Quantcast

സൗന്ദര്യം കാരണം മമ്മൂട്ടിക്ക് നഷ്ടമായ സിനിമ; പ്രേം നസീറിന്റെ മഹാമനസ്കതയിൽ നിന്നും ഉടലെടുത്ത ‘ചാരം’ - ആദം അയൂബ്

‘നസീർ സാറിന്റെ സമകാലികരായിരുന്ന, അന്നത്തെ പല യുവനടന്മാരും പ്രതിഫലത്തുക മുഴുവൻ കിട്ടാതെ ഷൂട്ടിങ്ങിന് വരില്ല എന്ന് ശാഠ്യം പിടിച്ചിട്ടുണ്ട്. അവരുടെയൊക്കെ പിടിവാശികൾ കാരണം ചില സിനിമകളൊക്കെ മുടങ്ങിയിട്ടുമുണ്ട്. താൻ അഭിനയിച്ച ഒരു സിനിമ സാമ്പത്തികമായി പരാജയപ്പെട്ടാൽ, അടുത്ത പടത്തിന് ആ നിർമ്മാതാവിന് പ്രതിഫലം കുറച്ചു കൊടുക്കുകയോ, അല്ലെങ്കിൽ അങ്ങോട്ട് പണം നൽകി സഹായിക്കുകയോ ഒക്കെ ചെയ്തിരുന്ന ഒരു മഹാനായ മനുഷ്യസ്നേഹി ആയിരുന്നു നസീർ സാർ’ - |Wide Angle - 47​| MediaOne Shelf |

MediaOne Logo

ആദം അയ്യൂബ്

  • Updated:

    2024-12-07 05:35:43.0

Published:

6 Dec 2024 10:25 AM GMT

സൗന്ദര്യം കാരണം മമ്മൂട്ടിക്ക് നഷ്ടമായ സിനിമ;  പ്രേം നസീറിന്റെ മഹാമനസ്കതയിൽ നിന്നും ഉടലെടുത്ത ‘ചാരം’ - ആദം അയൂബ്
X

എറണാകുളത്ത് ‘ചാരം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോഴും, അതിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നടനെ തീരുമാനിച്ചിട്ടില്ലായിരുന്നു. ആ വേഷത്തിനു വേണ്ടി പല നടന്മാരെയും പരിഗണിച്ചെങ്കിലും ആരെയും ബക്കറിന് ബോധ്യമായില്ല. അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി ഷൂട്ടിംഗ് കഴിഞ്ഞു അല്പം വൈകി ഞാൻ റൂമിലെത്തി. എം.ജി.റോഡിൽ അന്നുണ്ടായിരുന്ന ഹോട്ടൽ എയർലൈൻസിലായിരുന്നു ഞങ്ങളുടെ താമസം. ഞാൻ ഹോട്ടലിൽ എത്തിയപ്പോൾ ആ വൈകിയ വേളയിലും ഒരാൾ എന്നെ കാത്ത് ലോബിയിൽ ഇരിക്കുന്നുണ്ടായിരുന്നു. നടൻ മമ്മൂട്ടി ആയിരുന്നു അത്. അന്ന് അദ്ദേഹം സിനിമയിൽ വന്നിട്ടേ ഉള്ളു. അധികം പടങ്ങൾ ഒന്നും കിട്ടിത്തുടങ്ങിയിട്ടില്ല. എന്നെ കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റു വന്നു.

‘ഞാൻ നിങ്ങളെ കാണാൻ കാത്തിരിക്കുകയായിരുന്നു’ അദ്ദേഹം പറഞ്ഞു.

‘വരൂ നമുക്ക് റൂമിലേക്ക് പോകാം’. ഞങ്ങൾ എന്റെ റൂമിലേക്ക് നടന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചവരാണ് ഞങ്ങൾ. അവിടെ എന്റെ ഒരു വര്ഷം ജൂനിയർ ആയിരുന്നു മമ്മൂട്ടി. റൂമിൽ ഇരുന്ന ശേഷം മമ്മൂട്ടി കാര്യം പറഞ്ഞു.

‘ഈ സിനിമയിൽ ഒരു വില്ലന്റെ വേഷം ഉണ്ടെന്നു അറിഞ്ഞു. അബ്ദുൽ ഖാദർ വക്കീലാണ് അയൂബിനെ കാണാൻ എന്നോട് പറഞ്ഞത്’

ധനികനായ ബാരിസ്റ്റർ ജെയിംസിന്റെ ഏക മകൾ പ്രീതിയെ മയക്കു മരുന്നിലൂടെ വശീകരിച്ചു, ബോംബയിലെ ചുവന്ന തെരുവിൽ കൊണ്ടുപോയി വിൽക്കുന്ന ചാർളി എന്ന കഥാപാത്രമാണ് ഇത്. ആ വേഷത്തിനു ആരെയും കാസ്റ്റ് ചെയ്തിട്ടില്ല എന്ന വിവരം അറിഞ്ഞിട്ടാണ് മമ്മൂട്ടി വന്നത്.

‘ഞാൻ ബക്കറിനോട് പറയാം’ ഞാൻ പറഞ്ഞു.

‘ഒന്ന് സ്ട്രോങ്ങ് ആയിട്ട് റെക്കമെന്റ് ചെയ്യണം’ മമ്മൂട്ടി പറഞ്ഞു.

‘ഞാൻ നോക്കട്ടെ. പ്രധാനപ്പെട്ട കഥാപാത്രമായതുകൊണ്ടു സംവിധായകന്റേതാണല്ലോ അന്തിമ തീരുമാനം’ ഞാൻ പറഞ്ഞു.

പിറ്റേ ദിവസം ഞാൻ ബക്കറിനോട് മമ്മൂട്ടിയുടെ കാര്യം പറഞ്ഞു .

‘അവൻ കൂടുതൽ സുന്ദരനായിപ്പോയി. ഈ പെൺകുട്ടി അവന്റെ സൗന്ദര്യം കണ്ടു അവനെ പ്രേമിക്കുന്നതല്ല. അവളെ ചതിയിലൂടെ മയക്കു മരുന്ന് നൽകി അടിമയാക്കുകയാണവൻ ചെയ്യുന്നത്. തീരെ സൗന്ദര്യമില്ലാത്ത പരുക്കൻ രൂപമുള്ള ഒരാളായിരിക്കണം ഈ വേഷം ചെയ്യേണ്ടത്’. ബക്കർ പറഞ്ഞു.

പിറ്റേ ദിവസം രാത്രി മമ്മൂട്ടി വന്നപ്പോൾ ഞാൻ കാര്യം അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. മമ്മൂട്ടി നിരാശനായി മടങ്ങി.സൗന്ദര്യം കാരണം ഒരു പടം നഷ്ടമായെങ്കിലും, ആ സൗന്ദര്യവും അഭിനയ പാടവവും കൊണ്ട് പിന്നടദ്ദേഹം മലയാള സിനിമയെ കീഴടക്കിയതിനു ചരിത്രം സാക്ഷി.

ആദം അയ്യൂബ്

ആ വേഷം ചെയ്യാൻ അവസാനം നറുക്കു വീണത് കോഴിക്കോടുകാരനായ സിദ്ദിഖ് എന്ന നടനാണ്. വളരെ പരുക്കനായ മുഖമുള്ള ഒരാളായിരുന്നു സിദ്ദീഖ്. സിനിമാനടൻ സിദ്ദിഖ് അല്ല. ഈ സിദ്ദീഖ് ആ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എന്നാണ് എന്റെ വിശ്വാസം. ഈ സിനിമ റിലീസ് ആയി അല്പം വര്ഷങ്ങൾക്ക് ശേഷം അദ്ദേഹം മരിക്കുകയും ചെയ്തു. അങ്ങിനെ ബക്കറിന്റെ രണ്ടു സിനിമകളിൽ നിന്നും തഴയപ്പെട്ട നടനായിരുന്നു മമ്മൂട്ടി. ആദ്യം ‘മണിമുഴക്കം’ എന്ന സിനിമയിലും ഒരു അവസരത്തിന് വേണ്ടി മമ്മൂട്ടി ശ്രമിച്ചിരുന്നു. മമ്മൂട്ടിയുടെ അഭിനയ പാടവവും ഭാഗ്യവും മാത്രമല്ല, അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും കഠിന പരിശ്രമവും ആണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ നിദാനം.

ബക്കറിന്റെ പതിനൊന്ന് സിനിമകളിലും ഞാനായിരുന്നു സഹസംവിധായകൻ. ബക്കറിന്റെ ഒരൊറ്റ സിനിമയിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. എന്നാൽ ഞാൻ ആദ്യമായും അവസാനമായും അഭിനയിച്ച ബക്കർ സിനിമയായിരുന്നു ‘ചാരം’. അതും പ്രേംനസീറിനോടൊപ്പം. ചാർലി എന്ന വില്ലനെ തേടി നടക്കുന്ന ബാരിസ്റ്റർ ജെയിംസ് , ചാർളിയുമായി ബന്ധമുള്ള ഒരു വർക്ഷോപ്പിൽ അവന്റെ വിവരങ്ങൾ തേടി എത്തുന്നു. ആ വർക്ഷോപ്പ് ഉടമ ആയിട്ടാണ് ഞാൻ അഭിനയിച്ചത്.

ബക്കറിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച്, എനിക്ക് പറഞ്ഞ പ്രതിഫലത്തുക മുഴുവൻ കിട്ടിയ സിനിമയായിരുന്നു ചാരം. എല്ലാ ടെക്നിഷ്യൻസിന്റെയും പ്രതിഫലം കൊടുത്തുത്തീർത്തതിന് ശേഷമാണു പടം സെൻസർ ചെയ്തത്. റിലീസിന് ദിവസങ്ങൾക്കു മുൻപ് തന്നെ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണമനുസരിച്ചു പ്രിന്റുകൾ തയാറാക്കി കേരളത്തിലേക്ക് ട്രെയിൻ മാർഗവും മറ്റും അയക്കുകയാണ് പതിവ്.

അന്ന് പ്രേംനസീറിന്റെ പ്രതിഫലം രണ്ടര ലക്ഷം ആയിരുന്നു. പക്ഷെ ബക്കറിന്റെ ചിത്രത്തോടുള്ള താല്പര്യം കൊണ്ട് അദ്ദേഹം അത് രണ്ടു ലക്ഷമായി കുറച്ചു. ഷൂട്ടിങ്ങിനിടയിൽ പലപ്പോഴായി ഒന്നേകാൽ ലക്ഷം അദ്ദേഹത്തിന് കൊടുത്തിരുന്നു. എറണാകുളത്തേക്കുള്ള പ്രിന്റുമായി പുറപ്പെടുന്നതിനു മുൻപ്, പ്രൊഡക്ഷൻ കൺട്രോളർ ഹംസക്കോയ പ്രേംനസീറിനു കൊടുക്കാനുള്ള ബാക്കി എഴുപത്തയ്യായിരം രൂപയുമായി, അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. കേരളത്തിൽ റീലിസിനുള്ള മുഴുവൻ പ്രിന്റുകളും അയച്ചു കഴിഞ്ഞതിനു ശേഷമാണു ഹംസക്കോയ നസീർ സാറിന്റെ വീട്ടിൽ എത്തിയത്. എറണാകുളത്തേക്കുള്ള പ്രിന്റുമായി താൻ പുറപ്പെടുകയാണെന്നു അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം സിനിമയുടെ വിജയത്തിന് എല്ലാ ആശംസകളും നേർന്നു. ഹംസക്കോയ ബാഗിൽ നിന്ന് എഴുപത്തയ്യായിരം രൂപ എടുത്ത് പ്രേംനസീറിന്റെ മുന്നിലേക്ക് നീട്ടി.

‘എന്താണിത് ?’ അദ്ദേഹം ചോദിച്ചു.

‘സാറിന്റെ ബാലൻസ് പേയ്മെന്റ്റ് ആണ് ’ ഹംസക്കോയ പറഞ്ഞു.

‘വേണ്ട’ അദ്ദേഹം പണം ഹംസക്കോയയെ തിരിച്ചേൽപ്പിച്ചിട്ടു പറഞ്ഞു.

‘റിലീസിന്റെ സമയമല്ലേ , നിങ്ങള്ക്ക് ആവശ്യം വരും. പ്രൊഡ്യൂസറോട് പറഞ്ഞേക്കു, എനിക്ക് തന്നത് കൊണ്ടു ഞാൻ തൃപ്തിപ്പെട്ടു എന്ന്’ ഹംസക്കോയയുടെ കണ്ണുകൾ നിറഞ്ഞു. ആദ്യമേ തന്നെ അദ്ദേഹം അൻപതിനായിരം രൂപ കുറച്ചാണ് പ്രതിഫലം പറഞ്ഞത്. ഇപ്പോൾ വീണ്ടു അതിൽ നിന്നും കുറച്ചിരിക്കുന്നു !

നസീർ സാറിന്റെ സമകാലികരായിരുന്ന, അന്നത്തെ പല യുവനടന്മാരും പ്രതിഫലത്തുക മുഴുവൻ കിട്ടാതെ ഷൂട്ടിങ്ങിന് വരില്ല എന്ന് ശാഠ്യം പിടിച്ചിട്ടുണ്ട്. അവരുടെയൊക്കെ പിടിവാശികൾ കാരണം ചില സിനിമകളൊക്കെ മുടങ്ങിപ്പോയിട്ടുമുണ്ട്. താൻ അഭിനയിച്ച ഒരു സിനിമ സാമ്പത്തികമായി പരാജയപ്പെട്ടാൽ, അടുത്ത പടത്തിന് ആ നിർമ്മാതാവിന് പ്രതിഫലം കുറച്ചു കൊടുക്കുകയോ, അല്ലെങ്കിൽ അങ്ങോട്ട് പണം നൽകി സഹായിക്കുകയോ ഒക്കെ ചെയ്തിരുന്ന ഒരു മഹാനായ മനുഷ്യസ്നേഹി ആയിരുന്നു നസീർ സാർ. അദ്ദേഹത്തെ മനുഷ്യത്വവും, ഹൃദയ വിശാലതയും ഒക്കെ വെളിവാക്കുന്ന നിരവധി സന്ദർഭങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അതൊക്കെ വിശദമാക്കാൻ ഒരു ലേഖന പരമ്പര തന്നെ വേണ്ടി വരും. ഇവിടെ ഞാൻ ആ സാഹസത്തിനു മുതിരുന്നില്ല. ‘ചാരം’ എന്ന സിനിമയുടെ നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിനു മുൻപ് നടന്ന ഒരു സംഭവം, ആമുഖമായി പറയുന്നതിന് പകരം, ഈ ലേഖനത്തിന്റെ ഉപസംഹാരമായി ഞാനിവിടെ കുറിക്കുകയാണ്.

പി.എ ബക്കർ

ചാരത്തിന്റെ ആലോചനകൾ നടക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപ് , ബക്കർ ഒരു പരസ്യ പ്രസ്താവന നടത്തിയിരുന്നു. പ്രേം നസീറിനെ കഠിനമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഒരു പ്രസ്താവന ആയിരുന്നു അത്. അവർ തമ്മിൽ നേരിട്ട് യാതൊരു തരത്തിലു൦ ഇടപഴകുകയോ, പരസ്പരം ശത്രുത ഉണ്ടാവേണ്ട ഒരു കാരണമോ ഉണ്ടായിട്ടില്ല. എങ്കിലും ബക്കർ അങ്ങിനെ ഒരു മോശമായ പ്രസ്താവന, പ്രേം നസീറിനെ കുറിച്ച് നടത്തി. അന്നത്തെ സിനിമ പ്രസിദ്ധീകരണങ്ങളും, പത്രങ്ങളുമൊക്കെ വലിയ പ്രാധ്യാന്യത്തോടെ ആ വാർത്ത പ്രസിദ്ധീകരിച്ചു. ഒരു ഭാവവും വരാത്ത മുഖമാണ് പ്രേം നസീറിന്റേത് എന്നായിരുന്നു ആ ആക്ഷേപത്തിന്റെ ധ്വനി. പക്ഷെ പ്രേംനസീർ മാന്യമായ മൗനം പാലിച്ചു. അതുകഴിഞ്ഞു ഏതാനും മാസങ്ങൾക്കു ശേഷമാണ്, അബ്ദുൽ ഖാദർ വക്കീൽ എന്ന മനുഷ്യൻ ‘ചാരം’എന്ന സിനിമയുടെ പ്രൊജക്ടുമായി ബക്കറിനെ സമീപിക്കുന്നത്. ബാരിസ്റ്റർ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേം നസീർ തികച്ചും യോഗ്യനായിരിക്കുമെന്നു, ബക്കറിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നെങ്കിലും, തന്റെ ചിത്രത്തിൽ അഭിനയിക്കാൻ പ്രേം നസീർ തയ്യാറാവുകയില്ല എന്ന് ബക്കറിന് ഉറപ്പായിരുന്നു.

‘പ്രേം നസീർ സമ്മതിച്ചാൽ, താങ്കൾക്ക് സമ്മതമാണോ?’

വക്കീൽ ചോദിച്ചു.

‘എനിക്ക് കുഴപ്പമൊന്നുമില്ല’ ബക്കർ പറഞ്ഞു.

ജമാൽ കൊച്ചങ്ങാടി

പ്രേം നസീറുമായി അടുപ്പമുണ്ടായിരുന്ന ജമാൽ കൊച്ചങ്ങാടി, അദ്ദേഹത്തെ ഫോൺ ചെയ്തു വിവരം പറയുകയും നേരിൽ കാണാനുള്ള അപ്പോയിന്റ്മെന്റ് വാങ്ങുകയും ചെയ്തു. അബ്ദുൽ ഖാദർ വക്കീൽ, ജമാൽ കൊച്ചങ്ങാടി, ഹംസക്കോയ എന്നിവരോടൊപ്പം പ്രേംനസീറിന്റെ വീട്ടിൽ പോകാൻ ബക്കറിന് വൈക്ലബ്യം ഉണ്ടായിരുന്നു. പ്രേം നസീർ എങ്ങിനെ പ്രതികരിക്കും എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ഏതായാലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി ബക്കറും അവരോടൊപ്പം പോയി. ഉച്ചയ്ക്ക് വീട്ടിൽ വരാനാണ് അദ്ദേഹം പറഞ്ഞിരുന്നത്. മദ്രാസിലെ ഒരു സ്റ്റുഡിയോയിലായിരുന്നു അന്ന് അദ്ദേഹത്തിന് ഷൂട്ടിംഗ്. ഇവരോട് സംസാരിക്കാനുള്ളത് കൊണ്ട് അദ്ദേഹം കൂടിക്കാഴ്ച വീട്ടിലാക്കി. വക്കീലും, ജമാലും,ബക്കറും ഹംസക്കോയയും ഒക്കെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം അഭിനയിച്ചു കൊണ്ടിരുന്ന അതേ വേഷത്തിലും മേക്അപ്പിലും കാറിൽ വന്നിറങ്ങിയത്, അദ്ദേഹം ഹാളിലേക്ക് പ്രവേശിച്ച ഉടനെ ബക്കറിനെ രൂക്ഷമായി നോക്കി. ബക്കർ ഭയന്ന് ചാടി എഴുന്നേറ്റു.

പെട്ടെന്ന് പൊട്ടിചിരിച്ചുകൊണ്ടു നസീർ സാർ പറഞ്ഞു :-

‘അപ്പൊ എന്റെ എക്സ്പ്രെഷൻ ബക്കറിനെ പേടിപ്പിച്ചു’ ?

എല്ലാവരും മുഖത്തോടു മുഖം നോക്കി.

‘പേടിക്കണ്ട , ഞാൻ വെറുതെ ഒരു തമാശ കാണിച്ചതാ ’

എല്ലാവരുടെയും മുഖത്ത് ആശ്വാസമായി.

‘എല്ലാവരും ഇരുന്നാട്ടെ’ അദ്ദേഹം പറഞ്ഞു. അവിടെ വെച്ചാണ് തന്റെ പ്രതിഫലത്തുകയിൽ നിന്ന് അൻപതിനായിരം കുറയ്ക്കാമെന്നു അദ്ദേഹം സ്വയം പറഞ്ഞത്. അവസാനം അതിൽ നിന്ന് വീണ്ടും കുറച്ചാണ് ബാക്കി തുക തിരിച്ചു നൽകിയത്.

അങ്ങിനെയാണ്‘ചാരം’ എന്ന സിനിമ ഉണ്ടായത്.

TAGS :

Next Story