സസ്പെന്‍സ് ഉള്ളില്‍വെച്ച് രസതന്ത്രത്തിലെ ഇന്നസെന്‍റിന്‍റെ അവസ്ഥയായിരുന്നു: ദിലീപ് മേനോന്‍
ജന ഗണ മന എന്ന ചിത്രത്തിലെ പ്രൊഫസര്‍ വൈദര്‍ശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിലീപ് മേനോനാണ്
ചില കഥാപാത്രങ്ങളെ കാണുമ്പോള്‍ സിനിമയാണെന്ന് നോക്കാതെ മുഖമടച്ച് ഒന്നു കൊടുക്കാന്‍ തോന്നാറില്ലേ? അത്തരത്തിലൊരു കഥാപാത്രമായിരുന്നു ജന ഗണ മനയിലെ പ്രൊഫസര്‍ വൈദര്‍ശന്‍. നിറവും ജാതിയും നോക്കി വിദ്യാര്‍ഥികളെ അളക്കുന്ന ജന ഗണ മനയിലെ പ്രൊഫസറെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍...എന്നു ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. നാടക കലാകാരനും ആന അലറലോടലറൽ എന്ന ചിത്രത്തിന്‍റെ സംവിധായകനുമായ ദിലീപ് മേനോനാണ് വൈദര്‍ശനായി പ്രേക്ഷകരെ 'വെറുപ്പിച്ചത്'. അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപ് ജന ഗണ മനയുടെ ഭാഗമായത്. അരങ്ങേറ്റ ചിത്രത്തിലെ അഭിനയം കൊണ്ടു തന്നെ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ വെറുപ്പിച്ച വില്ലന്‍മാരുടെ ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും മനസ് നിറഞ്ഞ സന്തോഷത്തിലാണ് ദിലീപ് മേനോന്‍. പ്രേക്ഷകരുടെ 'വെറുപ്പ്' തന്‍റെ കഥാപാത്രത്തിന്‍റെ വിജയമായിട്ടാണ് ദിലീപ് കാണുന്നത്. സിനിമാജീവിതത്തെക്കുറിച്ച് ദിലീപ് മേനോന്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
സംവിധായകനില്‍ നിന്നും നടനിലേക്ക്
ജന ഗണ മന തുടങ്ങുന്ന സമയത്ത് ഈ സിനിമയുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് ഞാനീ ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ ജോലികളും ചര്‍ച്ചകളുമായി ആലുവയില്‍ ഇരിക്കുകയായിരുന്നു. വൈദര്‍ശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതിയൊരു മുഖം വേണമെന്ന് ജന ഗണ മനയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ അതിന്‍റെ അന്വേഷണത്തിലായിരുന്നു. ഒരുപാട് പേരെ നോക്കിയെങ്കിലും അതൊന്നും ശരിയായിരുന്നില്ല. ആ സമയത്താണ് മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങുന്നത്. മുരളി ഗോപിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ ജന ഗണ മനയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന് എന്‍റെ മുഖം ഓര്‍മ വന്നു. ആ ക്യാരക്ടറിന് ഞാനുമായി വിദൂരച്ഛായ ഉണ്ടെന്നാണ് റിന്നി പറഞ്ഞത്. പിന്നീട് റിന്നി എന്‍റെ ഫോട്ടോ ജന ഗണ മനയുടെ സംവിധായകന് കാണിച്ചുകൊടുത്തു. അങ്ങനെ അവരെന്നോട് നേരിട്ടു കണ്ടു സംസാരിക്കാമെന്ന് പറയുകയും മംഗലാപുരത്ത് ഷൂട്ട് നടക്കുമ്പോള്‍ അവിടേക്കെത്തുകയും ചെയ്തു.
തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദുമായിട്ടാണ് ഞാനാദ്യം സംസാരിക്കുന്നത്. പിന്നീട് ഡിജോയെ കണ്ടു. ഞങ്ങള്‍ തമ്മിലുള്ള സംസാരം കഴിഞ്ഞപ്പോള്‍ 'ബ്രോ ഇതു നമ്മള്‍ ചെയ്യുകയല്ലേ' എന്നു ചോദിക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ ആ സമയത്തൊന്നും ഈ സിനിമയുടെ ഡെപ്ത്തിനെക്കുറിച്ചോ ചിത്രത്തിലെ നിര്‍ണായക കഥാപാത്രമാണെന്നോ അറിയില്ലായിരുന്നു.
സസ്പെന്‍സ് കഥാപാത്രം
എന്നെക്കുറിച്ച് യാതൊരു വാര്‍ത്തകളോ ക്യാരക്ടര്‍ പോസ്റ്ററോ ഉണ്ടാവില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഞാനും വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഫേസ്ബുക്കിലോ എന്‍റെ സൗഹൃദക്കൂട്ടങ്ങളിലോ ഒരു സൂചന പോലും കൊടുത്തിരുന്നില്ല. എന്‍റെ കഥാപാത്രത്തിന്‍റെ സസ്പെന്‍സ് ഞാനായിട്ട് പൊളിക്കില്ലെന്ന് ഞാന്‍ ഡിജോയോടും പറഞ്ഞിരുന്നു.ജന ഗണ മന തിയറ്ററില്‍ കണ്ടപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശരിക്കും അത്ഭുതപ്പെട്ടു. കാരണം ഞാനാ സിനിമയില്‍ ഉണ്ടെന്ന് അവരാരും പ്രതീക്ഷിക്കുന്നില്ലല്ലോ.
എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ജോബി. ഹൈസ്കൂള്‍ അധ്യാപകനാണ് അദ്ദേഹം. ടീച്ചേഴ്സ് ട്രയിനിംഗിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് പോയപ്പോള്‍ ട്രയിന്‍ വരാന്‍ ലേറ്റാണെന്ന് കണ്ടപ്പോഴാണ് ജന ഗണ മന കാണുന്നത്. പെട്ടെന്ന് എന്നെ സിനിമയില്‍ കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. പിന്നെ എന്നെ വിളിക്കുകയായിരുന്നു. അങ്ങനെ ഒത്തിരി സര്‍പ്രൈസ് കോളുകള്‍ വന്നിരുന്നു.
രസതന്ത്രത്തിലെ ഇന്നസെന്‍റിന്‍റെ അവസ്ഥ
ആ കഥാപാത്രത്തെ ഒരു സസ്പെന്‍സായി കൊണ്ടുനടക്കുക എന്നത് ഒരു പ്രഷറായിരുന്നു. കോവിഡ് സമയത്താണ് ചിത്രത്തിന്‍റെ ഷൂട്ട് നടന്നത്. ഒരു ഷൂട്ട് കഴിഞ്ഞാല്‍ മൂന്നു മാസത്തെ ബ്രേക്കുണ്ട്. തിയറ്ററുകള്‍ അടച്ചിടുന്നു, ഇനി തുറക്കുമോ എന്നറിയില്ല എന്നതായിരുന്നു അവസ്ഥ. ഇതിന്‍റെ ഷൂട്ട് പൂര്‍ത്തിയാക്കുമോ എന്നു പോലും അറിയില്ലായിരുന്നു. ശരിക്കും രസതന്ത്രം സിനിമയിലെ ഇന്നസെന്‍റ് ചേട്ടന്‍റെ നിലയിലായിരുന്നു ഞാനും. മലമുകളില്‍ പോയി കൂവി വിളിച്ചാലോ എന്നൊക്കെ തോന്നിയിരുന്നു. പിന്നെ തിരക്കഥ വായിച്ചപ്പോള്‍ ഈ സിനിമ കൃത്യമായി ജനങ്ങളിലെക്കെത്തുമെന്നും വിജയിക്കുമെന്നും ഉറപ്പുണ്ടായിരുന്നു. സംവിധായകന്‍ ഡിജോയുടെ ആത്മവിശ്വാസം ഇതൊക്കെ ആ പ്രതീക്ഷ കൂട്ടി. പക്ഷെ ചിത്രത്തിന്‍റെ വിജയത്തിന്‍റെ ഗ്രാഫ് എന്‍റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. യൂത്ത് ഏറ്റെടുക്കുമെന്ന ചിത്രമായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത് എന്നാല്‍ സ്ത്രീകളടക്കമുള്ളവര്‍ സിനിമയെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ആളുകള്‍ സകുടുംബമാണ് തിയറ്ററില്‍ ജന ഗണ മന കാണാനെത്തിയത്.
ഡിജോ പറഞ്ഞു, ഞാന്‍ ചെയ്തു
പ്രൊഫസര്‍ വൈദര്‍ശനെ അവതരിപ്പിക്കാന്‍ എന്‍റെ മുന്നില്‍ മാതൃകകളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ഷാരിസ് എന്നോട് കൃത്യമായി പറഞ്ഞിരുന്നു. ഷാരിസ് പലയിടത്തായി കണ്ടിട്ടുള്ള അധ്യാപകരുടെ സ്വഭാവരീതികളായിരുന്നു വൈദര്‍ശനെന്ന്. ആര്‍ട്സ് കോളേജില്‍ പഠിച്ചതുകൊണ്ട് ഇത്തരത്തിലുള്ള പ്രൊഫസര്‍മാരെ എനിക്ക് പരിചയമില്ലായിരുന്നു. പഠനത്തിലുപരി കലാകായിക പ്രവര്‍ത്തനങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യം. പ്രൊഫസര്‍ വൈദര്‍ശന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഷാരിസിനും ഡിജോയ്ക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. അവര്‍ പറഞ്ഞു തന്നതു പോലെ ഞാന്‍ അഭിനയിച്ചു.
നന്നായി ആസ്വദിച്ചു ചെയ്തൊരു ചിത്രമായിരുന്നു ജന ഗണ മന. പ്രമോഷന്‍ പരിപാടിക്കിടെ സുരാജേട്ടന്‍ പറഞ്ഞതു പോലെ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ഷൂട്ട് ചെയ്തൊരു ചിത്രമാണിത്. തിരുവല്ല, തിരുവനന്തപുരം, മംഗലാപുരം, മൈസൂര്‍, ലക്നൗ ഈ സ്ഥലങ്ങളില്‍ വച്ചാണ് ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. പുതുമുഖമെന്ന പ്രശ്നം എനിക്കുണ്ടായിരുന്നില്ല. അണിയറ പ്രവര്‍ത്തകരെല്ലാം യുവാക്കള്‍. എല്ലാവരും പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നു, മോട്ടിവേറ്റ് ചെയ്യുന്നു. ..രസകരമായ യൂത്തിന്‍റെ ഗ്രൂപ്പായിരുന്നു ജന ഗണ മന ലൊക്കേഷന്‍.
അത്ഭുതപ്പെടുത്തിയ മൂന്നു പേര്‍
ആ ടീമില്‍ മൂന്നു പേരാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഞാന്‍ അടുത്ത സിനിമ ചെയ്യുമ്പോള്‍ പിന്തുടരാവുന്ന മാതൃകകള്‍ കണ്ട മൂന്നു പേര്‍. തിരക്കഥാകൃത്ത് ഷാരിസാണ് ഒരാള്‍. ഡിജോയുടെ വലംകയ്യായി സിനിമയിലുടനീളം നിന്നയാളാണ് ഷാരിസ്. എല്ലാ കാര്യങ്ങളും അവര്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു. ശരിക്കും ആ കൂട്ടുകെട്ട് കണ്ട് കൊതി തോന്നിയിരുന്നു. അതുപോലെ ഡിജോ... സിനിമയുടെ കഥ ഡിജോ ആഴത്തില്‍ കണ്‍സീവ് ചെയ്തിരുന്നു. ഓരോന്നിനെക്കുറിച്ചും കൃത്യമായ ഗ്രാഫ് ഡിജോയുടെ കയ്യിലുണ്ടായിരുന്നു. ഡിജോ ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. പത്തു പന്ത്രണ്ട് ടേക്കെടുത്താലും ഡിജോക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. സുദീപ് എന്ന ക്യാമറമാന്‍ ഇവരെല്ലാവരും തമ്മില്‍ നല്ലൊരു റാപ്പോ ഉണ്ടായിരുന്നു.
രണ്ടു രണ്ടര വര്‍ഷമെടുത്താണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. അതും മഹാമാരിക്കാലത്ത്. ഇത്രയും ലൊക്കേഷന്‍ പോകേണ്ടി വരുന്നത്, ക്രൗഡ്, ഒരു സ്ഥലത്തും വിട്ടുവീഴ്ച ചെയ്യേണ്ട അവസരമുണ്ടായിട്ടില്ല. നല്ലൊരു ടീം വര്‍ക്കായിരുന്നു ജന ഗണ മന. അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
ആന അലറലോടലറൽ
2017ലാണ് ഞാന്‍ സംവിധാനം ചെയ്ത ആന അലറലോടലറൽ എന്ന സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷമാണ് പുതിയ സിനിമയുടെ പ്രാരംഭ ജോലികളിലേക്ക് കടക്കുന്നത്. തിരക്കഥ പൂര്‍ത്തിയാക്കി മലയാളത്തിലെ ഒരു പ്രമുഖ നടനോട് സംസാരിച്ച് അദ്ദേഹം അതു ചെയ്യാമെന്ന് തീരുമാനിച്ച സമയത്താണ് ബി.ഉണ്ണിക്കൃഷ്ണന്‍റെ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം റിലീസാകുന്നത്. എന്‍റെ സിനിമയിലും വിക്കുള്ള ഒരു വക്കീല്‍ കഥാപാത്രമായിരുന്നു നായകന്‍. പിന്നെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇടവേളക്ക് ശേഷം മറ്റൊരു ചിത്രത്തിന്‍റെ തിരക്കഥയുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ജന ഗണ മനയിലെ വേഷം ലഭിക്കുന്നത്. പിന്നെ ഒരു ഏഴ് മാസത്തോളം ആ ചിത്രത്തിന്‍റെ പിന്നാലെയായിരുന്നു. ഇപ്പോഴും അതിന്‍റെ ഹാങ് ഓവറിലാണ്. അതില്‍ നിന്നും ഇറങ്ങിയിട്ടില്ല എന്നു വേണം പറയാന്‍.
നാടകം, സിനിമ
കോളേജ് കാലത്ത് നാടകമത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-സോണ്‍, ഇന്‍റര്‍സോണ്‍ ബെസ്റ്റ് ആക്ടറായിട്ടുണ്ട്. അക്കാലത്ത് ഒരു പാട് നല്ല നാടകങ്ങള്‍ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തില്‍ രാവണനെ അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു വര്‍ഷക്കാലം എന്നെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലമായിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് തിരിയുന്നത്.
അഭിനയിക്കാന്‍ അവസരങ്ങള്‍ തേടി കുറെ നടന്നു.അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. സിനിമാ നടനാവുക എന്നതിനെക്കാള്‍ പ്രധാനം സിനിമയുമായി ബന്ധപ്പെടുക എന്നതാണെന്ന് പിന്നീട് എനിക്ക് മനസിലായി. ആ അലച്ചിനിടയിലാണ് ഒരു സിനിമയില്‍ അസിസ്റ്റന്‍റാകാന്‍ അവസരം ലഭിക്കുന്നത്. ജി.എം മനു, രഞ്ജിത്ത് ശങ്കര്‍, ജി.പ്രജിത്ത് എന്നിവരുടെ അസിറ്റന്‍റായി ജോലി ചെയ്തിട്ടുണ്ട്. പതിനഞ്ചു വര്‍ഷമായി സിനിമാമേഖലയിലെത്തിയിട്ട്. ഭാര്യ ശ്രുതി ജോണും നടിയാണ്. ഹലോ, പരദേശി, താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സംവിധാനം, അഭിനയം-രണ്ടും എളുപ്പമല്ല
സംവിധാനവും അഭിനയവും നോക്കിയാല്‍ രണ്ടും എളുപ്പമുള്ളൊരു ജോലിയല്ല. സത്യസന്ധമായി പറഞ്ഞാല്‍ രണ്ടും ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്. പക്ഷെ രണ്ടും നമുക്ക് തരുന്ന സംതൃപ്തിയുടെ ലെവല്‍ വേറെയാണ്. അഭിനയത്തിന്‍റെ കാര്യമെടുത്താല്‍ നമ്മള്‍ നമ്മുടെ കാര്യം മാത്രം നോക്കിയാല്‍ മതി. നമ്മുടെ വേഷമെന്താണോ..അതു നന്നായി ചെയ്യുക..അതു മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ സംവിധാനം അങ്ങനെയല്ല..ആദ്യം മുതല്‍ അതിന്‍റെ എല്ലാ തലങ്ങളിലൂടെയും സംവിധായകന്‍ സഞ്ചരിക്കണം. അതേസമയം നമ്മള്‍ അഭിനയിച്ച ഒരു ചിത്രം വിജയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. ആ വിജയിച്ച ചിത്രത്തിന്‍റെ സംവിധായകന്‍റെ മാനസികാവസ്ഥ എന്നു പറയുന്നതും വേറെ ലെവലാണ്. ഇനി അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് ആഗ്രഹം.
Adjust Story Font
16