മലയാളത്തിന്‍റെ നിർമാല്യം
നിളാ നദിക്കരയിലിരുന്ന് എം.ടി പ്രണയവും പ്രണയഭംഗവും ആശയും നിരാശയും കലഹവുമെല്ലാം അക്ഷരങ്ങളില്‍ ആവാഹിച്ചു കൊണ്ടിരുന്നു. ആത്മാവ് മുറിഞ്ഞ് വാക്കിന്‍റെ ലാവാ പ്രവാഹം കടലാസിലേക്ക് വീഴും വരെ...
എം.ടി എന്ന രണ്ടക്ഷരം മലയാളത്തിലെ അമ്പത്തൊന്നക്ഷരങ്ങളെ കൊണ്ട് കാണിച്ച അത്ഭുതത്തിന് ഒറ്റ പേരേ ഉള്ളൂ... പ്രതിഭയുടെ മഹേന്ദ്രജാലം.
സർഗ്ഗവാസനയുടെ വീതുളി കൊണ്ട് വാക്കുകളെ രാകിമിനുക്കി കഥാശില്‍പ്പം മെനയുന്ന പെരുന്തച്ചനിന്ന് നവതി. കാഥികന്‍റെ പണിപ്പുരയിലിരുന്ന് കഥ നിറഞ്ഞുകവിയുമ്പോള്‍ തന്‍റെ ആത്മാവിലൂടെ അത് കവിതയായി ഒഴുകുമെന്നാണ് എം.ടിയുടെ പക്ഷം. രമണീയമായ കാലത്തിന്‍റെ പിന്തുടര്‍ച്ച തേടി കൊണ്ട് പുന്നെല്ലരി ചോറിന്‍റെ മണമുള്ള കണ്ണാന്തളിപ്പൂക്കള്‍ക്കിടയിലൂടെ മലയാളി എം.ടിക്കൊപ്പം നടന്നു. അയാള്‍ എഴുതുമ്പോള്‍ കേരളക്കരയില്‍ വാക്കു പൂത്ത കാലമായിരുന്നു...
നിളാ നദിക്കരയിലിരുന്ന് അയാള്‍ പ്രണയവും പ്രണയഭംഗവും ആശയും നിരാശയും കലഹവുമെല്ലാം അക്ഷരങ്ങളില്‍ ആവാഹിച്ചു കൊണ്ടിരുന്നു. ആത്മാവ് മുറിഞ്ഞ് വാക്കിന്‍റെ ലാവാ പ്രവാഹം കടലാസിലേക്ക് വീഴും വരെ...
മഹാഭാരതത്തില്‍ നിന്നിറങ്ങി വന്ന ഭീമന് എം.ടി രണ്ടാമതൊരൂഴം കൂടി കൊടുത്തു. രൌദ്ര പ്രതാപ വേഷങ്ങളില്‍ നിന്നും ഒരു മനുഷ്യന്‍റെ ചൂടും ചൂരും നിറഞ്ഞ ആത്മാവിലേക്ക് ഭീമന്‍ പരകായ പ്രവേശം നടത്തുകയായിരുന്നു. തറവാടുകളുടെ അകത്തളങ്ങളില്‍ നിറഞ്ഞു നിന്ന ഇരുട്ടില്‍ നിന്നും ഭ്രാന്തന്‍ വേലായുധന്‍ ഇറങ്ങി വന്നപ്പോള്‍ വായിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ ഒരു നീറ്റല്‍ അനുഭവപ്പെടും. വേലായുധന്‍റെ ചങ്ങലകളില്‍ അയാളുടെ ഭ്രാന്ത് മാത്രമായിരുന്നില്ല കുരുങ്ങിക്കിടന്നത്. അയാളുടെ സ്വാതന്ത്ര്യം കൂടിയായിരുന്നു. അസ്വസ്ഥകളുടെ ഇരുട്ടിന്‍റെ ആത്മാവായിരുന്നു വേലായുധന്‍. അങ്കത്തട്ടിലെ ചതിയുടെ ചരിത്രമല്ല, ദു:ഖവും പ്രണയവും നിരാശയുമെല്ലാം ചേര്‍ന്ന രണാങ്കണമായിരുന്നു ചന്തുവെന്ന മനുഷ്യന്‍റെ ജീവിതമെന്ന് കാട്ടിത്തന്നത് എം ടി എന്ന മഹാപ്രതിഭയാണ്.
പ്രണയം ഉറഞ്ഞുപോകുന്ന കാത്തിരിപ്പിന്‍റെ മഞ്ഞില്‍ എം.ടി വിമലയെ കുടിയിരുത്തി. അയാള്‍ വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയില്‍ നൈനിറ്റാളിലെ മരം കോച്ചുന്ന തണുപ്പില്‍ അവളുണ്ടാകും. ഓപ്പോള്‍, കുട്ട്യേടത്തി, അപ്പുണ്ണി അങ്ങനെ വിഹ്വലരായ എത്ര കഥാപാത്രങ്ങള്‍ എം.ടി കാണിച്ച വഴിയിലൂടെ വായനക്കാരെ തേടി വന്നു.
ജഗദ്ഭക്ഷകനായ കാലത്തിനു മുന്‍പില്‍ പോലും ശിരസ്സ് കുനിക്കാത്ത ഒരു പിടി കഥാപാത്രങ്ങള്‍ ഇനിയും കഥയുടെ സാമ്രാട്ടിനെ തിരയുന്നുണ്ടാകാം. ചിലപ്പോള്‍ അയാള്‍ വാക്കുകള്‍ക്ക് മുകളില്‍ ധ്യാനമഗ്നനായിരിക്കയായിരിക്കുകയാകാം. ഇനിയും എഴുതപ്പെടാത്ത മനോഹരമായ കൃതിയുടെ പിറവിക്ക് വേണ്ടി...
Adjust Story Font
16