Quantcast

മോദി എന്തുകൊണ്ട് ഫാഷിസ്റ്റല്ല? സിപിഎമ്മിന്റെ വിശദീകരണം

സിപിഐയുടെയും സിപിഐ എംഎല്ലിന്റെയും നിലപാടിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സിപിഎം മുന്നോട്ട് വെക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    23 Feb 2025 12:32 PM

Published:

23 Feb 2025 11:02 AM

Four new faces join CPM Alappuzha district committee
X

11 വർഷമായി അധികാരത്തിൽ തുടരുന്ന മോദി സർക്കാർ ഒരു ഫാഷിസ്റ്റ് സർക്കാരാണോ? മോദിയെയും ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നവരിൽ പലരും ഇവരെയെല്ലാം ഫാഷിസ്റ്റ് എന്ന് വിശേഷിപ്പിക്കാറുണ്ട്. ഒന്നാം ലോക മഹായുദ്ധാനന്തരം ഇറ്റലിയിലും ജർമനിയും മുസോളിനിയുടെയും ഹിറ്റ്ലറുടെയും നേതൃത്വത്തിലുള്ള ഭരണകൂടങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്ന പേരാണ് ഫാഷിസ്റ്റ് എന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം രാഷ്ട്രീയ കക്ഷികൾ ഉയർന്നു വന്നിട്ടുണ്ട്. ആഗോളീകരണത്തിന് ശേഷം വിശേഷിച്ചും. ഫ്രാൻസിൽ മരീൻ ലീ പെന്നിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ട്, റഷ്യയിൽ വ്ളാദിമിർ ഷിരിനോവ്സ്കിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി എന്നിവ ഉദാഹരണം. എന്താണ് ഈ നവ ഫാഷിസ്റ്റ് പാർട്ടികളും ഫാഷിസ്റ്റ് പാർട്ടികളും തമ്മിലുള്ള വ്യത്യാസം? ഫാഷിസ്റ്റുകൾ ചെയ്ത പോലെ, അവരുടെ രാജ്യത്തിന്റെ ദുർഗതിക്ക് അവർ ജൂതന്‍മാരെയും മാർക്സിസ്റ്റുകളെയും കീഴ്‌പ്പെടുത്താറില്ല, പകരം, യൂറോപ്യൻമാരല്ലാത്ത കുടിയേറ്റക്കാരാണ് അവരുടെ ആക്രമണത്തിനിരയാവുന്നത്. ഫാഷിസ്റ്റ് ഭരണകൂടങ്ങളെ പോലെ അവർ മറ്റു രാജ്യങ്ങൾ ആക്രമിച്ച് കീഴ്പ്പെടുത്താറില്ല. പകരം, അവർ തങ്ങൾ ജനാധിപത്യവാദികളും ലിബറലുകളുമാണെന്ന് തെളിയിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു. യൂറോപ്യൻ ഫാഷിസ്റ്റുകളെയോ നവ ഫാഷിസ്റ്റുകളെയോ ഇന്ത്യയിലെ സംഘ് പരിവാറുമായോ ആർഎസ്എസുമായോ താരതമ്യപ്പെടുത്തുന്നതിൽ കൃത്യതയില്ലായ്മയുണ്ട്. ഫാഷിസ്റ്റ് സംഘടനകൾ അവരുടെ ശത്രുക്കളായി പ്രഖ്യാപിച്ചത് ജൂതന്‍മാരെയും കമ്യൂണിസ്റ്റുകളെയുമായിരുന്നു. നവഫാഷിസ്റ്റുകൾ ലക്ഷ്യംവെക്കുന്നത് യൂറോപ്യന്മാരല്ലാത്ത കുടിയേറ്റക്കാരെയും. ഇന്ത്യയിൽ സംഘ് പരിവാർ ലക്ഷ്യംവെക്കുന്നതാരെയെന്ന് അവർ പ്രഖ്യാപിച്ചതാണ്. മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകൾ. നിലവിലെ മോദി ഭരണകൂടത്തെ ഫാഷിസ്റ്റ് എന്ന് വിളിക്കുന്നവരാണ് സിപിഐ, സിപിഐ എംഎൽ എന്നീ കമ്യൂണിസ്റ്റ് പാർട്ടികൾ . ഇന്ത്യയിൽ ഫാഷിസം നിലവിൽ വന്നുവെന്നാണ് സിപിഐ എംഎൽ നിലപാട്. എന്നാൽ, ഈ രണ്ട് നിലപാടുകളും കഴിഞ്ഞ രണ്ട് പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയങ്ങളിലും സിപിഎം തള്ളിയിരുന്നു. സിപിഎം നിലപാട് സംബന്ധിച്ച് മുൻ ജന. സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനം മുമ്പ് വിവാദവുമായിരുന്നു. യെച്ചൂരിയുടെ മരണശേഷം ജന. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ടിന്റെ നേതത്വത്തിൽ സിപിഎം വീണ്ടും ഒരു പാർട്ടി കോൺഗ്രസിലേക്ക് പോകുമ്പോൾ , പത്ത് വർഷം പൂർത്തിയാക്കിയ മോദി ഭരണകൂടത്തെ ഫാഷിസ്റ്റ് എന്ന് വിശേഷിപ്പിക്കാനാകില്ലെന്നാണ് സിപിഎം നിലപാട്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ചർച്ചക്കായി പാർട്ടി പൊളിറ്റ് ബ്യൂറോ വിതരണം ചെയ്ത രേഖയിൽ എന്തു കൊണ്ട് മോദിയെ ഫാഷിസ്റ്റ് എന്ന് വിളിച്ചു കൂടാ എന്ന് സിപിഎം വിശദീകരിക്കുന്നു. പൂർണ രൂപം ചുവടെ..

നവ ഫാഷിസം എന്ന പ്രയോഗത്തിന്റെ ഉപയോഗിത്തിന്മേലുള്ള കുറിപ്പ്


-----------------------------------------------------------------------

1. '' ഹിന്ദുത്വ അജൻഡയും സമഗ്രാധിപത്യ ശൈലിയും ഉപയോഗിച്ച് എതിർശബ്ദങ്ങളെയും ജനാധിപത്യത്തെയും അമർച്ച ചെയ്യാനുള്ള ശ്രമം നവ ഫാഷിസ സ്വഭാവങ്ങളുടെ പ്രകടനമാണ്"' എന്ന് ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെന്ന തലക്കെട്ടിൽ കരട് രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2. ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൽ, ' സമഗ്രാധിപത്യവും ഹിന്ദുത്വ വർഗീയ ആക്രമണങ്ങളും ' ഉയർന്നു വരുന്ന ഫാഷിസ്റ്റ് പ്രവണതകളാണ് ' എന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിലാകട്ടെ, മോദി സർക്കാർ ആർഎസ്എസിന്റെ ഫാഷിസ്റ്റ് അജൻഡകളാണ് നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

3. എന്താണ് നവ-ഫാഷിസം? നവം എന്ന വാക്കിന് പഴയ ഒന്നിന്റെ പുതിയതോ സമകാലികമോ ആയ രൂപമെന്നാണ് അർത്ഥം. നവ-ഫാഷിസം എന്ന വാക്ക് ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്ത് യൂറോപ്പിൽ ഉയർന്ന് വന്ന ക്ലാസിക്കൽ ഫാഷിസത്തിൽ നിന്ന് വേർതിരിച്ച് മനസിലാക്കാനാണ് ഉപോയോഗിക്കുന്നത്. ജർമനിയിൽ ഹിറ്റ്‍ലർക്ക് കീഴിലും ഇറ്റലിയിൽ മുസോളിനിക്ക് കീഴിലും നിലനിന്നതാണ് ക്ലാസിക്കൽ ഫാഷിസം. 1929 മുതൽ 33 വരെ മുതലാളിത്ത പ്രതിസന്ധിയെ തുടർന്ന് രൂപപ്പെട്ട വൻ സാമ്പത്തിക മാന്ദ്യത്തിന്റെ കാലമാണത്. സാമ്രാജ്യത്വങ്ങൾക്കിടയിലുള്ള വൈരുധ്യങ്ങൾ മൂർച്ഛിക്കുകയായിരുന്നു അക്കാലത്ത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ ഇതിന്റെ പരിണിത ഫലമായിരുന്നു. ബൂർഷ്വാ ജനാധിപത്യങ്ങളെ അട്ടിമറിച്ച് ഫാഷിസം അധികാരത്തിലേറിയ ശേഷം, യുദ്ധസാഹചര്യമുപയോഗിച്ച് ആയുധ നിർമാണം വ്യാപിപ്പിക്കുകയും അതുവഴി സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുകയും ചെയ്തു. കുത്തക മുതലാളിത്തം ഈ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ പിന്തുണക്കുകയും ഈ ഭരണകൂടങ്ങളെ ആശ്രയിച്ച് തീവ്രനടപടികളിലൂടെ മാന്ദ്യം മറികടക്കാൻ ശ്രമിക്കുകയും ചെയ്തു.

4. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലനിന്ന ഫാഷിസവുമായി നവ-ഫാഷിസത്തിന് ചില സാദൃശ്യങ്ങളുണ്ട്. ചരിത്രപരമായ തെറ്റുകളെയും കുറിച്ച തോന്നലുകളുടെ മേൽ പടുത്തുയർത്തിയ അതിതീവ്ര ദേശീയതയും അതുവഴി ' അപരന്മാരോടുള്ള' അഥവാ മത-വംശീയ ന്യനപക്ഷങ്ങളെ ആക്രമിക്കുക, തീവ്ര-വലതു പാർട്ടികൾക്കുള്ള വൻകിട ബൂർഷ്വാസിയുടെ പിന്തുണ എന്നിവ ഉദാഹരണം. നമ്മുടെ പാർട്ടി പരിപാടിയനുസരിച്ച്, ആർഎസ്എസിനെയും അതിന്റെ ഹിന്ദുത്വ ഐഡിയോളജിയെയും ഫാഷിസ്റ്റ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ആർഎസ്എസ് ബിജെപിയുടെ അധികാരത്തിന്റെ തണലുപയോഗിക്കുന്നു. ഹിന്ദുത്വയുടെ വർഗീയ പ്രത്യയശാസ്ത്രം, നവ ലിബറൽ സാമ്പത്തിക പ്രതിസന്ധി, ബൂർഷ്വാ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള സമഗ്രാധിപത്യ പ്രയോഗം എന്നിവ ഒരു പ്രാഗ് നവ ഫാഷിസ്റ്റ് ഘടനക്കുള്ള ചേരുവകൾ തന്നെയാണ്.

5.നവ ഫാഷിസം നവലിബറൽ സാമ്പത്തിക പ്രതിസന്ധിയുടെ ഉപോൽപ്പന്നവും ആഗോള പ്രതിഭാസവുമാണ്. നവ ഫാഷിസ്റ്റ് ശക്തികൾ പലരാജ്യങ്ങളിലും ഉയർന്നു വരികയും ചിലർ അധികാരത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ 1930കളിലേത് പോലെ സാമ്രാജ്യത്വങ്ങൾക്കിടയിലെ വൈരുധ്യം ദൃശ്യമല്ല, അവ ആഗോള മൂലധനത്തിന്റെ ഉയർച്ച മൂലം നിശബ്ദമാക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് സാമ്രാജ്യത്വ വൈരുധ്യങ്ങൾ യുദ്ധമായി പരിണമിക്കാത്തത്. നവ ലിബറൽ പ്രതിസന്ധിമൂലം ജനങ്ങൾക്കിടയിലുണ്ടായ അസംതൃപ്തിയെ ജനപ്രിയ വായ്ത്താരികൾ ഉപയോഗിച്ച് നവ ഫാഷിസ്റ്റുകളും തീവ്ര വലതുപക്ഷവും മുതലെടുക്കുകയാണ്. എന്നാൽ നവഫാഷിസ്റ്റുകൾ അധികാരത്തിലേറുമ്പോഴാകട്ടെ, അവർ നവലിബറൽ സാമ്പത്തിക നയങ്ങളെ എതിർക്കേണ്ടതിന് പകരം വൻ കിട മൂലധനശക്തികൾക്ക് വേണ്ടി അതിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. ക്ലാസിക്കൽ ഫാഷിസ്റ്റുകളുമായുള്ള നവഫാഷിസത്തിന് മറ്റൊരു വ്യത്യാസവുമുണ്ട്. നവഫാഷിസ്റ്റുകൾ അധികാരത്തിലേറാൻ ജനാധിപത്യത്തെ ഉപയോഗിക്കുന്നു.അധികാരത്തിലേറിയ ശേഷം ജനാധിപത്യത്തെ തള്ളിക്കളയുന്നു. . തെരഞ്ഞെടുപ്പ് പ്രക്രിയ നിലനിർത്തുമ്പോൾ തന്നെ, സമഗ്രാധിപത്യ രീതികളാൽ പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു. നിലനിൽക്കുന്ന ജനാധിപത്യ ഭരണഘടനക്കകത്ത് നിലനിന്നു കൊണ്ട് തന്നെ അതിനെ മാറ്റിമറിക്കാൻ പണിയെടുക്കുന്നു.

6. ആർഎസ്എസിന്റെയും ബിജെപിയുടെയും കീഴിലുള്ള ഭരണ വ്യവസ്ഥയെ നവ-ഫാഷിസ്റ്റ് സ്വഭാവം പ്രദർശിപ്പിക്കുന്ന ഹിന്ദുത്വ -കോർപ്പറേറ്റ് സമഗ്രാധിപത്യ ഭരണകൂടം ' എന്ന് നാം വിശേഷിപ്പിച്ചിട്ടുണ്ട്. മോദി സർക്കാരിനെ ഫാഷിസ്റ്റ് എന്നോ നവ ഫാഷിസ്റ്റ് എന്നോ നാം വിശേഷിപ്പിക്കുന്നില്ല. ഇന്ത്യയെ നാം ഫാഷിസ്റ്റ് രാജ്യം എന്നും വിശേഷിപ്പിക്കുന്നില്ല. പത്ത് വർഷത്തെ തുടർച്ചയായ ബിജെപി -ആർഎസ്എസ് ഭരണം കൊണ്ട് അധികാരം ബിജെപിയും ആർഎസ്എസും കൈപ്പിടിയിലൊതുക്കുകയും അത് നവ ഫാഷിസ്റ്റ് സ്വഭാവം കാണിക്കുകയും ചെയ്യുന്നു എന്നാണ് നാം അടിവരയിട്ടു പറയുന്നത്. നവഫാഷിസ്റ്റ് സ്വഭാവം എന്നാൽ നവഫാഷിസ്റ്റ് സവിശേഷതകളും പ്രവണതകളും എന്ന് മാത്രമാണ്. അത് ഒരു നവഫാഷിസ്റ്റ് സർക്കാരായോ രാഷ്ട്രീയ ഘടനയായോ രൂപം കൊണ്ടിട്ടില്ല. ബിജെപിക്കെതിരെ പോരാടിയില്ലെങ്കിൽ രൂപം കൊണ്ടേക്കാവുന്ന ഹിന്ദുത്വ കോർപ്പറേറ്റ് സമഗ്രാധിപത്യത്തെ കുറിച്ചാണ് രാഷ്ട്രീയ പ്രമേയം മുന്നറിയിപ്പ് നൽകുന്നത്.

7. ഇത് സിപിഐയുടെയും സിപിഐ എംഎല്ലിന്റെയും നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. സിപിഐ പറയുന്നത് നിലവിലുള്ളത് ഫാഷിസ്റ്റ് ഭരണകൂടമാണെന്നാണ്. സിപിഐ എംഎൽ ആകട്ടെ, ഫാഷിസം നിലവിൽ വന്നുവെന്നും പറയുന്നു.

TAGS :

Next Story