു വിധി. ജാതിഭേദമന്യേ ഏതൊരു പൌരനും ലഭിക്കേണ്ടുന്ന മൌലികാവകാശങ്ങളില്‍ നിന്നും എന്തുകൊണ്ടാണ് ഹാദിയയും ഷഫിനും അകറ്റിനിര്‍ത്തപ്പെടുന്നത്? സ്വന്തമായി ഒരു മതമോ, ജീവിതപങ്കാളിയെയോ തൊരഞ്ഞെടുക്കുവാന്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് അവകാശമില്ലേ? പിന്നെയുള്ളത് ഐഎസ് റിക്രൂട്ട്മെന്റ് എന്ന ആരോപണമാണ്. ഹാദിയയുടെ പിതാവിന്റെ ആരോപണം നിലനില്‍ക്കുന്നു എന്നല്ലാതെ യാതൊരുവിധ തെളിവുകളുടെയും പിന്‍ബലം ഇതിനില്ല. മതം മാറ്റവുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയമായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെക്കുറിച്ച് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും ഹാദിയക്കനുകൂലമാണ്. എന്നാല്‍ അന്വേഷണ​ ഉദ്യോഗസ്ഥ​ന്​ വീഴ്​ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കോടതി ആവശ്യപ്പെടുന്നത്. ഇതില്‍ നിന്നെല്ലാം എന്താണ് മനസിലാക്കേണ്ടത്?

ഈ കേസില്‍ മുസ്ലിം നിയമപ്രകാരമുള്ള നിക്കാഹ് നടന്നതാണ്. മുസ്ലിം ആചാരപ്രകാരം വധുവിന്റെ രക്ഷകര്‍ത്താവാണ് വരന് പെണ്‍കുട്ടിയെ നിക്കാഹ് ചെയ്ത് നല്‍കേണ്ടത്. പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും അമുസ്ലിംകളായിരിക്കുന്ന അവസരത്തില്‍ ഉത്തരവാദിത്തപ്പെട്ട രക്ഷകര്‍ത്താവ് നിക്കാഹ് നടത്തിക്കൊടുക്കണമെന്നാണ്. അത്തരത്തില്‍ തന്നെയാണ് ഷഫിന്റെയും ഹാദിയയുടെയും നിക്കാഹ് നടന്നിട്ടുള്ളത്. 2016ഡിസംബര്‍ 20ന് തന്നെ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിറ്റേന്ന് മുതല്‍ ഹാദിയ കോടതിയുടെ കരുതല്‍ തടങ്കലിലുമായി.

ലിവിംങ് ടുഗേദര്‍ ബന്ധങ്ങളെപ്പോലും പ്രോത്സാഹിപ്പിക്കുന്ന സുപ്രിംകോടതി വിധി നിലനില്‍ക്കുന്നിടത്താണ് കേരള ഹൈക്കോടതിയുടെ ഈ 'അന്യായ'വിധി. ഇത്തരത്തില്‍ 'മുന്‍വിധി'കള്‍ കലര്‍ന്ന് കോടതികള്‍ വിധി പ്രസ്താവന നടത്തുമ്പോള്‍ അരക്ഷിതാവസ്ഥയിലാവുന്നത് ഷഫിനെയും ഹാദിയയെയും പോലുള്ളവരാണ്. രണ്ട് ദിവസത്തെ ദാമ്പത്യവും നീണ്ട കാത്തിരിപ്പും നല്‍കുന്ന വേദനകള്‍ക്ക് ഇനിയുമൊരു അവസാനമില്ലാതെ, ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുത്തെന്ന കാരണത്താല്‍‍, ഇഷ്ടാനുസരണം ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുത്തതിന് ‍, മൌലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടുകൊണ്ട് തീരാത്ത അനിശ്ചിതത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്.

TAGS :

Next Story