ഒഴുകുകയായ് നദി പോലെ...കെ.എസ് ചിത്രയെന്ന പാട്ടുപുഴ
പാട്ടുപാടി മഴ പെയ്യിച്ചൊരാൾ മിയാൻ താൻസനെങ്കിൽ ചിത്ര പെയ്യിച്ച മഴയൊരിറ്റു പോലും തോർന്നു തീർന്നില്ല...
- Updated:
2023-07-27 08:57:34.0
കെ.എസ് ചിത്ര
കെ.എസ് ചിത്ര ... മലയാളിയുടെ പല തലമുറകൾക്ക് ഏറ്റവും പ്രിയപ്പെട്ട പേര്.. ആ ഗാനപ്രപഞ്ചത്തിലൂടെ ഒരു ദിവസം ഒരൊറ്റ തവണയെങ്കിലും കടന്നുപോകാതെ ഒരു ദിവസം പൂർണമാകാറില്ല...അത്രയേറെ ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്...ആ മധുര സ്വരത്തിന് ഇന്ന് അറുപതാം പിറന്നാളാണ്..
കെ.എസ് ചിത്രക്കും മലയാളികൾക്കും ഇടയിലൊരു കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്... ആ ബന്ധം സ്നേഹ സംഗീതത്തിന്‍റേതാണ്... മധുരഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച് പാട്ടിന്‍റെ രാജഹംസം , ആറുപതാം പിറന്നാൾ നിറവിലെത്തുമ്പോൾ, തലമുറ വ്യത്യാസമില്ലാതെ ആ സ്നേഹത്തിന്റെ ആഴവും പരപ്പും ദൃഢതയും കൂടിവരുന്നതേയുള്ളൂ. മലയാളികൾ ഒന്നടങ്കം ഇത്രയും ഹൃദയം നിറച്ച് സ്നേഹിക്കുന്ന ആരാധിക്കുന്ന സ്വന്തമെന്ന് കരുതുന്ന കലാകാരി ആരാണ്? അതിന് ഒരൊറ്റ ഉത്തരം നമ്മുടെ ചിത്ര മലയാളത്തിന്‍റെ ചിത്ര....
തലമുറകളെ സംഗീതത്തിൽ അലിയിച്ച് പാട്ടിന്റെ ചിത്രാ നദി ഇങ്ങനെ ഒഴുകുകയാണ് .. ആ ശബ്ദത്തിന് , ആലാപനത്തിന് അന്നും ഇന്നും എന്നും മധുരപ്പതിനാറ്.. നമ്മുടെ ബാല്യ കൗമാര യൗവ്വനങ്ങളെ തൊട്ടുണർത്തിയ പാട്ടുകാലം .. തനിയെ ഇരുന്ന നേരങ്ങളിലൊക്കെയും ആ ആ ഗാനങ്ങൾ കൂട്ടിരുന്നു.. . പാട്ടിലൊരു സ്‌നേഹവഴി വെട്ടിയ ചിത്രഗീതം... ഭാവ വൈകാരികതും രാഗാത്മകതയും ആ സംഗീതത്തിൽ ഇഴചേർന്നു..... ചലച്ചിത്ര സംഗീതത്തിൽ എസ് ജാനകി, പി സുശീല, വാണിജയറാം എന്നിവർ പാടിവെച്ച സർഗാത്മകലോകത്തിന്റെ തുടർച്ചയായി കെ.എസ് ചിത്ര...
1979ൽ ഇറങ്ങിയ 'കുമ്മാട്ടി'യിൽ കാവാലം ‐എം ജി രാധാകൃഷ്‌ണൻ ഗാനത്തിലൂടെയാണ് ചിത്ര ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഞാൻ ഏകനാണ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രമായി ആദ്യഗാനം പാടാൻ ചിത്രയ്‌ക്ക് അവസരം ലഭിച്ചു.. ഇതേ ചിത്രത്തിലെ 'പ്രണയവസന്തം' എന്ന ഗാനം ശ്രദ്ധിക്കപ്പട്ടതോടെ ചിത്ര പാട്ടുകാരുടെ മുൻ നിരയിലേക്ക് കടന്നുവന്നു. ജെറി അമൽദേവിനായും രവീന്ദ്രൻ മാസ്റ്റർക്ക് വേണ്ടിയും ചിത്ര പാടി തുടങ്ങി.. 1985 ഓടെ തിരക്കേറിയ ഗായികയായി ചിത്ര മാറി...അക്കൊല്ലം മികച്ച പിന്നണി ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ചിത്രയ്ക്ക് ലഭിച്ചു... ഔസേപ്പച്ചന്‍ , ബോംബെ രവി, ജോൺസൺ, എം.കെ. അര്‍ജുനന്‍ ..ശ്യാം തുടങ്ങി പ്രതിഭാധനരായ സംഗീത സംവിധായകരുമായി ചേർന്ന് പിന്നീടങ്ങോട്ട് ഹിറ്റുകളുടെ പെരുമഴ...ആ ഗാനങ്ങളൊക്കെയും കാലത്തെയും ദേശത്തേയും അതിജീവിച്ചു.
വി. ദക്ഷിണാമൂര്‍ത്തി, എം.ബി.ശ്രീനിവാസന്‍, എസ്.പി. വെങ്കിടേഷ്, മോഹന്‍ സിത്താര, കെ.വി. മഹാദേവന്‍, രഘുനാഥ് സേത്ത്, ഗംഗൈ അമരന്‍, തുടങ്ങിയ സംഗീത സംവിധായകർക്കായി ചിത്ര ആലപിച്ച ഗാനങ്ങൾ ആരാധക ഹൃദയങ്ങളെ കീഴടക്കി. യേശുദാസ്, പി. ജയചന്ദ്രന്‍, എം.ജി.ശ്രീകുമാര്‍, ഉണ്ണിമേനോന്‍, വേണുഗോപാല്‍ എന്നീ ഗായകര്‍ക്കൊപ്പം ചിത്രയുടെ ഡ്യുവറ്റ് ഹിറ്റുകള്‍ പിറന്നു...
തുടര്‍ന്നെത്തിയ സംഗീതസംവിധായകരും ചിത്രയുടെ സ്വരമാധുരി തങ്ങള്‍ ഈണമിടുന്ന ഗാനങ്ങള്‍ക്കായി ഉപയോഗിച്ചു, ഹിറ്റുകളൊരുക്കി.. ഇതുവരെയുള്ള ഗാനങ്ങളുടെ ആലാപനമികവിന് 16 തവണയാണ് സംസ്ഥാനസര്‍ക്കാരിന്റെ മകച്ച പിന്നണിഗായികയ്ക്കുള്ള പുസ്‌കാരം ചിത്രയെ തേടിയെത്തിയത്... മലയാളത്തിൽ മാത്രമല്ല മറ്റുള്ള അനേകം ഭാഷകളിലും ആ ശബ്‌ദസൗന്ദര്യത്തിന്‍റെ മാസ്മരികത അനുഭവിച്ചറിയാനായി. ,ദേശീയതലത്തിലും ആ ഗാനങ്ങൾ ആദരിക്കപ്പെട്ടു.. പാടിയപ്പോഴെല്ലാം ചിത്ര തന്റെ ആലാപനത്തെ വിസ്‌തൃതമാക്കിയത് സിനിമയിലെ നായികമാരുടെ ആത്മഭാവത്തെ ആവുംവിധം ഉൾക്കൊണ്ടുതന്നെയായിരുന്നു. അതിൽ എസ്.പി വെങ്കിടേഷിന്റെയും ഇളയരാജയുടെയും ഗാനങ്ങൾ ചിത്രക്ക് കൂടുതൽ അവസരം നൽകി. വിദ്യാസാഗറും എ ആർ റഹ്‌മാനും ചിത്രയ്‌ക്ക് മികച്ച പാട്ടുകൾ നൽകിയിരുന്നു. കീരവാണിയുടെ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ ഗായിക ചിത്രയായിരുന്നു.
ശബ്‌ദത്തിലും ആലാപനത്തിലും ചിത്ര പുലർത്തുന്ന മിതത്വവും ഒതുക്കവും അനായാസതയും ചിത്രയെ സംഗീത സംവിധായകരുടെ പ്രിയപ്പെട്ട ഗായികയാക്കി. ചിത്ര ആലപിച്ച ഗാനങ്ങളില്‍ ഭൂരിഭാഗവും മ്യൂസിക് മാസ്‌ട്രോ ഇളയരാജയുടെ ഗാനങ്ങളാണ്. എ.ആര്‍. റഹ്‌മാനും തമിഴിലേയും ഹിന്ദിയിലേയും മികച്ച ഗാനങ്ങള്‍ പാടാന്‍ ചിത്രയ്ക്ക് അവസരം നല്‍കി. റോജയില്‍ തുടങ്ങിയ സംഗീതബന്ധം പൊന്നിയില്‍ സെല്‍വനിലെത്തി.
കാണികൾ തിങ്ങി നിറഞ്ഞ ഒരു സംഗീത സദസ്സ്, വേദിയിൽ കെ.എസ് ചിത്ര പാടുന്നു.. വേദിക്കരികിൽ ചിത്രയെ നോക്കി ഏങ്ങി കരഞ്ഞ് , ഒരു ചെറുപ്പക്കാരൻ നിൽക്കുന്നുണ്ടായിരുന്നു...പരിപാടി കഴിഞ്ഞ് വേദിയിൽ നിന്ന് ചിത്ര ഇറങ്ങുന്ന സമയം, ആ ചെറുപ്പക്കാരൻ അവരുടെ അരികിലേക്ക് വന്നു. കരഞ്ഞു കൊണ്ട് അയാൾ പറഞ്ഞു.. അമ്മാ ഇന്ന് ഞാൻ ജീവനോടെ ഇരിക്കാൻ കാരണം നിങ്ങളാണ്.. ആത്മഹത്യ ചെയ്യാനുറപ്പിച്ച സമയത്താണ് നിങ്ങളുടെ പാട്ട് കേട്ടത്. എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നത് അതാണ്.. ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനു മുന്നില്‍ നില്‍ക്കുമ്പോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്ന് അയാള്‍ ഒവ്വൊരു പൂക്കളുമേ എന്ന ഗാനം കേട്ടത്. അതേ , കനിവോടെ ആ സ്വരം എത്ര മനുഷ്യരെ ഇങ്ങനെ തൊട്ടിട്ടുണ്ടാവും.
ആ പാട്ടുലോകത്തിൽ മുഴുകിയ കേൾവിക്കൊരൊന്നും തിരികെ പോയില്ല.. പല ഭാഷകളെ പല ദേശങ്ങളെ പല മനുഷ്യരെ ഭേദിച്ച് ചിത്രഗീതമൊഴുകി.. നാല് ദശകങ്ങളായി ചിത്രക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തന്നെ ആ ശബ്‌ദത്തിനും സമൃദ്ധിക്കും നിറവിനും തെളിവാണ് .വ്യത്യസ്‌ത ശൈലിയിലുള്ള എത്രയോ ഗാനങ്ങൾ ആ സ്വരഭേദങ്ങളിൽ ഭദ്രമായിരുന്നു.. ചിത്രയുടെ വിഷാദ ഗാനങ്ങൾക്കും അഴകേറെയുണ്ടായിരുന്നു.... വിഷാദത്തിന്റെ കാൽപനികഭാവത്തെ ആ ശബ്ദം സാക്ഷാത്കരിച്ചു..
താരാട്ടുപാട്ടുകളിൽ വാത്സല്യഭരിതമായ ശബ്‌ദ പ്രപഞ്ചം തീർത്തു ചിത്ര.. ചടുലമായ പാട്ടുകളിലും ചിത്ര തന്‍റെ ശബ്‌ദത്തിൽ ഇന്ദ്രജാലം തീർത്തിട്ടുണ്ട്.ശബ്‌ദവ്യതിയാനത്തിന്‍റെ അഴകുകൾ കൊണ്ടും ആ ശബ്ദം അമ്പരിപ്പിച്ചു... ഓരോ സംഗീത സംവിധായകന്റെയും ഹൃദയസ്വരങ്ങളെ ചിത്ര തന്റെ ഗാനങ്ങളിൽ അർപ്പണത്തോടെ പകർത്തി... സെമിക്ലാസിക്കൽ ഗാനങ്ങളിൽ ചിത്ര പുലർത്തുന്ന സൂക്ഷ്‌മതയും ശ്രദ്ധയും ഉദാഹരണം മാത്രം. പ്രണയത്തിന്റെ വ്യത്യസ്തഭാവങ്ങളുള്ള പാട്ടുകൾക്ക് ചിത്രയുടെ ശബ്‌ദത്തിലുണ്ടാകുന്ന മികവുകൾ വലുതായിരുന്നു. ആനന്ദപൂർണമായ പ്രണയത്തിന്റെ എല്ലാ തലങ്ങളെയും തൊടുന്ന സ്വരശുദ്ധി ആ ഗാനങ്ങൾക്കുണ്ടായിരുന്നു.
പാട്ട് പാടി മഴ പെയ്യിച്ചൊരാൾ മിയാൻ താൻസനെങ്കിൽ ചിത്ര പെയ്യിച്ച മഴയൊരിറ്റു പോലും തോർന്നു തീർന്നില്ല... എത്രയും പ്രിയപ്പെട്ട ചിത്ര , ഞങ്ങൾക്കായി ഇനിയും ഇനിയും പാടുക.. തെളിനീര് വറ്റാത്ത ഉറവ പോലെ ...
Adjust Story Font
16