ജർമ്മൻ ടീമിന് പിഴ ചുമത്തി ഫിഫ
മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിന് കളിക്കാരനെ അയക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഫിഫയുടെ ശിക്ഷാ നടപടി
ദോഹ: ജർമ്മൻ ടീമിന് പിഴയിട്ട് ഫിഫ. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിന് കളിക്കാരനെ അയക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഫിഫയുടെ ശിക്ഷാ നടപടി.10,000 സ്വിസ് ഫ്രാങ്കാണ് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) പിഴയായി ചുമത്തിയിരിക്കുന്നത്. സ്‌പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായിരുന്നു വാർത്താസമ്മേളനം.
പരിശീലകനൊപ്പം ഒരു കളിക്കാരനും പത്രസമ്മേളനത്തിൽ എത്തണമെന്നാണ് ചട്ടം. എന്നാൽ പരിശീലകൻ ഹാൻസി ഫ്‌ളിക് കളിക്കാരനെ അയച്ചില്ല. ഒറ്റക്കാണ് വന്നത്. സ്‌പെയിനിനെതിരായ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് കളിക്കാരനെ അയക്കാത്തതെന്നാണ് ഫ്‌ളിക് കാരണമായി പറഞ്ഞത്. നിലവിൽ ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് മത്സരത്തിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ ഒരുങ്ങുകയാണ് ജർമ്മനി.
നേരത്തെ ജപ്പാനെതിരായ മത്സരത്തിനിറങ്ങും മുമ്പ് വായ് മൂടി ജര്‍മന്‍ കളിക്കാര്‍ പ്രതിഷേധിച്ചിരുന്നു. മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ ജര്‍മന്‍ മന്ത്രി നാന്‍സി ഫേയ്സര്‍ മഴവില്‍ ആംബാന്‍ഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്.
ഗ്രൂപ്പ് ഇയിൽ ഏഴ് പോയിന്റുമായി സ്‌പെയിനാണ് മുന്നിൽ. ജപ്പാന് മൂന്നും ജർമ്മനിക്കും ഒരു പോയിന്റുമാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ജപ്പാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ജർമ്മനിക്ക് നോക്കൗണ്ട് ഉറപ്പിക്കണമെങ്കിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ ജയം മാത്രം പോര. ജപ്പാന് അടുത്ത മത്സരം തോൽക്കുകയും വേണം. സ്‌പെയിനെതിരെയാണ് ജപ്പാന് മത്സരമുള്ളത്. മികച്ച ഫോമിലുള്ള സ്‌പെയിനിലാണ് ആ മത്സരത്തിൽ ജർമ്മനിയുടെ പ്രതീക്ഷ.
അതേസമയം, ആദ്യ രണ്ട് ഗ്രൂപ്പുകളുടെ മത്സരം അവസാനിച്ചതോടെം പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ ലൈനപ്പായി.ഗ്രൂപ്പ് എയില്‍ നിന്ന് നെതര്‍ലാന്‍ഡും സെനഗലും യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും അമേരിക്കയുമാണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലിനെയും രണ്ടാം സ്ഥാനക്കാരായ അമേരിക്ക ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ നെതര്‍ലെന്‍ഡ്സിനെയും നേരിടും.
Summary- FIFA Fines Germany for Refusing to Send a Player in Pre-Match Press Conference
Adjust Story Font
16