ലക്ഷ്യം ചരിത്രം; ഒളിമ്പിക്സ് പുരുഷ ബാഡ്മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ
പാരിസ്: ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ ചരിത്രമെഴുതി ഇന്ത്യയുടെ ലക്ഷ്യ സെൻ. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ലക്ഷ്യ സെൻ മാറി. തീപാറിയ ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെ മലർത്തിയടിച്ചാണ് ലക്ഷ്യ സെൻ സെമിയിലേക്ക് കടന്നത്.
ഇഞ്ചോടിഞ്ച് പോരിൽ ആദ്യ സെറ്റ് 19-21ന് കൈവിട്ട ശേഷമാണ് ലക്ഷ്യ പൊരുതിക്കയറിയത്. രണ്ടാം സെറ്റിൽ 21-15നും മൂന്നാം സെറ്റിൽ 21-12നും വീറുറ്റ വിജയം നേടിയാണ് ലക്ഷ്യ ചരിത്രം കുറിച്ചത്. വനിത ബാഡ്മിൻറണിൽ പി.വി സിന്ധുവും സൈന നെഹ് വാളും മെഡൽ നേടിയിട്ടുണ്ടെങ്കിലും പുരുഷ ബാഡ്മിൻറണിൽ ഇന്ത്യക്കത് കിട്ടാക്കനിയാണ്.
നേരത്തേ ഹോക്കിയിൽ കരുത്തരായ ആസ്ട്രേലിയയെ ഇന്ത്യ മലർത്തിയടിച്ചിരുന്നു. നേരത്തേ ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യൻ സംഘം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസീസിനെ 3-2നാണ് തോൽപ്പിച്ചത്. വിജയത്തോടെ ബെൽജിയത്തിന് പിന്നിൽ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി. 1972ന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ഓസീസിനെ തോൽപ്പിക്കുന്നത് ഇതാദ്യമാണ്.
Adjust Story Font
16