Quantcast

ഇസ്രായേലിനെ വിടാതെ യോം കിപ്പൂർ ഓർമകൾ; അരനൂറ്റാണ്ടിനിപ്പുറം പശ്ചിമേഷ്യ |Gaza 100 Days |

50 വര്‍ഷത്തിനിപ്പുറം യോം കിപ്പൂർ യുദ്ധം ഒരു ഹൊറർ ചിത്രം പോലെ അപ്പടി 'പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്' കൺമുന്നിൽ കാണുകയായിരുന്നു 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ. യോം കിപ്പൂർ യുദ്ധം മൂന്ന് ആഴ്ചകൊണ്ടു തീർന്നെങ്കിൽ നൂറുദിനം പിന്നിടുന്ന പുതിയ യുദ്ധം പശ്ചിമേഷ്യയുടെയും ആഗോളരാഷ്ട്രീയത്തിന്റെയും ഗതിമാറ്റിക്കുറിക്കുകയാണ്

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2024-01-18 08:24:41.0

Published:

14 Jan 2024 2:29 PM GMT

ഇസ്രായേലിനെ വിടാതെ യോം കിപ്പൂർ ഓർമകൾ; അരനൂറ്റാണ്ടിനിപ്പുറം പശ്ചിമേഷ്യ |Gaza 100 Days |
X

1973 ഒക്ടോബർ 6. ജൂതന്മാരുടെ വിശുദ്ധ യോം കിപ്പൂര്‍ ദിനം. സീനായിലൂടെ, സൂയസ് കനാൽ വഴി ഈജിപ്ഷ്യൻ സൈന്യവും ഗോലാൻ കുന്നുകളിലൂടെ സിറിയൻ സൈന്യവും ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറുന്നു. യുദ്ധവിമാനങ്ങൾ ഇസ്രായേല്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്നു. മണ്ണിൽ കവചിതടാങ്കുകളുടെ ഇരമ്പവും.

അപ്രതീക്ഷിത ആക്രമണത്തിൽ 'ഇരുട്ടിലായ', കരയും കടലും വഴിയുള്ള മിന്നലാക്രമണത്തിൽ സ്തംഭിച്ചുപോയ ഇസ്രായേലിനു യാഥാർത്ഥ്യബോധത്തിലേക്കു വരാൻ മണിക്കൂറുകളെടുത്തു. 24 മണിക്കൂറിനകം ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചു. യു.എസ് നൽകിയ ആയുധശേഖരത്തിന്റെ ബലത്തിൽ സൂയസ് കനാൽ വഴി ഈജിപ്തിലേക്കും ഗോലാൻ കുന്നുകളിലൂടെ സിറിയയിലേക്കും ശക്തമായ തിരിച്ചടിച്ചു ഇസ്രായേൽ. മൂന്ന് ആഴ്ച നീണ്ട ആക്രമണ-പ്രത്യാക്രമണങ്ങൾക്കൊടുവിൽ ഒക്ടോബർ 25ന് യു.എൻ മധ്യസ്ഥതയിൽ മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു.

1967ലെ അറബ് യുദ്ധത്തിന്റെ ക്ഷീണം തീർക്കാനായതിന്റെ ആശ്വാസമായിരുന്നു ഇത്തവണ ഈജിപ്തിനും സിറിയയ്ക്കും. ആറു വർഷം മുൻപ് നടന്ന യുദ്ധത്തിന്റെ മാനസികമേധാവിത്വം തകർന്നതിന്റെ, ആത്മവിശ്വാസം അരക്ഷിതബോധത്തിലേക്കു വഴിമാറിയ അനുഭവമായിരുന്നു ഇസ്രായേലിനത്. 1978ൽ ക്യാംപ് ഡേവിഡ് കരാറിലൂടെ സീനാ മേഖല പൂർണമായി ഈജിപ്തിനു തിരിച്ചുനൽകേണ്ടിവന്നു ഇസ്രായേലിന്. ഗോലാൻ കുന്നുകളിൽ കൈയടക്കിവച്ച പ്രദേശങ്ങളിൽനിന്നും പിന്മാറേണ്ടിവന്നു. 1979ൽ സമാധാന കരാറിലൂടെ ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കുന്ന ആദ്യ അറബ് രാഷ്ട്രവുമായി ഈജിപ്ത്.

1973ല്‍ യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി സൂയസ് കനാലിലൂടെ പോകുന്ന ഈജിപ്ത് സൈനികര്‍ (കടപ്പാട്: അല്‍ജസീറ)

യോം കിപ്പൂർ യുദ്ധമെന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ട ഈ ചരിത്രസന്ധിയെക്കുറിച്ച് The Yom Kippur War: The Epic Encounter That Transformed the Middle East എന്ന പുസ്തകം രചിച്ച എബ്രഹാം റാബിനോവിച്ച് നടത്തുന്ന ചില നിരീക്ഷണങ്ങളുണ്ട്. ചരിത്രത്തിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ യുദ്ധവിജയമായിരുന്നു അതെന്നായിരുന്നു റാബിനോവിച്ചിന്റെ വിലയിരുത്തൽ. എന്നാൽ, ഇസ്രായേലികളെ മാനസികമായി തകർത്തുകളഞ്ഞ ഏറ്റവും വലിയ ചരിത്രസംഭവവും അതുതന്നെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2,600 ഇസ്രായേലികളായിരുന്നു അന്ന് കൊല്ലപ്പെട്ടത്. എന്നാൽ, ആ മരണക്കണക്കിനപ്പുറമായിരുന്നു യുദ്ധം അവരിലേൽപ്പിച്ച മാനസികാഘാതവും മുറിവും.

അന്ന് ഈജിപ്ത്, സിറിയ; ഇന്ന് ഹിസ്ബുല്ല, ഹൂതി

കൃത്യം അരനൂറ്റാണ്ടിനുശേഷം ഒരു ഹൊറർ ചിത്രം പോലെ, ഒരു പേക്കിനാവ് പോലെ യോം കിപ്പൂർ യുദ്ധം 'പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്' കൺമുന്നിൽ കാണുകയായിരുന്നു 2023 ഒക്ടോബർ ഏഴിന് മെറോൺ മെദ്‌സീനി. 1973ലെ യോം കിപ്പൂർ യുദ്ധനാളുകളിൽ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡ മെയറിന്റെ പ്രസ് സെക്രട്ടറിയായിരുന്നു മെറോൺ. ഒരു ഭീകര 'ദെജാ വു' തന്നെ! ''അന്ന് ഒട്ടും സജ്ജരായിരുന്നില്ല ഞങ്ങൾ. അതിന്റെ രോഷം ഉള്ളിലുണ്ടായിരുന്നു. ഇത്തവണ പക്ഷെ തീർത്തും വ്യത്യസ്തരായൊരു ശത്രുക്കളാണു മുന്നിലുള്ളത്.''-'ടൈം' മാഗസിനോട് ആ ഞെട്ടലിനെക്കുറിച്ച് മെറോൺ തുറന്നുപറഞ്ഞത് അങ്ങനെയായിരുന്നു.

ഒക്ടോബർ ഏഴിൽ ഇസ്രായേൽ സൈനികതാവളങ്ങളിലും കൈയേറ്റ പ്രദേശങ്ങളിലും ഹമാസ് നടത്തിയ മിന്നലാക്രമണം നടന്നതും യോം കിപ്പൂർ ദിനത്തിനു തൊട്ടുപിന്നാലെയായിരുന്നു. ഒരു ശനിയാഴ്ച, സാബത്ത് ദിനത്തിൽ. അരനൂറ്റാണ്ടിനുശേഷം ഇസ്രായേൽ വീണ്ടും അയൽപോരാട്ടങ്ങളിൽ കിടുങ്ങുന്നു. 1973 ഒക്ടോബറിനു സമാനമായി, അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തിൽനിന്നും അരക്ഷിതാവസ്ഥയിൽനിന്നും മുക്തമാകാൻ, തിരിച്ചൊരു ആക്രമണത്തിനു മുതിരാൻ ഇസ്രായേലിനു മണിക്കൂറുകളെടുത്തു.

യോം കിപ്പൂര്‍ യുദ്ധത്തിനിടയില്‍ ഗോലാന്‍ കുന്നിലെ ആക്രമണത്തില്‍ പരിക്കേറ്റ ഇസ്രായേല്‍
സൈനികനെ വാഹനത്തിലേക്ക് മാറ്റുന്നു(കടപ്പാട്: അല്‍ജസീറ)

പക്ഷെ, നേരിടാൻ ഹമാസ് എന്ന 'ദുർബലരുടെ ചെറുസംഘം' മാത്രമാണു മുന്നിലുള്ളതെന്ന ആശ്വാസം ഇത്തവണ ഇസ്രായേലിനുണ്ടായിരുന്നു. എന്നാൽ, 25 ദിനം മാത്രം നീണ്ട യോം കിപ്പൂർ യുദ്ധത്തിൽനിന്നു മാറി ഇത്തവണ 100 ദിനം പിന്നിടുമ്പോഴും തന്ത്രപരമായ ഒരു മുന്നേറ്റവും ഉണ്ടാക്കാനായിട്ടില്ലെന്ന ഭീകരയാഥാർത്ഥ്യം വേട്ടയാടുകയാണിപ്പോൾ ഇസ്രായേലിനെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും ലോകരാഷ്ട്രീയത്തിലും ഇസ്രായേലിനിത് വലിയ പരാജയമായി മാറിയിരിക്കുകയാണ്.

അന്ന് ഈജിപ്തും സിറിയയും ഒരു 'ഭൗമശാസ്ത്ര' യുദ്ധത്തിനിറങ്ങിയതായിരുന്നെങ്കിൽ ഇത്തവണ ഹമാസിന്റെ, ഗസ്സക്കാരുടെ, ഫലസ്തീനികളുടെ അതിജീവന പോരാട്ടമാണെന്ന വലിയൊരു വ്യത്യാസമുണ്ട്. അതിലേക്കാണ് ധാർമികപിന്തുണ പ്രഖ്യാപിച്ച് ലബനാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂത്തികളും ഇറങ്ങുന്നത്. ഒക്ടോബർ എട്ടിനു തന്നെ ഹിസ്ബുല്ല ലബനാനിൽനിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈൽ-റോക്കറ്റ് വർഷങ്ങൾക്കു തുടക്കമിട്ടിരുന്നു. ഹിസ്ബുല്ലയുടെ ഇടപെടൽ പ്രതീക്ഷിതമായിരുന്നെങ്കിലും ഒരാഴ്ചയും പിന്നിട്ടാണ് ഹൂത്തികളുടെ അപ്രതീക്ഷിത രംഗപ്രവേശം. വടക്കൻ അതിർത്തിയിലൂടെ ഹിസ്ബുല്ല നടത്തിവരുന്ന ആക്രമണങ്ങൾക്കപ്പുറം ഇസ്രായേലിനെ നിസ്സഹായരാക്കിക്കളഞ്ഞു ഹൂത്തികളുടെ ചെങ്കടൽയുദ്ധം. ഇതോടൊപ്പം ഇറാന്റെയും തുർക്കിയുടെയും 'തന്ത്രപരമായ പ്രസ്താവനായുദ്ധങ്ങളും'. നാലുഭാഗത്തുനിന്നുമായുള്ള ചതുർമുഖ യുദ്ധത്താൽ വലഞ്ഞിരിക്കുകയാണ് ഇസ്രായേൽ.

പുതിയ റോളില്‍ സൗദി; അമേരിക്ക 'ഇല്ലാത്ത' പശ്ചിമേഷ്യ

ഹമാസ് ആക്രമണത്തിനു പിന്നാലെ ഇസ്രായേൽ നടത്തിയ ഗസ്സ ആക്രമണത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നുണ്ട് യു.എസ്. ഫലസ്തീൻ നിരപരാധികളുടെ കുരുതിയെ ഇസ്രായേലിന്റെ സ്വയം പ്രതിരോധമെന്നു വിശേഷിപ്പിച്ചായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ന്യായികരിച്ചത്. തങ്ങളുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് ജെറാൾഡ് ഫോർഡ് ഇസ്രായേലിനു സഹായമായി മേഖലയിലേക്ക് അയയ്ക്കുകയും ചെയ്തു.

2023 നവംബര്‍ 20ന് ചെങ്കടലില്‍നിന്ന് ഹൂതികള്‍ റാഞ്ചിയ ഇസ്രായേല്‍ കപ്പല്‍ ഗ്യാലക്സി ലീഡര്‍(കടപ്പാട്: ഹൂതി മീഡിയ സെന്‍റര്‍)

ഒക്ടോബർ ഏഴിനു പിന്നാലെ ഉടലെടുത്ത പുതിയ സംഘർഷ സാഹചര്യത്തിൽ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിലേക്കൊരു മിന്നൽ പര്യടനം നടത്തുന്നുണ്ട്. സൗദിയിൽ പക്ഷെ പ്രതീക്ഷിച്ച സ്വീകരണമല്ല ബ്ലിങ്കനു കിട്ടിയത്. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു ബ്ലിങ്കന്. നേരത്തെ പ്രതീക്ഷിച്ച സമയത്ത് അദ്ദേഹത്തിനു നേരിൽ കാണാനായില്ല. യു.എസ് നയത്തോടുള്ള പരസ്യ പ്രതിഷേധമായിരുന്നു അത്.

തൊട്ടടുത്ത ദിവസം നടന്ന കൂടിക്കാഴ്ചയിലും മുഹമ്മബ് ബിൻ സൽമാൻ അമേരിക്ക പ്രതീക്ഷിച്ചതല്ല കൊടുത്തത്. സംഘർഷം അവസാനിപ്പിക്കാനുള്ള വഴികളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇസ്രായേൽ ഗസ്സ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇറാൻ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളെ ഒന്നിച്ചിരുത്തി മേഖലയിൽ സമാധാനസ്ഥാപനത്തിനായി സൗദി നടത്തുന്ന പുതിയ നീക്കങ്ങളിൽ ഊന്നി, ഫലസ്തീനിന്റെ ന്യായമായ അവകാശങ്ങൾ ഉയർത്തിയുള്ള സംസാരം ശരിക്കും അമേരിക്കയ്ക്കുള്ള ഒരു സന്ദേശമായിരുന്നു; മാറുന്ന പശ്ചിമേഷ്യൻ രാഷ്ട്രീയത്തെക്കുറിച്ച്.

ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ മാത്രമല്ല, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും ആഗോളരാഷ്ട്രീയത്തിൽ തന്നെയും ഹമാസ് ആക്രമണം പുതിയ വഴിത്തിരിവാകുന്നത് അങ്ങനെയാണ്. അറബ് ഭരണകൂടങ്ങളുമായി അനുനയത്തിന്റെ പാലംകെട്ടി, നയതന്ത്രബന്ധങ്ങളുടെ പുതിയ പാത വെട്ടിത്തുറക്കാനുള്ള ഇസ്രായേലിന്റെ തന്ത്രപ്രധാന ചുവടുവയ്പ്പുകൾക്ക് പിച്ചവയ്ക്കുമ്പോൾ തന്നെ മുട്ടിടിയേൽക്കേണ്ടിവരുന്നുവെന്നുവെന്നതാണ് അതിൽ പ്രധാനം. മറ്റൊന്ന് പശ്ചിമേഷ്യയിലെ അമേരിക്കയുടെ 'വല്യേട്ടൻ റോൾ' അവസാനിക്കുന്നുവെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് ലോകം നൽകുന്ന സന്ദേശം. മറ്റൊന്ന് യു.എസിന്റെ ഒഴിവിലേക്കുള്ള ചൈനയുടെ രംഗപ്രവേശം.

യു.എസ് മധ്യസ്ഥതയിലുണ്ടായ സൗദി-ഇസ്രായേൽ അനുനയ(Saudi-Israeli normalization) നീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമായി ഗസ്സയിലെ ആക്രമണം. ഇസ്രായേലിനോട് പരസ്യമായി തന്നെ സൗദി നിലപാട് കടുപ്പിച്ചതോടെ അനുനയപാതയിലേക്കു നീങ്ങിയ മറ്റ് അറബ് രാജ്യങ്ങൾക്കും ചാഞ്ചാട്ടമുണ്ടായി. മറുവശത്ത്, ചൈനയുടെ മധ്യസ്ഥതയിൽ നടന്ന സൗദി-ഇറാൻ നയതന്ത്ര നീക്കങ്ങളിൽ പതിവിനു വിപരീതമായി സൗദിക്കു ഒരു തരത്തിലുമുള്ള മനംമാറ്റവും കണ്ടില്ല. ഹമാസിനും ഹൂതികൾക്കുമെല്ലാം ആയുധവും സഹായവും നൽകുന്നത് ഇറാനാണെന്ന് അമേരിക്കയും ഇസ്രായേലും നിരന്തരം ആവർത്തിക്കുമ്പോഴും സൗദി അതിനു ശ്രദ്ധകൊടുത്തതേയില്ല.

യുദ്ധത്തിനിടയില്‍ റിയാദിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തുന്നു

ഹമാസ് ആക്രമണത്തെ അപലപിക്കാൻ അമേരിക്ക അറബ് രാജ്യങ്ങളിലെല്ലാം സമ്മർദം ചെലുത്തിയെങ്കിലും കാര്യമായി വിജയം കണ്ടില്ല. എന്നാൽ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഫലസ്തീനി കൂട്ടക്കുരുതിക്കെതിരെ അറബ് ലോകത്തുനിന്ന് വലി പ്രതിഷേമാണുണ്ടായത്. അറബ് രാഷ്ട്രത്തലവന്മാർ ശക്തമായ ഭാഷയിലാണു പ്രതികരിച്ചത്. ഇസ്രായേലിനോട് ചെറിയ രീതിയിലെങ്കിലും അനുഭാവ സ്വരത്തിലേക്കു മാറിയ അറബ് ജനതയ്ക്കിടയിലും വൻരോഷം ആളിക്കത്തി. അതിന്റെ കൂടി അനുരണനമായി അറബ് ലീഗ്, ഒ.ഐ.സിയുടെയെല്ലാം പ്രതികരണങ്ങളും.

മറുവശത്ത് പക്ഷെ ഇറാൻ-യു.എസ് നയതന്ത്രബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യം കൂടി ഉടലെടുത്തിട്ടുണ്ട്. വർഷങ്ങൾ നീണ്ട ഉപരോധത്തിലെല്ലാം അയവുവരുത്തി ഇറാനോട് നല്ല നടപ്പിനു ശ്രമിച്ച യു.എസിനു പുനരാലോചനയ്ക്കുള്ള വഴിയാണു തുറക്കപ്പെട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളിലുമുള്ള തടവുകാരെ കൈമാറാൻ ധാരണയിലെത്തിയത് രണ്ടു മാസം മുൻപായിരുന്നു. എന്നാൽ, ഇറാൻ സൈനികമായി സഹായിക്കുന്നുവെന്ന് ആരോപിക്കുന്ന ഹൂതികൾ ചെങ്കടലിൽ പുതിയ യുദ്ധമുഖം തുറന്നതും അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇറാൻ നേതാക്കളുടെ പരസ്യപ്രസ്താവനകളും മുന്നറിയിപ്പുകളും. സിറിയയിൽ ഇറാൻ കമാൻഡറുടെ കൊലപാതകം കൂടിയായതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുകയാണ്.

അറബ് ലോകവുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ വിള്ളലുണ്ടായത് അനുഗ്രഹമായത് ചൈനയ്ക്കും റഷ്യയ്ക്കുമാണ്. ആ ഒഴിവ് മുതലെടുക്കാനുള്ള ബുദ്ധിപൂർവമായ ഇടപെടലുകൾ ശക്തമാക്കിയിട്ടുണ്ട് ഇരുരാജ്യങ്ങളും. പുതിയ ഹമാസ്-ഇസ്രായേൽ-ഗസ്സ യുദ്ധത്തിൽ ചൈനയും റഷ്യയും സ്വീകരിക്കുന്ന അതീവ തന്ത്രപരമായ നിലപാടുകളും ആ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ. ആഗോളരാഷ്ട്രീയത്തിൽ അമേരിക്കയുടെ മേധാവിത്വത്തിനേൽക്കുന്ന പ്രഹരത്തിനൊപ്പം പുതിയ ശാക്തികചേരിയുടെ ഉണർവിന്റെ വിളമ്പരം കൂടിയാകുകയാണ് പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയസംഭവവികാസങ്ങൾ.

Summary: Gaza 100 Days | Hamas attack on Israel on the 50th anniversary of the Yom Kippur war: The changing Middle East politics

TAGS :

Next Story