'ഇന്ത്യ അർഹിക്കുന്ന പ്രധാനമന്ത്രി ആയിരുന്നില്ല നെഹ്രു'
കൊടും ചൂഷണത്തിലും പൂഴുക്കളെ പോലെ പൂണ്ടു വിളയാട്ടം നടത്തിയിരുന്നു ഒരു ജനതയെ ശാസ്ത്രത്തിന്‍റെ വഴിയേ നടത്തി ഇന്നത്തെ നിലയിലേക്ക് കൈ പിടിച്ചുയർത്തിയ ആദ്ദേഹം വെറുക്കപ്പെടുക തന്നെ ചെയ്യണം
- Updated:
2022-08-26 17:06:40.0
എന്തുകൊണ്ടാണ് ഈ ഗവൺമെന്‍റ് നെഹ്രുവിനെ ഇത്രയധികം വെറുക്കുന്നത് എന്ന് പലർക്കും മനസിലാവുന്നുണ്ടാവില്ല. എന്നാൽ രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്ക് ശേഷം എന്ന പുസ്തകം വായിക്കുമ്പോൾ, അതിന്‍റെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ,നമുക്ക് വ്യക്തമായി മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. നെഹ്രു ഇവരെ സംബന്ധിച്ചിടത്തോളം വെറുക്കപ്പെടേണ്ട വ്യക്തി തന്നെയാണ്.. അതിന്‍റെ കാരണങ്ങളിലേക്ക് കടക്കാം.
ഒന്നാമത് ഇന്ത്യൻ പ്രധാനമന്ത്രി ആകുവാൻ അന്നത്തെ ഭരണ കോൺഗ്രസ് നേതാക്കന്മാരുടെ ഒന്നും പിന്തുണയില്ലാത്ത വ്യക്തിയായിരുന്നു നെഹ്രു. കോൺഗ്രസ് പ്രസിഡണ്ടും അതുപോലെതന്നെ പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെടുവാനുള്ള വോട്ടെടുപ്പിൽ 15 പി.സി.സി വോട്ടിൽ പന്ത്രണ്ടെണ്ണം പട്ടേലിനു അനുകൂലമായിരുന്നു. ബാക്കി മൂന്നു പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു .അതായത് പി.സി.സി വോട്ടെടുപ്പിൽ ഒരാൾ പോലും അല്ലെങ്കിൽ ഒരു വോട്ട് പോലും നെഹ്രുവിനു അനുകൂലമല്ലായിരുന്നില്ല എന്നർത്ഥം. എന്നാൽ ഗാന്ധിജിയുടെ ഇടപെടൽ മൂലം മാത്രമാണ് പട്ടേൽ പ്രധാനമന്ത്രി ആകാതെ നെഹ്രു പ്രധാനമന്ത്രി ആയത്.
( രാമചന്ദ്ര ഗുഹ- ഇന്ത്യ ഗാന്ധിക്ക് ശേഷം) രണ്ടാമത്തെ കാരണം നെഹ്രുവിന്‍റെ ശാസ്ത്ര, യുക്തി ആശയങ്ങൾക്കും സോഷ്യലിസ്റ്റ് ആശയങ്ങൾക്കും മതേതര ആശയങ്ങൾക്കും അതുപോലെതന്നെ ഹിന്ദുത്വ വിരുദ്ധമായുള്ള മതപരമായ ആശയങ്ങൾക്കും പട്ടേൽ എന്നും ഒരു എതിരാളിയായിരുന്നു.പട്ടേൽ ആകട്ടെ ഇന്ത്യയിൽ മുഴുവനും സർക്കാരിലും നെഹ്രുവിനെ അപേക്ഷിച്ചു കൂടുതൽ ജനസമ്മതി ഉള്ളയാളുമായിരുന്നു.
മൂന്നാമത് നെഹ്രുവിയൻ ആശയങ്ങളെ അതേപടി സ്വയം പേറുന്ന ഒരു വ്യക്തി കൂടി ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഗാന്ധിജിയുടെ മരണത്തോടുകൂടി പട്ടേൽ നെഹ്രുവിനോടുള്ള ഉള്ള കലഹം ഒഴിവാക്കുകയും നെഹ്രുവിനു നല്ലൊരു കൂട്ടാളിയായി പ്രവർത്തിക്കുകയും ചെയ്തു. ഓർക്കുക ഗാന്ധിജി കൊല്ലപ്പെട്ടതിന്‍റെ തലേദിവസവും ഇവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാന്ധിയുടെ അപേക്ഷയായിരുന്നു പട്ടേലും നെഹ്രുവും ഒരുമിച്ചു പോകണം എന്നത്. അധികം താമസിക്കാതെ തന്നെ പട്ടേൽ മരിച്ചതോടു കൂടി മന്ത്രിസഭയിൽ നെഹ്രു മന്ത്രിസഭയിൽ അജയൻ ആയി മാറി.
പിന്നീട് നെഹ്രു എടുത്ത പല തീരുമാനങ്ങളിലും ഹിന്ദുത്വ,പ്രാദേശിക ശക്തികളിൽ നിന്നു കാര്യമായി എതിർപ്പ് തന്നെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ന് കാണുന്ന വർഗീയശക്തികൾ ഒന്നും പുതിയതല്ല .ഇതെല്ലാം അന്നുമുണ്ടായിരുന്നു. അവർ അന്നും സർക്കാരിനെയും നെഹ്റുവിനെയും കാര്യമായി എതിർക്കുകയും മത രാഷ്ട്രം കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തവരാണ്. സമ്മർദം മൂലം നെഹ്രുവിന് വിഭാഗീയ ശക്തികളുടെ പല ആവശ്യങ്ങളും സാധിച്ചു കൊടുക്കേണ്ടി വന്നെങ്കിലും ചിലത് നെഹ്രു പിടിച്ച പിടിയാലേ തന്നെ അവസാന നിമിഷം വരെ പോരാടി ജയിച്ചു.
ഭാഷയുടെ പേരിൽ ആന്ധ്രയും തമിഴ്നാടും ബോംബെയും മഹാരാഷ്ട്രയും ഉണ്ടാക്കി. അതിൽ നെഹ്രു അടിയറവു പറയേണ്ടി വന്നു .എന്നാൽ ഗോവധം,ഹിന്ദു കോഡ്, അതുപോലെ തീവ്ര ഹിന്ദുത്വ അജണ്ട നടപ്പാക്കുക ഇവയിൽ നിന്നെല്ലാം മാറി നിൽക്കുവാൻ നെഹ്രുവിനും നെഹ്രുവിനൊപ്പം പോകാൻ ആഗ്രഹിച്ച ഒരുപാട് പേർക്കും സാധിച്ചു എന്നതാണ് സത്യം.
ഇന്ന് നമ്മുടെ രാജ്യത്ത് കാണുന്ന വികസനത്തിന്‍റെ, ശാസ്ത്രപുരോഗതിയുടെ, സാങ്കേതികവിദ്യയുടെ, ശാസ്ത്രബോധത്തിന്‍റെ, മതേതര ത്തിന്‍റെയുമൊക്കെ അടിത്തറ പാകിയ ഭരണാധികാരി നെഹ്രു ആയിരുന്നു. നെഹ്രുവിനൊപ്പം അന്ന് കോണ്‍ഗ്രസിന്‍റെ തലപ്പത്തും പലരും മതവാദികൾ തന്നെയായിരുന്നു. അതിൽ രാജേന്ദ്രപ്രസാദ്, പുരുഷോത്തമൻ ടണ്ഠൻ തുടങ്ങി പലരും ഉണ്ടായിരുന്നു എന്നോർക്കുക. രാഷ്ട്രീയമായ എതിർ ചേരിയിൽ ആയിട്ടും പ്രാഗത്ഭ്യം ഉള്ളവരെ മന്ത്രിസഭയിൽ വേണം എന്ന് നെഹ്രുവിന്‍റെ ആഗ്രഹം കൊണ്ടാണ് ഡോസ ശ്യാമ പ്രസാദ് മുഖർജിയെയും ഡോ അംബേദ്കറെയും ഒക്കെ അദ്ദേഹം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇന്ന് ഏതെങ്കിലും സർക്കാരിന് സാധിക്കുമോ ഇത്?
ഈ മതഭ്രാന്ത് എന്ന് പറയുന്നത് തുടങ്ങിയത് 2014ൽ ആണ് എന്ന് നമ്മൾ കരുതുന്നുവെങ്കിൽ തെറ്റി. നരേന്ദ്ര മോദിയോ വാജ്പേയ് വന്നതിനുശേഷം തുടങ്ങിയതാണെന്നും പുതുതായി എന്തോ ഇവിടെ ഉറവെടുത്തതാണ് എന്നും കരുതുന്നെങ്കിൽ തെറ്റാണ്. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് സമയത്ത് ഒരു നേതാവ് നെഹ്രുവിനെയും അംബേദ്കറെയും എതിർത്തുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്." ജനാധിപത്യം എന്ന് പറയുന്നത് ലോകത്ത് ആദ്യമായി കണ്ടുപിടിച്ചത് ഇന്ത്യയിലാണ്. തഞ്ചാവൂരിലെ ഒരു കോവിലിൽ 1500 വർഷം മുമ്പ് ഇവിടെ ഇലക്ഷൻ നടന്നതായിട്ടു കുറിച്ചിട്ടുണ്ട്. വെറ്റിലയിൽ വോട്ട് രേഖപ്പെടുത്തി മൺകുടങ്ങൾ ബാലറ്റ് ബോക്സ് ആക്കി ഇവിടെ ഇലക്ഷൻ നടന്നിരുന്നു. മറ്റൊരു പ്രധാന മെമ്പർ പറഞ്ഞത് ഇങ്ങനെയാണ്. നമ്മൾ എന്തിനാണ് ബ്രിട്ടന്‍റെയും റഷ്യയുടെയും ജർമനിയുടെയും ഒക്കെ പാരമ്പര്യം, അല്ലെങ്കിൽ നിയമങ്ങൾ ഒക്കെ നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത്? നമുക്ക് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം ഉണ്ടല്ലോ.( മനുഷ്യൻ കാട്ടിൽ നിന്ന് ഇറങ്ങിയിട്ട് വെറും 10000 കൊല്ലമേ ആയുള്ളൂ എന്നുള്ളത് അദ്ദേഹത്തിന് അന്ന് അറിയില്ല.ഇന്നും ജനത്തിന് അറിയില്ല.)
ജവഹർലാൽ നെഹ്രുവിനെ സകല സർക്കാർ ഇടങ്ങളിലും നിന്ന് തമസ്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ഡൊമിനിയന്‍ സ്റ്റാറ്റസ് മതി എന്ന് ചിന്തിച്ചവർ കോൺഗ്രസിൽ തന്നെ ധാരാളം ഉണ്ടായിരുന്ന കാലത്താണ് നെഹ്രുവും കൂട്ടരും 1929ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ പൂർണ സ്വരാജ് പ്രമേയം പാസാക്കുന്നത്. വിഭജനാനന്തരം ഇന്ത്യ ഒരു മതരാഷ്ട്രം ആകാനും സാധ്യതയുണ്ടായിരുന്നു. ഭരണത്തിൽ മതത്തിനും രാഷ്ട്രീയത്തിനും ഒരു റോളും ഉണ്ടാകരുത് എന്ന് നിർബന്ധ ബുദ്ധി ഉള്ള ആളായിരുന്നു നെഹ്രു. ബാബരി മസ്ജിദിൽ ഒരു സുപ്രഭാതത്തിൽ ഒരു വിഗ്രഹം പ്രത്യക്ഷപ്പെട്ടപ്പോൾ അതെടുത്തു സരയൂ നദിയിൽ ഒഴുക്കൂ എന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നെഹ്രു. സർക്കാർ ചെലവിൽ സോമനാഥാക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച വല്ലഭായ് പട്ടേലിനോട് രാഷ്ട്രത്തിന് മതമില്ലെന്നും ഒരു മതത്തിന്‍റെയും ആരാധനാലയം സർക്കാർ പണിയരുതെന്നും നെഹ്രു പറഞ്ഞു. സോമനാഥ ക്ഷേത്രം പണി പൂർത്തീകരിച്ചപ്പോൾ പ്രധാനമന്ത്രിയെയാണ് ഉദ്ഘാടനത്തിനായി അദ്ദേഹത്തിന്‍റെ ക്യാബിനറ്റ് മന്ത്രി ക്ഷണിച്ചത്. എന്നാൽ പ്രധാനമന്ത്രി ഒരു മതത്തിന്‍റെയും പരിപാടിയിൽ പങ്കെടുക്കുന്നത് ഉചിതമല്ല, നമ്മൾ ഒരു മതേതര രാഷ്ട്രമാണ് എന്നാണ് അന്ന് അദ്ദേഹം ഓർമിപ്പിച്ചത് .
നെഹ്രു വിദേശസന്ദർശനത്തിനു പോയപ്പോൾ ആർ.എസ്.എസിനെ കോൺഗ്രസിൽ ലയിപ്പിക്കുവാനുള്ള ഒരു ശ്രമം പോലും ഒരിക്കൽ നടന്നിട്ടുണ്ട്. കോൺഗ്രസിലെ തന്‍റെ വീറ്റോ അധികാരത്തിനു തുല്യമായ ശക്തി ഉപയോഗിച്ചാണ് നെഹ്രു അന്നത് തടഞ്ഞത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിനു ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിൽ വരെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടത് നെഹ്രു എന്ന നേതാവിന്റെ നിലപാടുകൾ കൊണ്ടാണ്. ഇന്ത്യയുടെ നിലപാടുകൾ എന്നാൽ നെഹ്രുവിന്‍റെ നിലപാടുകൾ ആയിരുന്നു. ചേരി ചേരാ നയങ്ങളും പഞ്ചശീല തത്വങ്ങളുമായി ഇന്ത്യ ഒരു താരമായി മാറിയത് ആ കാലത്താണ്.
തന്‍റെ ആദർശങ്ങൾ കളഞ്ഞു കുളിച്ചിട്ടായിരുന്നില്ല ഈ പ്രീതി അദ്ദേഹം നേടിയത്. ശീത യുദ്ധ കാലത്തും മുൻപും അദ്ദേഹം അന്താരാഷ്‌ട്ര വേദികളിൽ നിറഞ്ഞ കയ്യടി നേടിയിരുന്നു എന്ന് മാത്രമല്ല എല്ലായിടത്തും സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടും ചെയ്തിരുന്നു. കമലാ നെഹ്രുവിന്‍റെ ചിതാഭസ്മവുമായി റോം വഴി യൂറോപ്പിൽ നിന്ന് മടങ്ങിയ അദ്ദേഹത്തെ കാത്ത് സാക്ഷാൽ മുസോളിനിയുടെ കത്ത് എയർപോർട്ടിൽ ഉണ്ടായിരുന്നു. ഒരു അനുശോചന സന്ദേശവും കാണാൻ താപര്യമുണ്ടെന്ന ആഗ്രഹവുമായിരുന്നു ഉള്ളടക്കം . രണ്ടും തള്ളിയ നെഹ്‌റു ഒരു ഫാസിസ്റ്റുമായി ബന്ധം ആവശ്യമില്ല എന്ന് തീരുമാനിച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ അടിമ ചങ്ങലയിൽ കിടക്കുമ്പോഴാണ് അക്കാലത്തെ കരുത്തനായ ഒരു ഭരണാധികാരിയുടെ ക്ഷണം നിരസിച്ചത് എന്നോർക്കണം.
മറ്റൊരിക്കൽ നാസികൾ ഒരു കൂടിക്കാഴ്ചക്ക് ക്ഷണിച്ചപ്പോഴും നെഹ്രു ആ ക്ഷണം തള്ളി. ഫാസിസം മനുഷ്യവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചു നിന്നു. ഇന്ത്യയിലെ സംഘ് നേതാവ് മൂഞ്ചെ ഫാസിസത്തിന്‍റെ അടവ് നയങ്ങൾ പഠിക്കാൻ മുസ്സോളിനിയെ അങ്ങോട്ട് പോയി കാണുകയും ഗോൾവാൾക്കർ ഹിറ്റ്ലറുടെ വംശ ശുദ്ധീകരണ മാതൃകയെ സംഘ് പരിവാർ മാതൃകയാക്കണമെന്നു എഴുതുകയും ചെയ്ത കാലത്താണ് ഈ സംഭവം എന്ന് കൂടി ഓർക്കണം. ഇന്ത്യ എന്താവണമെന്നും എവിടെ നിൽക്കണമെന്നും അറിയാൻ നെഹ്രുവിനെ നോക്കിയാൽ മതി.
ചരിത്രം എന്നു പറയുന്നത് എഴുതപ്പെടുന്നവന്‍റെ ഭാവനയും ആഗ്രഹവും അനുസരിച്ചിട്ടുള്ളതാണ്. അത് എങ്ങനെ വേണമെങ്കിലും മാറ്റിമറിക്കാം. നെഹ്രുവിന് ശേഷം കോൺഗ്രസ് ഒളിഞ്ഞും പാത്തും അല്‍പം ജാള്യതയോടെയും ചെയ്തത് ഇന്ന് ബി.ജെ.പി അഭിമാനത്തോടെ ചെയ്യുന്നു. ഈ പറയുന്ന നെഹ്രുവിനെ തിരസ്കരിക്കുന്നതും സവർക്കറെ രാഷ്ട്രപിതാവ് ആക്കാനുള്ള ശ്രമവും ഒക്കെ വിജയിക്കില്ലെന്നും ഇതൊക്കെ ഭൂരിപക്ഷം തള്ളുമെന്നും കരുതുന്നത് ശരിയല്ല. എങ്ങനെ വേണമെങ്കിലും ചരിത്രം മാറ്റി എഴുതാൻ സാധിക്കും.ഇന്ത്യയിൽ ഇപ്പോൾ ഒരു സർവ്വേ നടത്തുക. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ അല്ലെ എന്നു ചോദിച്ചാൽ ഒരുപക്ഷേ പകുതിയിലധികം ആൾക്കാരെങ്കിലും അതേ എന്നു പറയും. അപ്പോൾ ഒരു പത്തുവർഷം കഴിഞ്ഞാൽ ഉള്ള അവസ്ഥ എന്തായിരിക്കും?
ബ്രിട്ടീഷുകാർക്ക് മുമ്പ് ഇവിടെ മതങ്ങളുടെ പേരിലല്ല യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നത്. മുസ്ലിം രാജാക്കന്മാരും ഹിന്ദു രാജാക്കന്മാരും തമ്മിലടിച്ചപ്പോൾ ഹിന്ദു രാജാവിന്‍റെ സൈന്യാധിപൻ മുസ്ലിമും മുസ്ലിം മുഗൾ ചക്രവർത്തിയുടെ സൈന്യാധിപൻ ഹിന്ദുവും ആയിരുന്നു. ക്ഷേത്രങ്ങൾ കൊള്ളയടിച്ചതിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ട്. ഒരു മതത്താൽ വിവക്ഷിക്കപ്പെട്ട രാജ്യമായിരുന്നില്ല ബ്രിട്ടീഷുകാർക്ക് മുമ്പ് ഇന്ത്യ എന്നുള്ളതാണ് പരമമായ സത്യം. ഈ നരേറ്റീവ് ഉണ്ടാക്കിയെടുത്തത് ബ്രിട്ടീഷ് ചരിത്രകാരന്മാരും മാക്സ് മുള്ളറെയും ജെയിംസ് മില്ലിനെയും പോലെയുള്ള ആൾക്കാരാണ്.
ബ്രിട്ടീഷുകാരുടെ വ്യക്തമായ പ്ലാനായിരുന്നു വിഭജിച്ചു ഭരിക്കുക എന്നത്. സാഹോദര്യത്തോടെ ജീവിച്ചിരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം വൈരികളായി കണ്ടു തുടങ്ങി. മറ്റു ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷം ശത്രുക്കളായി കാണാൻ തുടങ്ങി. നെഹ്രു തടഞ്ഞുനിർത്തിയ മതമാരി എന്ന മഹാവിപത്തിനെ നെഹ്രുവിന്‍റെ പിൻഗാമികൾക്ക് അത്രമേൽ മുന്നോട്ടുകൊണ്ടു പോകാൻ സാധിച്ചില്ല . അദ്ദേഹത്തിന്‍റെ മകൾ ഇന്ദിരയും ലാൽ ബഹദൂർ ശാസ്ത്രിയും ഒരുപരിധി വരെ അത് തടഞ്ഞു നിർത്തി. എന്നാൽ രാജീവ് ഗാന്ധി മതത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. രാജീവ് ഗാന്ധി ചെയ്ത ഏറ്റവും വലിയ വലിയ ന്യൂനപക്ഷ പ്രീണനം ആയിരുന്നു ഷബാനു കേസ്. (മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിന് ശേഷം ജീവനാംശം കിട്ടണമെന്ന് സുപ്രിംകോടതി വിധിയെ മറികടക്കാൻ വേണ്ടി ആദ്ദേഹം ഭരണഘടനാഭേദഗതി നടത്തി. അദ്ദേഹത്തിനെതിരായി ഭൂരിപക്ഷ വികാരം രൂപ്പെട്ടപ്പോൾ അദ്ദേഹം ബാബരി മസ്ജിദ് പൂജക്ക് തുറന്നുകൊടുത്തു. ബാക്കി ചരിത്രം).
നെഹ്രു എന്ന ഒറ്റ വ്യക്തി ഇല്ലായിരുന്നുവെങ്കിൽ, അദേഹത്തിന് പകരം പട്ടേലോ രാജേന്ദ്രപ്രസാദോ ,സുഭാഷ് ചന്ദ്രബോസോ പുരുഷോത്തമൻ ദാസ് ടണ്ടനോ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ വർഷങ്ങൾക്കു മുമ്പ് തന്നെ ഇത് ഒരു മതരാഷ്ട്രമാകുമായിരുന്നുവെന്നു ഉറപ്പാണ്.
ഇന്ത്യ ഒരിക്കലും അർഹിക്കുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നില്ല നെഹ്രു. പത്തോളം മതങ്ങളും നൂറ് കാണക്കിന് ജാതികളും ആയിരക്കണക്കിന് ഉപ ജാതികളും പതിനായിരക്കണക്കിന് ആരാധനാലയങ്ങളും ലക്ഷക്കണക്കിന് ദൈവങ്ങളും കോടികണക്കിന് അനാചാരങ്ങളും എല്ലാമായി അന്ധകാരത്തിലും പട്ടിണിയിലും വംശവെറിയിലും കൊടും ചൂഷണത്തിലും പൂഴുക്കളെ പോലെ പൂണ്ടു വിളയാട്ടം നടത്തിയിരുന്നു ഒരു ജനതയെ ശാസ്ത്രത്തിന്‍റെ വഴിയേ നടത്തി ഇന്നത്തെ നിലയിലേക്ക് കൈ പിടിച്ചുയർത്തിയ ആദ്ദേഹം വെറുക്കപ്പെടുക തന്നെ ചെയ്യണം.
Adjust Story Font
16