‘ഫലസ്തീൻ സ്വതന്ത്രമാകും, നിങ്ങൾ അവിടെ നിന്ന് പലായനം ചെയ്യും, അല്ലെങ്കിൽ മറ്റുള്ളവരോടൊപ്പം തുല്യരായി ജീവിക്കാൻ പഠിക്കും’; സൂസൻ അബുൽഹവ
ഫലസ്തീൻ വംശഹത്യയെ കുറിച്ച് നടന്ന ഓക്‌സ്‌ഫോർഡ് യൂണിയൻ ചർച്ചയിൽ ഫലസ്തീൻ-അമേരിക്കൻ നോവലിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ സൂസൻ അബുൽഹവ നടത്തിയ പ്രസംഗത്തിൽ നിന്ന്
- Updated:
2024-12-24 17:38:47.0
( നവംബർ 30ന് ഫലസ്തീൻ വംശഹത്യയെ കുറിച്ച് നടന്ന ഓക്‌സ്‌ഫോർഡ് യൂണിയൻ ചർച്ചയിൽ ഫലസ്തീൻ-അമേരിക്കൻ നോവലിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ സൂസൻ അബുൽഹവയുടെ പരാമർശങ്ങൾ)
ഞാൻ സംസാരിച്ചു കഴിയുന്നതുവരെ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയില്ല. അതിനാൽ ദയവായി എന്നെ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കുക. ഈ ദേശത്തെ (ഫലസ്തീൻ) തദ്ദേശവാസികളുടെ കാര്യത്തിൽ എന്തുചെയ്യണമെന്ന വെല്ലുവിളിയെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ ജൂതനായ ചൈം വെയ്‌സ്മാൻ 1921-ൽ ലോക സയണിസ്റ്റ് കോൺഗ്രസിനോട് പറഞ്ഞു, ‘ഫലസ്തീനികൾ യഹൂദിയയിലെ പാറകൾ പോലെയാണ്, അതായത് ദുഷ്‌കരമായ പാതയിൽ നീക്കപ്പെടേണ്ട തടസ്സങ്ങൾ’. അതേ സമ്മേളനത്തിൽ പോളണ്ടിലെ ജൂതനായ ഡേവിഡ് ഗ്രൂയൻ - തന്റെ പേര് അപ്പോഴേക്കും അയാൾ ഈ ദേശക്കാരൻ ആണെന്ന് തോന്നിക്കുന്ന വിധം ഡേവിഡ് ബെൻ ഗുറിയോൺ എന്ന് മാറ്റിയിരുന്നു- പറഞ്ഞു, ‘നമുക്ക് അറബികളെ മുഴുവൻ പുറത്താക്കി അവരുടെ സ്ഥലങ്ങൾ പിടിച്ച് സ്വന്തമാക്കണം’. ഫലസ്തീനിന്റെ അക്രമാസക്തമായ കോളനിവൽക്കരണവും അവളുടെ ജനങ്ങളുടെ ഉന്മൂലനവും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ആദ്യകാല സയണിസ്റ്റുകൾക്കിടയിൽ അത്തരം ആയിരക്കണക്കിന് സംഭാഷണങ്ങൾ നടന്നിട്ടുണ്ട്.
പക്ഷേ, അവർക്ക് ഭാഗികമായി മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. അവർ എൺപത് ശതമാനം ഫലസ്തീനികളെ കൊലപ്പെടുത്തുകയോ വംശീയമായി ഉന്മൂലനം ചെയ്യുകയോ ചെയ്തെങ്കിലും അവരുടെ കൊളോണിയൽ ഉന്മാദങ്ങൾക്ക് ശാശ്വതമായ തടസ്സം ആയി ഞങ്ങളിൽ ഇരുപത് ശതമാനം ഇന്നും അവശേഷിക്കുന്നു. ഈ അവശേഷിപ്പ് തുടർന്നുള്ള ദശാബ്ദങ്ങളിൽ അവരുടെ അഭിനിവേശത്തിന് വിഷയമായി തുടർന്നു, പ്രത്യേകിച്ചും 1967-ൽ അവശേഷിക്കുന്ന ഫലസ്തീൻ കൂടി അവർ അക്രമാസക്തമായി കീഴടക്കിയതിനു ശേഷം.
സയണിസ്റ്റുകൾ അവർക്കിടയിൽ ഞങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് നിരന്തരം വിലപിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. ഞങ്ങളെ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് രാഷ്ട്രീയ, അക്കാദമിക്, സാമൂഹിക, സാംസ്കാരിക വൃത്തങ്ങൾ തുടങ്ങി എല്ലാ തലത്തിലും അവർ ചർച്ച ചെയ്തു. ഫലസ്തീനിയൻ ജനന നിരക്കിനെ കുറിച്ച്, അതെ, ജനസംഖ്യാപരമായ ഭീഷണിയെന്ന് അവർ പേരിട്ട് വിളിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളെ എന്തുചെയ്യണം എന്നതിനെ കുറിച്ചായിരുന്നു ഈ പരസ്യമായി നടന്ന ചർച്ചകൾ.
ഈ യോഗത്തിൽ ഉണ്ടാകുമായിരുന്ന സയണിസ്റ്റ് ചരിത്രകാരൻ ബെന്നി മോറിസ് ഒരിക്കൽ നിരാശ പ്രകടിപ്പിച്ചത്, ബെൻ ഗുറിയോൺ ഞങ്ങളെ എല്ലാവരെയും കുടിയൊഴിപ്പിക്കാനുള്ള ‘ജോലി പൂർത്തിയാക്കിയില്ല’ എന്നായിരുന്നു. അതയാൾക്ക് ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ ‘അറബ് പ്രശ്നം’ എന്ന് ഇന്ന് അവർ വിളിക്കുന്ന പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന്. ബെഞ്ചമിൻ നെതന്യാഹു എന്ന മാറ്റിയ പേരിൽ വിളിക്കപ്പെടുന്ന ബെഞ്ചമിൻ മിലിക്കോവ്‌സ്‌കി എന്ന പോളിഷ് ജൂതൻ, 1989-ലെ ടിയാനൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിനിടയിൽ - അതായത് ‘ലോകശ്രദ്ധ ചൈനയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ’-ഫലസ്‌തീനിയൻ ജനതയുടെ വലിയൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നതിന് ഉപയോഗപ്പെടുത്താതെ നഷ്‌ടമായ അവസരത്തെ കുറിച്ച് പിന്നീട് വിലപിച്ചിട്ടുണ്ട്.നമ്മുടെ അസ്തിത്വമെന്ന ശല്യം പരിഹരിക്കുന്നതിനുള്ള അവരുടെ ചില പരിഹാരങ്ങളിൽ 80കളിലും 90 കളിലും ‘അവരുടെ അസ്ഥികൾ തകർക്കുക’ എന്ന നയം ഉൾപ്പെടുന്നു. നേരത്തെ പറഞ്ഞ കാരണങ്ങളാൽ, യിത്സാക്ക് റാബിൻ എന്ന് പേര് മാറ്റിയ ഉക്രേനിയൻ ജൂതനായ യിത്സാക് റൂബിറ്റ്സോവ് ആയിരുന്നു ഇതിന് ഉത്തരവിട്ടത്. ഫലസ്തീനികളുടെ തലമുറകളെ അംഗപരിമിതർ ആക്കിയ ആ ഭീകരമായ നയം പോലും പക്ഷേ ഞങ്ങളെ ജന്മനാട് വിട്ടോടാൻ പ്രേരിപ്പിച്ചില്ല.ഫലസ്തീനിയൻ അതിജീവനത്തിൽ നിരാശരായ അവർക്കിടയിൽ ഒരു പുതിയ വ്യവഹാരം ഉടലെടുത്തു. പ്രത്യേകിച്ചും വടക്കൻ ഗസയുടെ തീരത്ത് ട്രില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ഒരു വലിയ പ്രകൃതി വാതക കേന്ദ്രം കണ്ടെത്തിയതിന് ശേഷം. ഈ പുതിയ വ്യവഹാരം 2004-ൽ കേണൽ എഫ്രേം ഈറ്റന്റെ നാവിലൂടെ പുറത്തു വന്ന പരസ്യ പ്രസ്താവനയിൽ പ്രതിധ്വനിച്ചു, ‘നമുക്ക് അവരെയെല്ലാം കൊന്നൊടുക്കണം.’ഇസ്രായേലിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ഉപദേഷ്ടാവ് എന്ന് വിളിക്കപ്പെടുന്ന ആരോൺ സോഫർ 2018 ൽ ഇങ്ങനെ ശഠിച്ചു, ‘നമുക്ക് അവരെ കൊല്ലണം, കൊന്നു കൊണ്ടേയിരിക്കണം. എല്ലാ ദിവസവും, ദിവസം മുഴുവനും’.ഞാൻ ഗസയിലായിരുന്നപ്പോൾ, കൈകളും മുഖത്തിന്റെ ഒരു ഭാഗവും ചിതറി തെറിച്ച് പോയ ഒമ്പത് വയസ്സ് തികയാത്ത ഒരു കൊച്ചുകുട്ടിയെ കണ്ടു. പട്ടിണികിടക്കുന്ന ഗസയിലെ കുട്ടികളെ കെണിയിൽപ്പെടുത്താൻ പട്ടാളക്കാർ ഉപേക്ഷിച്ച പോയ ഭക്ഷണവും ബോംബും നിറച്ച പാത്രത്തിൽ കയ്യിട്ടതായിരുന്നു ആ കുട്ടി. ഷുജയ്‌യ്യയിൽ ആളുകൾക്ക് വിഷം കലർത്തിയ ഭക്ഷണവും അവർ ഇങ്ങനെ ഉപേക്ഷിച്ചിരുന്നുവെന്നും, അതു പോലെ 1980-കളിലും 90-കളിലും ഇസ്രായേലി പട്ടാളക്കാർ തെക്കൻ ലെബനനിൽ ഇങ്ങനെ ബോംബുകൾ കുത്തിനിറച്ച കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ചിരുന്നുവെന്നും ആവേശഭരിതരായ കുട്ടികൾ അവ എടുക്കുമ്പോൾ പൊട്ടിത്തെറിച്ചിരുന്നുവെന്നും ഞാൻ മനസ്സിലാക്കിയിരുന്നു.
അവർ ചെയ്യുന്ന പാതകങ്ങൾ അതി നിഷ്ഠൂരമാകുമ്പോഴും, അവർ ഇരകളാണെന്ന് നിങ്ങൾ വിശ്വസിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. യൂറോപ്പിലെ ഹോളോകോസ്റ്റും ആക്രോശിച്ച യഹൂദ വിരുദ്ധതയും വിളിച്ചോതി ഓർമ്മിപ്പിച്ചു കൊണ്ടിരുന്നാൽ, അടിസ്ഥാന മാനുഷിക യുക്തിയെ താൽക്കാലികമായി നിർത്തി വച്ചു കൊണ്ട് നിങ്ങൾ അവർ പറയുന്നത് വിശ്വസിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ‘കിൽ ഷോട്ടുകൾ’ എന്ന് വിളിക്കപ്പെടുന്ന രീതികൾ വഴി കുഞ്ഞുങ്ങളെ ദിനംപ്രതി കഷണിക്കുന്നതും, അയൽപക്കങ്ങളിൽ മുഴുവൻ ബോംബാക്രമണം നടത്തി കുടുംബങ്ങളെ ഒന്നായി ജീവനോടെ കുഴിച്ചുമൂടുന്നതും തലമുറകളുടെ മുഴുവൻ രക്തബന്ധങ്ങളും ഒരാളെയും അവശേഷിപ്പിക്കാതെ തുടച്ചുനീക്കുകയും ചെയ്യുന്നത്, സ്വയം പ്രതിരോധമാണെന്ന് ലോകം വിശ്വസിക്കുമെന്ന്.എഴുപത്തി രണ്ട് മണിക്കൂർ സമയം ഒന്നും കഴിക്കാതെ, ചലനശേഷിയുള്ള ഒരു കൈ മാത്രം ശരീരത്തിൽ അവശേഷിക്കേ യുദ്ധം ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യൻ. ആ മനുഷ്യൻ അങ്ങനെ പോരാടി കൊണ്ടിരുന്നത് സ്വന്തം നാട്ടിൽ തന്റെ ജനത്തെ സ്വതന്ത്രരായി കാണാനുള്ള അടങ്ങാത്ത ആഗ്രഹത്തേക്കാൾ, ജന്മസിദ്ധമായ ക്രൂരതയും യഹൂദന്മാരോടുള്ള ഏതോ യുക്തിഹീനമായ വിദ്വേഷവും അസൂയയും പ്രേരിപ്പിച്ചതിനാലായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.
ഇസ്രായേൽ ഒരു വർണ്ണവിവേചന വംശഹത്യാ രാഷ്ട്രമാണോ എന്ന് ചർച്ച ചെയ്യാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നതെന്ന് എനിക്ക് ഉറപ്പാണ്. എനിക്ക് സംസാരിക്കാനുള്ളത് ആത്യന്തികമായി ഫലസ്തീനികളുടെ ജീവിതത്തിന്റെ മൂല്യത്തെ കുറിച്ചാണ്; ഞങ്ങളുടെ സ്കൂളുകൾ, ഗവേഷണ കേന്ദ്രങ്ങൾ, പുസ്തകങ്ങൾ, കല, സ്വപ്നങ്ങൾ എന്നിവയുടെ മൂല്യത്തെ കുറിച്ചാണ്, ജീവിതകാലം മുഴുവൻ ഞങ്ങൾ പണിയെടുത്ത് ഉയർത്തിയ തലമുറകളുടെ ഓർമ്മകൾ ഉൾക്കൊള്ളുന്ന ഞങ്ങളുടെ ഗേഹങ്ങളുടെ മൂല്യത്തെ കുറിച്ചാണ്. ഞങ്ങളുടെ മാനവികതയുടെയും ഞങ്ങളുടെ കർതൃത്വത്തിന്റെയും മൂല്യത്തെക്കുറിച്ചും ഞങ്ങളുടെ ശരീരങ്ങളുടെയും അഭിലാഷങ്ങളുടെയും മൂല്യത്തെ കുറിച്ചും ആണ്.അതിനാൽ, ഞങ്ങളും അവരും ആടിക്കൊണ്ടിരിക്കുന്ന വേഷങ്ങൾ മറിച്ചായിരുന്നുവെങ്കിൽ എന്തായിരിക്കും അതിന്റെ അനന്തര ഫലം എന്ന് ചിന്തിച്ചു നോക്കാൻ ഞാൻ തുനിയുന്നു.
അതായത്, ഫലസ്തീനികൾ കഴിഞ്ഞ എട്ട് പതിറ്റാണ്ടായി ജൂതന്മാരുടെ വീടുകൾ ഒന്നായി മോഷ്ടിക്കുകയും അവരെ അടിച്ചമർത്തുകയും പുറന്തള്ളുകയും തടവിലിടുകയും അവർക്ക് വിഷം നൽകുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തിരുന്നെങ്കിൽ; ഫലസ്തീനികൾ ഒരു വർഷത്തെ ഇടവേളയിൽ ഏകദേശം മൂന്ന് ലക്ഷം ജൂതന്മാരെ കൊല്ലുകയും അവരുടെ മാധ്യമപ്രവർത്തകർ, ചിന്തകർ, ആരോഗ്യ പ്രവർത്തകർ, കായികതാരങ്ങൾ, കലാകാരന്മാർ എന്നിവരെ ഒന്നാകെ ലക്ഷ്യം വച്ച് കൊന്നൊടുക്കിയിരുന്നുവെങ്കിൽ; എല്ലാ ഇസ്രായേലി ആശുപത്രികളും സർവകലാശാലകളും ലൈബ്രറികളും മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സിനഗോഗുകളും ബോംബെറിഞ്ഞു തകർത്ത്, അവരുടെ കശാപ്പ് കാണാൻ ആളുകൾക്ക് വന്നിരിക്കാവുന്ന നിരീക്ഷണ വേദികൾ ഉണ്ടാക്കി കൂട്ടക്കൊലകളെ ഒരു വിനോദസഞ്ചാര ആകർഷണം ആക്കി മാറ്റിയിരുന്നുവെങ്കിൽ, ഫലസ്തീനികൾ ഇസ്രയേലികളെ ഒന്നടങ്കം ‘സുരക്ഷിത മേഖലകൾ’ എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് ദുർബലമായ കൂടാരങ്ങളിൽ ഒതുക്കി, അവരെ അവിടങ്ങളിൽ കൂട്ടിച്ചേർത്തതിനു ശേഷം ബോംബെറിഞ്ഞ് ജീവനോടെ ചുട്ടുകളഞ്ഞിരുന്നുവെങ്കിൽ, അവരുടെ ഭക്ഷണവും വെള്ളവും മരുന്നും തടഞ്ഞുവച്ചിരുന്നുവെങ്കിൽ, ഫലസ്തീനികൾ ജൂതകുഞ്ഞുങ്ങളെ നഗ്നപാദനായി ഒഴിഞ്ഞ പാത്രങ്ങളുമായി അലഞ്ഞുനടക്കാൻ, അവരെ അവരുടെ മാതാപിതാക്കളുടെ മാംസം പ്ലാസ്റ്റിക് കവറുകളിലാക്കി പെറുക്കിയെടുക്കാൻ, അവരുടെ സഹോദരങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കുഞ്ഞു കൈകൾ കൊണ്ട് അടക്കം ചെയ്യാൻ, അവരെ പാതിരാത്രിയിൽ അവരുടെ കൂടാരങ്ങളിൽ നിന്ന് പുറത്തേക്ക് ഓടിച്ച് മാതാപിതാക്കളുടെ ശവകുടീരങ്ങളിൽ അന്തി ഉറങ്ങാൻ നിർബന്ധിതരാക്കിയിരുന്നെങ്കിൽ, ഈ ഭയാനകമായ ലോകത്ത് ഇനി തനിച്ചാകാതിരിക്കാൻ അകാലത്തിൽ പിരിഞ്ഞു പോയ അവരുടെ കുടുംബങ്ങളുടെ കൂടെ ചേരാൻ അവരെ കൊണ്ട് സ്വന്തം മരണത്തിനായി പ്രാർത്ഥിപ്പിച്ചുവെങ്കിൽ, അവരുടെ കുട്ടികളെ അതികഠിനമായി ഭയപ്പെടുത്തുകയും അവരുടെ മുടി കൊഴിയുകയും ഓർമ്മ നഷ്ടപ്പെടുകയും മനസ് തന്നെ നഷ്ടപ്പെട്ട് പോവുകയും, അങ്ങനെ നാലും അഞ്ചും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങൾ ഹൃദയാഘാതം മൂലം മരിച്ചു വീഴുകയും ചെയ്തിരുന്നുവെങ്കിൽ, ഞങ്ങൾ അവരുടെ NICU വിലെ കുഞ്ഞുങ്ങളെ, ആശുപത്രി കിടക്കകളിൽ കരയാൻ കഴിയാനാകാതാകുന്ന സമയം വരെ കരയാനും, അവസാനം നിഷ്കരുണം ഒറ്റയ്ക്ക് മരണത്തിന് വിധേയമാക്കുകയും അവരുടെ പിഞ്ചു ശരീരങ്ങളെ അതേ സ്ഥലത്ത് തന്നെ ജീർണ്ണിക്കാനും വിട്ടിരുന്നുവെങ്കിൽ, ഫലസ്തീനികൾ പട്ടിണി കിടക്കുന്ന ജൂതന്മാരെ ഗോതമ്പ് മാവ് സഹായ ട്രക്കുകൾ ഉപയോഗിച്ച് വശീകരിച്ച്, ഒരു ദിവസത്തെ റൊട്ടി ശേഖരിക്കാൻ അവർ ഒത്തുകൂടുമ്പോൾ അവർക്കു നേരെ വെടിയുതിർത്തുവെങ്കിൽ, ഫലസ്തീനികൾ ജൂതന്മാരെ പട്ടിണിക്കിട്ട ഒരു അഭയകേന്ദ്രത്തിൽ വിശന്നിരിക്കുന്ന അവർക്ക് ഒടുവിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുവദിച്ച്, ആരെങ്കിലും ഭക്ഷണം കൈകൊണ്ട് തൊടുന്നതിന് മുമ്പ് മുഴുവൻ അഭയകേന്ദ്രവും സഹായ ട്രക്കും അഗ്നിക്കിരയാക്കിയാൽ, 2019-ൽ ഒരു ഇസ്രായേലി സൈനികൻ ചെയ്‌തതുപോലെ, ഒരു ഫലസ്തീൻ സ്‌നൈപ്പർ (ഒളിവേട്ടക്കാരനായ പട്ടാളക്കാരൻ) ഒരു ദിവസം കൊണ്ട് നാൽപ്പത്തി രണ്ട് ജൂതന്മാരുടെ മുട്ടുചിരട്ടകൾ പൊട്ടി ചിതറിച്ചതായി വീമ്പിളക്കിയാൽ, നൂറുകണക്കിനു യഹൂദന്മാരെ തന്റെ ടാങ്കുമായി ഓടിച്ചു ചെന്ന് അരച്ചുകളഞ്ഞതായും ടാങ്കിന്റെ ചവിട്ടുപടികളിൽ അവരുടെ ചതഞ്ഞ മാംസം തങ്ങിനിന്നിരുന്നുവെന്നും ഒരു ഫലസ്തീനിയൻ സിഎൻഎന്നിനോട് ഒരു അഭിമുഖത്തിൽ സമ്മതിച്ചാൽ, ഫലസ്തീനികൾ യഹൂദ ഡോക്ടർമാരെയും രോഗികളെയും മറ്റ് തടവുകാരെയും ചൂടുള്ള ലോഹക്കമ്പികൾ, പല്ലുകൾ ഉള്ളതും വൈദ്യുതീകരിച്ചതുമായ വടികൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ആസൂത്രിതമായി ലൈംഗിക ആക്രമണങ്ങൾക്ക് വിധേയമാക്കി ഭേദ്യം ചെയ്യുകയാണെങ്കിൽ, ആ മർദ്ദനങ്ങളിൽ അതിൽ ചിലരെ, ഡോ. അദ്നാൻ ആൽബർഷിനെയും മറ്റു പലരെയും അവസാനിപ്പിച്ചത് പോലെ, കൊന്നു കളയുകയും ചെയ്തിരുന്നെങ്കിൽ, ഗർഭിണികൾ ആയ യഹൂദ സ്ത്രീകൾ അടിഞ്ഞുകൂടിയ അഴുക്കിൽ പ്രസവിക്കാൻ നിർബന്ധിതരാക്കപ്പെട്ടിരുന്നെങ്കിൽ, അനസ്തേഷ്യ കൂടാതെ സി-സെക്ഷനുകൾക്കും കാലുകൾ മുറിച്ചുമാറ്റപ്പെടുന്നതിനും വിധേയമായെങ്കിൽ,ഞങ്ങൾ അവരുടെ കൊച്ചു കുട്ടികളുടെ ജീവനെടുക്കുകയും തൊട്ടുമുമ്പ് അവർ കളിച്ചു കൊണ്ടിരുന്ന കളിപ്പാട്ടങ്ങൾ കൊണ്ട് ഞങ്ങളുടെ ടാങ്കുകൾ അലങ്കരിക്കുകയും ചെയ്തിരുന്നെങ്കിൽ,ഞങ്ങൾ അവരുടെ സ്ത്രീകളെ കൊല്ലുകയോ ആട്ടിയോടിക്കുകയോ ചെയ്ത് അവരുടെ അടിവസ്ത്രങ്ങളുമായി ഫോട്ടോകൾക്ക് പോസ് ചെയ്തിരുന്നെങ്കിൽ,ഇങ്ങനെ ടിവിയിൽ തുടർചിത്രങ്ങളായി സ്ട്രീം ചെയ്ത യഹൂദരുടെ ആസൂത്രിത ഉന്മൂലനം ആയിരുന്നു ലോകം തത്സമയം വീക്ഷിക്കുന്നുണ്ടായിരുന്നതെങ്കിൽ അത് ഭീകരതയാണോ വംശഹത്യയാണോ എന്ന ചൂടൻ ചർച്ചകൾ ലോകം കാണുമായിരുന്നില്ല.
എന്നിട്ടും രണ്ട് ഫലസ്തീനികൾ-ഞാനും മുഹമ്മദ് എൽ-കുർദും- അത് ചർച്ച ചെയ്യാൻ ഇവിടെ വരേണ്ടിവന്നു. ഞങ്ങൾക്ക് സാധ്യമായ ജീവിത തിരഞ്ഞെടുപ്പുകൾ മാതൃരാജ്യത്തിൽ നിന്ന് ഓടിപ്പോവുക, അവരുടെ മേൽക്കോയ്മയ്ക്ക് കീഴടങ്ങുക, അല്ലെങ്കിൽ മര്യാദയോടെയും നിശബ്ദമായും മരിക്കുക എന്നിവ മാത്രമാണെന്ന് കരുതുന്നവരോട് സംവാദത്തിലേർപ്പെടുക എന്ന അപമാനവും സഹിച്ചു കൊണ്ട് ഞങ്ങൾ ഇവിടെ നിൽക്കുന്നു. പക്ഷെ നിങ്ങളെ എന്തെങ്കിലും ബോധ്യപ്പെടുത്താൻ ആണ് ഞാൻ ഇവിടെ വന്നതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റിയിരിക്കുന്നു. ഈ ഹൗസ് റെസല്യൂഷന്റെ ഉദ്ദേശശുദ്ധിയെ ബഹുമാനിക്കുമ്പോഴും നമ്മുടെ കൺ മുന്നിൽ നടക്കുന്ന ഈ കൂട്ടക്കൊലയ്ക്കിടയിൽ, ഇത് ഫലശൂന്യം ആണെന്ന് ഞാൻ കരുതുന്നു.മാൽക്കം എക്‌സിന്റെയും ജിമ്മി ബാൾഡ്‌വിന്റെയും ജീവചൈതന്യത്തിൽ പ്രചോദിത ആയാണ് ഞാൻ വന്നത്. അവർ രണ്ടുപേരും ഞാൻ ജനിക്കുന്നതിന് മുമ്പ് ഇവിടെയും കേംബ്രിഡ്ജിലും നിലയുറപ്പിച്ചു നിന്ന്, സയണിസത്തിന്റെ അതേ മേൽക്കോയ്മ സിദ്ധാന്തങ്ങൾ - തങ്ങൾ ദൈവത്താൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട, അല്ലെങ്കിൽ അനുഗ്രഹിക്കപ്പെട്ട കൂട്ടമാണെന്ന് മിഥ്യാഭിമാനം കൊള്ളുന്ന, പ്രത്യേക ജന്മ അവകാശത്തെയും പദവിയെയും കുറിച്ചുള്ള ഈ വംശീയ മേൽക്കോയ്മ സങ്കൽപ്പങ്ങൾ - പേറുന്ന, നന്നായി വസ്ത്രം ധരിച്ച, നന്നായി സംസാരിക്കുന്ന, ഇതേ രാക്ഷസന്മാരെ അഭിമുഖീകരിച്ചു. പ്രതിരോധമില്ലാത്ത തദ്ദേശീയ സമൂഹങ്ങളെ കാർപറ്റ് ബോംബാക്രമണത്തിന് വിധേയമാക്കുന്നതിന് നിയമസാധുതയുള്ള ഈ അസാധാരണ കാലത്തിന്റെ വൃത്താന്തങ്ങൾ രേഖപ്പെടുത്താനും ആ ചരിത്രം ഇതുവരെ ജനിച്ചിട്ടില്ലാത്ത തലമുറകളോട് സംവദിക്കുന്നതിനും വേണ്ടിയാണ്, ഞാൻ ഇവിടെ വന്നത്.
വിദേശ കുടിയേറ്റക്കാരായി വന്ന ജൂതന്മാർ അവരുടെ മോഷ്ടിച്ച വീടുകളിൽ സുഖനിദ്ര കൊള്ളുമ്പോൾ ദരിദ്രരായി അഭയാർത്ഥികളായി അലഞ്ഞ എന്റെ ഇരു മുത്തശ്ശിമാർക്കായി ഞാൻ ഇവിടെ നിൽക്കുന്നു. അതേപോലെ, ഇവിടെയും മറ്റെല്ലായിടത്തും ഉള്ള സയണിസ്റ്റുകളോട് നേരിട്ട് സംസാരിക്കാനും കൂടി ആണ് ഞാൻ വന്നത്.നിങ്ങളുടെ സ്വന്തം രാജ്യങ്ങൾ നിങ്ങളെ കൂട്ടക്കൊല ചെയ്യാൻ ഒരുങ്ങി ഇറങ്ങിയപ്പോൾ, മറ്റെല്ലാവരും നിങ്ങളെ ആട്ടിയോടിച്ചപ്പോൾ, ഞങ്ങൾ നിങ്ങളെ സ്വന്തം വീടുകളിലേക്ക് കയറാൻ അനുവദിച്ചു. ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും നൽകി, ഞങ്ങളുടെ ഭൂമിയുടെ ഔദാര്യം ഞങ്ങൾ നിങ്ങളുമായി പങ്കുവെച്ചു. പക്ഷേ, കാലം പാകമായപ്പോൾ, നിങ്ങൾ ഞങ്ങളെ ഞങ്ങളുടെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്താക്കി. പിന്നീട് ഞങ്ങളെ കൊന്നും കത്തിച്ചും ജീവിതം കവർന്നും കൊള്ളയടിച്ചും അവസരം ഉപയോഗപ്പെടുത്തി.നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെ ചൂഴ്ന്നെടുത്തു. അതിനാൽ, മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാതെ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് നിങ്ങൾക്കറിയില്ലെന്ന് വ്യക്തമാണ്.
നിങ്ങൾ എല്ലാ അതിർവരമ്പുകളും കടന്ന്, ഏറ്റവും നീചമായ മനുഷ്യ പ്രേരണകളെ നിരന്തരം പരിപോഷിപ്പിച്ചു. എന്നാൽ ഇത്രയും കാലം നിങ്ങളുടെ കൈകളിൽ നിന്ന് ഞങ്ങൾ സഹിച്ച ഭീകരത ഒടുവിൽ ലോകം കാണുന്നുണ്ട്. നിങ്ങൾ ആരാണ്, നിങ്ങൾ എപ്പോഴും ആരായിരുന്നു എന്ന കടുത്ത യാഥാർത്ഥ്യം അവർ കാണുന്നു. സാഡിസം, ഉന്മാദം, ആനന്ദം, ഭ്രാന്ത് എന്നിവ നിറച്ച് നിങ്ങൾ നടത്തുകയും വീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, ഞങ്ങളുടെ ശരീരം, മനസ്സ്, ഭാവി, ഭൂതകാലം എന്നിവ തകർക്കുന്നതിന്റെ ദൈനംദിന വിശദാംശങ്ങൾ ലോകം ഇന്ന് തികച്ചും ആശ്ചര്യത്തോടെ വീക്ഷിക്കുന്നു.
എന്നാൽ ഇവിടെ നിന്ന് അങ്ങോട്ട് എന്ത് സംഭവിച്ചാലും, നിങ്ങൾ സ്വയം എന്ത് യക്ഷിക്കഥകൾ ലോകത്തോട് പറഞ്ഞാലും, നിങ്ങൾ ഒരിക്കലും യഥാർത്ഥത്തിൽ ആ ദേശത്തിന് അവകാശികൾ ആവില്ല. ഞങ്ങളെ അധിക്ഷേപിക്കാനും ഞങ്ങളുടെ ഹൃദയത്തെ കുറച്ചുകൂടി മുറിപ്പെടുത്താനും വേണ്ടി നിങ്ങൾ പതിറ്റാണ്ടുകളായി വെട്ടിയും കത്തിച്ചും കൊണ്ടിരിക്കുന്ന ആ ഒലിവ് മരങ്ങളുടെ പവിത്രത നിങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ല. ആ നാട്ടിലെ ആർക്കും ഒലീവുകളോട് അങ്ങനെ ചെയ്യാൻ കഴിയില്ല. ജറുസലേമിലെ ആംഗ്ലിക്കൻ സെമിത്തേരി പോലെ, മാമാനില്ലയിലെ പുരാതന മുസ്‍ലിം പണ്ഡിതന്മാരുടെയും യോദ്ധാക്കളുടെയും വിശ്രമസ്ഥലം പോലെ ഉള്ള പുരാതന അന്ത്യവിശ്രമ സ്ഥാനങ്ങൾ നശിപ്പിക്കാൻ അവിടെയുള്ള ആർക്കും ആവില്ല. അത് പോലെ ആ പ്രദേശത്തുള്ള ആരും ബാൽബക്ക്, ബിത്തിർ തുടങ്ങിയ പുരാതന പൈതൃകങ്ങൾ ബോംബിട്ട് നശിപ്പിക്കുകയില്ല. ആ ദേശത്തുനിന്നു വരുന്നവർ മരിച്ചവരെ തർച്ചയായും അശുദ്ധരാക്കുകയില്ല; അതുകൊണ്ടാണ് നൂറ്റാണ്ടുകളായി എന്റെ കുടുംബം ഒലിവ് മലയിലെ യഹൂദ സെമിത്തേരിയുടെ സംരക്ഷകരായിത്തീർന്നത്. വിശ്വാസത്തിന്റെയും കരുതലിന്റെയും അധ്വാനം ഞങ്ങളുടെ പൂർവ്വികരുടെയും ചരിത്രത്തിന്റെയും കഥകളുടെയും ഭാഗമായത്.നിങ്ങളുടെ പൂർവ്വികർ നിങ്ങളുടെ യഥാർത്ഥ മാതൃരാജ്യമായ പോളണ്ട്, ഉക്രൈൻ കൂടാതെ ലോകമെമ്പാടും എവിടെ നിന്നെല്ലാമാണോ നിങ്ങൾ വന്നത് അവിടെ തന്നെ എപ്പോഴും അടക്കം ചെയ്യപ്പെടും. ആ നാട്ടിലെ പുരാണങ്ങളും നാടോടിക്കഥകളും നിങ്ങൾക്ക് എന്നും അന്യമായിരിക്കും.ഓരോ രൂപവും രൂപകൽപ്പനയും പാറ്റേണും ഞങ്ങളുടെ ഐതിഹ്യങ്ങൾ, സസ്യങ്ങൾ, പക്ഷികൾ, നദികൾ, വന്യജീവികൾ എന്നിവയുടെ രഹസ്യങ്ങളുമായി സംസാരിക്കുന്ന, നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂർവ്വികർ വഴി ഭൂമിയിൽ ഉടലെടുത്ത, ഞങ്ങൾ ധരിക്കുന്ന കന്തൂറകൾ മെനഞ്ഞെടുത്ത, സാർട്ടോറിയൽ ഭാഷയിൽ നിങ്ങൾ ഒരിക്കലും സാക്ഷരരാകില്ല.നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ അവരുടെ ഉയർന്ന വിലയുള്ള ലിസ്റ്റിംഗുകളിൽ ‘പഴയ അറബ് വീട്’ എന്ന് വിശേഷിപ്പിച്ച് വിൽപ്പനക്ക് വെച്ച ഞങ്ങളുടെ പൂർവ്വികർ നിർമ്മിച്ച വീടുകളുടെ കല്ലുകൾ അവരുടെ കഥകളും ഓർമ്മകളും എല്ലായ്പ്പോഴും മായാതെ സൂക്ഷിക്കും. ആ ഭൂമിയുടെ പുരാതന ഫോട്ടോകളും പെയിന്റിങ്ങുകളും ഒരിക്കലും നിങ്ങളെ ഉൾക്കൊള്ളില്ല.
നിങ്ങളിൽ നിന്ന് ഒന്നും നേടാനില്ലാത്തവരാൽ സ്നേഹിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്നതിന്റെ അനുഭവം എങ്ങനെയാണെന്ന് നിങ്ങൾക്കറിയില്ല, അതുപോലെ, എല്ലാം നഷ്ടപ്പെടുന്നതിന്റെയും. ലോകമെമ്പാടുമുള്ള ജനക്കൂട്ടം ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനായി പാടാനും ആടാനും തെരുവുകളിലും സ്റ്റേഡിയങ്ങളിലും ഒഴുകുന്നതിന്റെ വികാരം നിങ്ങൾ ഒരിക്കലും അറിയുകയില്ല, ലോകത്തെ വിശ്വസിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുന്നത് പോലെ അത് സംഭവിക്കുന്നത് നിങ്ങൾ യഹൂദരായതുകൊണ്ടല്ല. മറിച്ച് എന്റെ മുത്തച്ഛനും സഹോദരന്മാരും സ്വന്തം ഭൂമിയിൽ അവരുടെ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ച, നൂറ്റാണ്ടുകളായി ഞങ്ങളുടെ കുടുംബം കാത്ത് സൂക്ഷിച്ച ഞങ്ങളുടെ വീട്, യഹൂദന്മാരായത് കൊണ്ട് മാത്രം നിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് കരുതുന്ന അക്രമാസക്തരായ ധാർമ്മിക ദാരിദ്ര്യം ബാധിച്ച കോളനിവൽക്കരണക്കാരാണ് നിങ്ങൾ എന്നതിനാലാണത്. കാരണം, സയണിസം യഥാർത്ഥത്തിൽ യഹൂദ മതത്തിനും മനുഷ്യരാശിക്കും ബാധിച്ച ഒരു ചാഴിയാണ്.
ഈ ദേശത്തിന് കൂടുതൽ അനുയോജ്യമായ രീതിയിൽ നിങ്ങൾക്ക് പേരുകളിൽ മാറ്റം വരുത്താം. ഫലാഫെൽ, ഹമ്മൂസ്, സാത്താർ എന്നിവ നിങ്ങളുടെ പുരാതന പാചകരീതിയാണെന്ന് നടിക്കാം. എന്നാൽ നിങ്ങളുടെ സത്തയുടെ ഇടകളിൽ, ഈ ഇതിഹാസ വ്യാജത്തിന്റെയും മോഷണത്തിന്റെയും കുത്ത് നിങ്ങൾക്ക് എല്ലായ്പ്പോഴും അനുഭവപ്പെടും. അതുകൊണ്ടാണ് യുഎന്നിലെയോ ആശുപത്രി വാർഡിലെയോ ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന ഞങ്ങളുടെ കുട്ടികളുടെ കുഞ്ഞു കൈകളിൽ വിരിഞ്ഞ ചിത്രങ്ങൾ പോലും നിങ്ങളുടെ നേതാക്കളെയും അഭിഭാഷകരെയും ഉന്മാദാവസ്ഥയിലാക്കുന്നത്.എല്ലാ ദിവസവും, ദിവസം മുഴുവനും, നിങ്ങൾ ഞങ്ങളിൽ എത്രപേരെ കൊന്നാലും കൊന്നാലും കൊന്നാലും ഞങ്ങളെ നിങ്ങൾക്ക് മായ്ച്ച് കളയാൻ ഒക്കില്ല. ഞങ്ങളുടെ ഭൂമിയിൽ നിന്ന് നിങ്ങൾക്ക് നീക്കം ചെയ്യാൻ കഴിയുമെന്ന് ചൈം വെയ്‌സ്മാൻ കരുതിയ പാറകളല്ല ഞങ്ങൾ. ഞങ്ങൾ അതിന്റെ യാഥാർത്ഥ മണ്ണാണ്. ഞങ്ങൾ അവളുടെ നദികളും, മരങ്ങളും കഥകളുമാണ്. കാരണം ജോർദാനിനും മെഡിറ്ററേനിയൻ കടലിനും ഇടയിലുള്ള ആ ഭൂമിയുടെ സകലവും സഹസ്രാബ്ദങ്ങളായി വിരാമമില്ലാതെ ഞങ്ങളുടെ ശരീരവും ഞങ്ങളുടെ ജീവിതവും പരിപോഷിപ്പിച്ചതാണ്. കനാന്യക്കാരും, ഹീബ്രുവും, ഫിലിസ്ത്യനും ഫൊനീഷ്യനും ആയ ഞങ്ങളുടെ പൂർവ്വികരിൽ നിന്ന് തുടങ്ങി വന്നവരും പോയവരും ആയ ഓരോ ജേതാവും അല്ലെങ്കിൽ തീർത്ഥാടകരും , സ്നേഹിക്കുകയും ആക്രമിക്കുകയും ചെയ്തവർ, സ്നേഹിച്ചവർ, അടിമകളാക്കിയവർ, മതങ്ങൾക്കിടയിൽ പരിവർത്തനം ചെയ്തവർ, ഞങ്ങളുടെ നാട്ടിൽ താമസമാക്കിയവർ, അല്ലെങ്കിൽ പ്രാർത്ഥിച്ചവർ, അങ്ങനെ ഞങ്ങളുടെ ശരീരത്തിലും ഞങ്ങളുടെ പൈതൃകത്തിലും തങ്ങളെത്തന്നെ അവശേഷിപ്പിച്ചവർ വരെ. ആ നാടിന്റെ ആദിമവും പ്രക്ഷുബ്ധവുമായ കഥകൾ അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഡിഎൻഎയിൽ ഉണ്ട്. നിങ്ങൾ എന്ത് മരണ സാങ്കേതികവിദ്യ ഉപയോഗിച്ചാലും ഹോളിവുഡ്, കോർപ്പറേറ്റ് മീഡിയ ആയുധങ്ങൾ വിന്യസിച്ചാലും നിങ്ങൾക്ക് അത് ഇല്ലാതാക്കാനോ സ്വന്തമാക്കി പ്രചരിപ്പിക്കാനോ കഴിയില്ല.
എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണവും അതിന്റെ അഹങ്കാരവും അവസാനിക്കും. ഫലസ്തീൻ സ്വതന്ത്രമാകും. അവളുടെ ബഹുമത, ബഹുവംശ ബഹുസ്വരത മഹത്വത്തിലേക്ക് അവൾ പുനഃസ്ഥാപിക്കപ്പെടും. കെയ്‌റോയിൽ നിന്ന് ഗാസയിലേക്കും ജറുസലേം, ഹൈഫ, ട്രിപ്പോളി, ബൈറൂത്ത്, ദമസ്‌കസ്, അമ്മാൻ, കുവൈറ്റ്, സന തുടങ്ങിയ സ്ഥലങ്ങളിലേക്കും ഓടുന്ന തീവണ്ടി പാതകൾ ഞങ്ങൾ പുനഃസ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യും. ആധിപത്യം, വിപുലീകരണം, പ്രകൃതി ചൂഷണം, മലിനീകരണം, കൊള്ളയടി എന്നിവയുടെ സയണിസ്റ്റ് അമേരിക്കൻ യുദ്ധയന്ത്രങ്ങൾ ഞങ്ങൾ പ്രവർത്തന രഹിതമാക്കും. ഒന്നുകിൽ നിങ്ങൾ അവിടെ നിന്ന് പാലായനം ചെയ്യും, അല്ലെങ്കിൽ അവസാനം മറ്റുള്ളവരോടൊപ്പം തുല്യരായി ജീവിക്കാൻ നിങ്ങൾ പഠിക്കും.
Adjust Story Font
16